ഗാള്‍വേ പള്ളിയില്‍ കഷ്ടാനുഭവ ആഴ്ച ശുശ്രൂഷകള്‍
Wednesday, March 25, 2015 5:46 AM IST
ഗാള്‍വേ (അയര്‍ലന്‍ഡ്): ഗാള്‍വേ സെന്റ് ജോര്‍ജ് സിറിയന്‍ ഓര്‍ത്തഡോക്സ് പള്ളിയില്‍ യേശുവിന്റെ പീഡാനുഭവങ്ങളെ അനുസ്മരിച്ചുകൊണ്ടു കഷ്ടാനുഭവ ആഴ്ച ശുശ്രൂഷകള്‍ മാര്‍ച്ച് 28 മുതല്‍ ഏപ്രില്‍ നാലു വരെ നടത്തുന്നു.

28ന് (ശനി) രാവിലെ 9.30നു യേശുവിന്റെ ജറുസലേം ദേവാലയത്തിലേക്കുള്ള യാത്രയെ അനുസ്മരിച്ചുകൊണ്ട് ഓശാനശുശ്രൂഷകള്‍ നടക്കും.

വാഴ്ത്തിയ കുരുത്തോലകളും ഏന്തി വിശ്വാസികള്‍ ശുശ്രൂഷയിലും വിശുദ്ധ കുര്‍ബാനയിലും സംബന്ധിക്കും.

ഏപ്രില്‍ ഒന്നിന് (ബുധന്‍) വൈകുന്നേരം ആറിനു യേശുവിന്റെ അന്ത്യഅത്താഴത്തെ അനുസ്മരിച്ചുകൊണ്ട് പെസഹ ശുശ്രൂഷകള്‍ നടക്കും. പെസഹ ശുശ്രൂഷകളെത്തുടര്‍ന്ന് പെസഹാ കുര്‍ബാനയും വിശുദ്ധ കുര്‍ബാനനുഭവവും ഉണ്ടായിരിക്കും. നോമ്പില്‍ ആണ്ടു കുമ്പസാരം നടത്തിയ എല്ലാവര്‍ക്കും അന്നേദിവസം വിശുദ്ധ കുര്‍ബാന അനുഭവിക്കാവുന്നതാണ്.

മൂന്നിന് (വെള്ളി) രാവിലെ ഒമ്പതിനു യേശുവിന്റെ കഷ്ടാനുഭവത്തെയും കുരിശുമരണത്തെയും കബറടക്കത്തെയും അനുസ്മരിച്ചുകൊണ്ടു ദീര്‍ഘമായ ദുഃഖവെള്ളി ശുശ്രൂഷകള്‍ നടക്കും. വൈകുന്നേരം സമാപിക്കുമ്പോള്‍ നാട്ടിലെ പതിവുപോലെ കയ്പുനീരും കഞ്ഞിയും നല്‍കും.

നാലിനു(ശനി) കര്‍ത്താവിന്റെ ഉയര്‍ത്തെഴുന്നെല്‍പ്പിനെ അനുസ്മരിച്ചുകൊണ്ടുള്ള ഉയിര്‍പ്പുശുശ്രൂഷകള്‍ വൈകുന്നേരം അഞ്ചിനു നടക്കും. ഉയിര്‍പ്പിന്റെ പ്രഖ്യാപനവും തുടര്‍ന്നുള്ള വിശുദ്ധ കുര്‍ബാനയും ഉയിര്‍പ്പു ശുശ്രൂഷകളുടെ പ്രത്യേകതകളാണ്. കഷ്ടാനുഭവ ആഴ്ച ശുശ്രൂഷകള്‍ക്ക് ഭദ്രാസന മെത്രാപ്പോലീത്ത യൂഹാനോന്‍ മോര്‍ മിലിത്തിയോസ്, ഫാ. സാജു പോട്ടയില്‍ (വൈദിക സെമിനാരി, വെട്ടിക്കല്‍,മുളന്തുരുത്തി), ഫാ. ജോബിമോന്‍ സ്കറിയ (വികാരി ഡബ്ളിന്‍ സെന്റ് ഗ്രിഗോറിയോസ് പള്ളി), ഇടവക വികാരി ഫാ. ബിജു പാറേക്കാട്ടില്‍ എന്നിവര്‍ നേതൃത്വം നല്‍കും. ശുശ്രൂഷകള്‍ ക്ളാരിന്‍ബ്രിഡ്ജ് പള്ളി പാരിഷ് ഹാളില്‍ നടക്കുമെന്നു ട്രസ്റി വിനോദ് ജോര്‍ജ് അറിയിച്ചു.

റിപ്പോര്‍ട്ട്: നോബി സി. മാത്യു