വിമാനാപകടം ; ജര്‍മനിക്കു കറുത്ത ദിനം
Tuesday, March 24, 2015 8:15 AM IST
ബര്‍ലിന്‍: ലുഫ്ത്താന്‍സായുടെ സബ്സിഡിയറി കമ്പനിയായ ജര്‍മന്‍ വിംഗ്സിന്റെ യാത്രാവിമാനത്തിനുണ്ടായ അപകടം ജര്‍മനിയെ കണ്ണീരിലാഴ്ത്തി. 144 യാത്രക്കാരും ആറു ജോലിക്കാരും ഉള്‍പ്പടെ 150 പേരാണ് അപകടത്തില്‍ മരിച്ചത്.

തെക്കന്‍ ഫ്രാന്‍സില്‍ ആല്‍പ്സിന്റെ മുകളില്‍ തകര്‍ന്നു വീണ വിമാനത്തിലുണ്ടായിരുന്ന ആരും രക്ഷപെട്ടില്ല. ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്വ ഒളാന്ദ് ഇതു സംബന്ധിച്ച സ്ഥിരീകരണം നടത്തി. ജര്‍മന്‍ വിദേശകാര്യമന്ത്രി ഫ്രാങ്ക് വാള്‍ട്ടര്‍ സ്റൈന്‍മയര്‍, ഉപചാന്‍സലര്‍ സീഗ്മാര്‍ ഗാബ്രിയേല്‍, ഗതാഗത മന്ത്രി ഡോബ്റിന്റ് എന്നിവര്‍ പാരീസില്‍ എത്തിച്ചേര്‍ന്നു. ജര്‍മന്‍ ചാന്‍സലര്‍ അംഗലാ മെര്‍ക്കല്‍ നാളെ പാരീസിലെത്തും. സംഭവത്തില്‍ മെര്‍ക്കല്‍ അഗാധദുഃഖം രേഖപ്പെടുത്തി. സംഭവം തന്നെ നടുക്കിയതായി അവര്‍ അറിയിച്ചു. സംഭവത്തില്‍ കൊളോണ്‍ കര്‍ദ്ദിനാള്‍ റൈനര്‍ മരിയ വോള്‍ക്കി അനുശോചിച്ചു.

ലോ കോസ്റ് ബജറ്റ് സര്‍സീസ് നടത്തുന്ന ജര്‍മന്‍ വിംഗ്വിന്റെ 24 കൊല്ലം പഴക്കമുള്ള എയര്‍ബസ് എ 320 ഇനത്തില്‍പ്പെട്ട വിമാനമാണ് അപകടത്തില്‍പ്പെട്ടത്. അപകടകാരണം ഇതുവരെ വ്യക്തമല്ല. മോശം കാലാവസ്ഥയായിരുന്നില്ല എന്നാണു മാധ്യമ റിപ്പോര്‍ട്ടുകള്‍.

ചൊവ്വാഴ്ച രാവിലെ ബാഴ്സിലോണയില്‍നിന്നു ജര്‍മനിയിലെ ഡ്യൂസല്‍ഡോര്‍ഫിലേയ്ക്ക് പറന്ന വിമാനമാണ് അപകടത്തില്‍ തകര്‍ന്നു വീണത്. യാത്രക്കാരില്‍ 67 പേര്‍ ജര്‍മന്‍ പൌരന്മാരാണ്. യാത്രക്കാരില്‍ 15 ജര്‍മന്‍ സെക്കന്‍ഡറി സ്കൂള്‍ കുട്ടികളും ഉണ്ടായിരുന്നതായി റിപ്പോര്‍ട്ടുണ്ട്. അവര്‍ സ്പെയിനിലെ കാറ്റലോണിയില്‍ സ്കൂള്‍ എക്സ്ചേഞ്ച് പരിപാടിയില്‍ പങ്കെടുത്തു മടങ്ങുകയായിരുന്നു. ഡ്യൂസല്‍ഡോര്‍ഫ് വിമാനത്താവളത്തില്‍ കണ്‍ട്രോള്‍റൂം പ്രവര്‍ത്തിക്കുന്നുണ്ട്. സംഭവത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങളെയും ബന്ധുക്കളെയും സാന്ത്വനം നല്‍കാനായി ഒരു പ്രത്യേക വിഭാഗംതന്നെ സജ്ജമാക്കിയിട്ടുണ്ട്. സംഭവത്തെത്തുടര്‍ന്ന് ജര്‍മന്‍ വിംഗ്സിന്റെ ഡ്യൂസല്‍ഡോര്‍ഫ് സൂറിച്ച് സര്‍വീസ് താത്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍