ജര്‍മന്‍ സമ്പദ്വ്യവസ്ഥ കുതിപ്പിനൊരുങ്ങുന്നു; ഒപ്പം ആശങ്കയും ശക്തം
Tuesday, March 24, 2015 8:14 AM IST
ബര്‍ലിന്‍: ജര്‍മന്‍ സമ്പദ് വ്യവസ്ഥ വലിയൊരു കുതിപ്പിനു തയാറെടുക്കുകയാണെന്ന് ഇന്‍സ്റിറ്റ്യൂട്ട് ഫോര്‍ വേള്‍ഡ് ഇക്കണോമിക്സിന്റെ പ്രവചനം. അതേസമയം, യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്കിന്റെ സാമ്പത്തിക നയം ജര്‍മന്‍ സമ്പദ് വ്യവസ്ഥയില്‍ പ്രതികൂല ഫലം ഉളവാക്കുമെന്നും മുന്നറിയിപ്പ്.

അടുത്ത നാലു വര്‍ഷത്തേക്കാണു ജര്‍മനിയില്‍ അതിശക്തമായ വളര്‍ച്ച പ്രവചിക്കപ്പെടുന്നത്. എന്നാല്‍, തൊഴില്‍ വിപണിക്കു സഹായകമാകുന്ന തരത്തിലായിരിക്കില്ല ഈ വളര്‍ച്ചയെന്നും പ്രവചനത്തില്‍ പറയുന്നു.

സമ്പദ് വ്യവസ്ഥയിലെ കുതിപ്പ് ആഘോഷത്തിനുള്ള അവസരമായിരിക്കില്ല. പല വെല്ലുവിളികളും നേരിടാന്‍ സജ്ജമായിരിക്കണം. ആശങ്കയ്ക്കുകൂടി അടിസ്ഥാനം നല്‍കുന്ന ഇക്കണോമിക് ബൂമാണു വരാനിരിക്കുന്നതെന്നും വിലയിരുത്തല്‍.

സമ്പദ് വ്യവസ്ഥയുടെ സ്ഥിരതയാണു പ്രധാന പരിഗണനയെങ്കില്‍, പരിധിയില്‍ കവിഞ്ഞ ബൂം സാമ്പത്തികമാന്ദ്യത്തിനു തുല്യമായ ഫലമാണ് ഉളവാക്കുക എന്നും മുന്നറിയിപ്പു നല്‍കുന്നു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍