മൂന്നാം ടേമില്‍ അങ്കത്തിനില്ലെന്ന് ഡേവിഡ് കാമറൂണ്‍
Tuesday, March 24, 2015 8:14 AM IST
ലണ്ടന്‍: ബ്രിട്ടീഷ് തെരഞ്ഞെടുപ്പു നടക്കാന്‍ ആറര ആഴ്ചയാണ് ബാക്കി. ആദ്യ ടേം പൂര്‍ത്തിയാക്കുന്ന പ്രധാനമന്ത്രി ഡേവിഡ് കാമറൂണിനു പക്ഷേ രണ്ടാം ടേമിനെക്കുറിച്ചല്ല, മൂന്നാം ടേമിനെക്കുറിച്ചാണ് ഇപ്പോഴേ ചിന്ത.

മൂന്നാം വട്ടം പ്രധാനമന്ത്രിയാകാന്‍ തനിക്കു താത്പര്യമില്ലെന്നാണ് അദ്ദേഹം പ്രഖ്യാപിച്ചിരിക്കുന്നത്. രണ്ട് ടേമുകളില്‍ പ്രധാനമന്ത്രിയായിരിക്കാന്‍ കഴിഞ്ഞാല്‍ നല്ലതാണ്. എന്നാല്‍, മൂന്നാമതൊരു വട്ടം അധികമായിരിക്കും- അദ്ദേഹം വിശദീകരിക്കുന്നു.

കണ്‍സര്‍വേറ്റീവ് പാര്‍ട്ടി മേധാവിത്വത്തിലും പ്രധാനമന്ത്രിക്കസേരയിലും തന്റെ പിന്‍ഗാമിയായി മൂന്നു പേരുകളാണ് അദ്ദേഹം മുന്നോട്ടുവയ്ക്കുന്നത്- ഇപ്പോഴത്തെ ഹോം സെക്രട്ടറി തെരേസ മേ, ചാന്‍സലര്‍ ജോര്‍ജ് ഓസ്ബോണ്‍, ലണ്ടന്‍ മേയര്‍ ബോറിസ് ജോണ്‍സണ്‍ എന്നിവര്‍.

ഡേവിഡ് കാമറൂണും കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയും ബ്രിട്ടനില്‍ അധികാരം നിലനിര്‍ത്തുമോ എന്ന് അഭിപ്രായ സര്‍വേകളിലൊന്നും വ്യക്തമല്ല. തൂക്കു പാര്‍ലമെന്റാണ് മിക്ക സര്‍വേകളിലും പ്രവചിക്കപ്പെടുന്നത്. ഇപ്പോള്‍ ഭരണ പങ്കാളികളായ സോഷ്യല്‍ ഡെമോക്രാറ്റുകള്‍ അടുത്ത ടേമില്‍ ആരെ പിന്തുണയ്ക്കും എന്നതിനെ ആശ്രയിച്ചിരിക്കും സര്‍ക്കാര്‍ രൂപവത്കരണം എന്നാണു കരുതുന്നത്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍