മെര്‍ക്കല്‍-സിപ്രാസ് ചര്‍ച്ച തുടക്കം മാത്രം
Tuesday, March 24, 2015 8:13 AM IST
ബര്‍ലിന്‍: ഗ്രീക്ക് പ്രധാനമന്ത്രി അലക്സി സിപ്രാസ് ബര്‍ലിനില്‍ ജര്‍മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കലുമായി കൂടിക്കാഴ്ച നടത്തി. ഒരു മണിക്കൂറോളം ദീര്‍ഘിച്ച ചര്‍ച്ചയെ പോസിറ്റീവ് എന്നാണു സിപ്രാസ് വിശേഷിപ്പിച്ചത്.

അതേസമയം, കടക്കെണിയും അതിന്റെ പരിഹാരവും സബന്ധിച്ച് ഗ്രീസും യൂറോപ്യന്‍ യൂണിയനും തമ്മില്‍ തുടരുന്ന അഭിപ്രായവ്യത്യാസങ്ങളില്‍ മാറ്റമൊന്നും കാണാനില്ല. ഇക്കാര്യത്തില്‍ ഇനിയും ഏറെ ദൂരം മുന്നോട്ടു പോകാനുള്ളതായാണ് ഇരു നേതാക്കളും നല്‍കുന്ന സൂചന.

ആഴ്ചകളായി തുടരുന്ന സംഘര്‍ഷത്തിന് അല്പം അയവുവരുത്താന്‍ ഒരു മണിക്കൂര്‍ ചര്‍ച്ചയില്‍ സാധിച്ചെന്നാണു നിരീക്ഷകരുടെ വിലയിരുത്തല്‍.

ഗ്രീസിനെ യൂറോപ്പു കൂടുതല്‍ മനസിലാക്കണമെന്നാണു സിപ്രാസ് ആവശ്യപ്പെടുന്നത്. ഗ്രീസിനെ സാമ്പത്തികമായി കൂടുതല്‍ മികച്ച നിലയില്‍ കാണാനാണ് യൂറോപ്പ് ആഗ്രഹിക്കുന്നതെന്നു മെര്‍ക്കലും പറഞ്ഞു. സിപ്രാസിന്റെ സന്ദര്‍ശനത്തില്‍ പ്രതിഷേധിച്ചു ബര്‍ലിനില്‍ പ്രതിഷേധവും നടന്നു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍