ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുമായി ഹൂസ്റണ്‍ ഇമ്മാനുവല്‍ മാര്‍ത്തോമ യൂത്ത് ഫെലോഷിപ്പ്
Tuesday, March 24, 2015 5:48 AM IST
ഹൂസ്റണ്‍: സേവനം മുഖമുദ്രയാക്കി പ്രവര്‍ത്ത പന്ഥാവില്‍ പ്രയാണം ചെയ്യുന്ന ഹൂസ്റണ്‍ ഇമ്മാനുവല്‍ മാര്‍ത്തോമ യൂത്ത് ഫെലോഷിപ്പിന്റെ ജീവകാരുണ്യ പ്രവര്‍ത്തനത്തില്‍ വീണ്ടും മാതൃകാപരമായ ചുവടുവയ്പ്.

ജീവകാരുണ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സന്നദ്ധസംഘടനയായ സെക്കന്‍ഡ് മൈലിന്റെ സഹകരണത്തോടെ അശരണര്‍ക്കുള്ള സൌജന്യ ഭക്ഷണ വിതരണത്തിനു യൂത്ത് ഫെലോഷിപ്പ് നേതൃത്വം നല്‍കി.

മാര്‍ച്ച് 21നു(ശനി) ഓക്ക്ലേക് ബാപ്റ്റിസ് ദേവാലയത്തില്‍ സംഘടിപ്പിച്ച ചടങ്ങില്‍ നിര്‍ധനരായ നൂറു കണക്കിനാളുകള്‍ക്കുള്ള ഭക്ഷണപൊതികള്‍ തയാറാക്കുകയും അവ വിതരണം ചെയ്യാനുള്ള ക്രമീകരണങ്ങള്‍ നടത്തുകയും ചെയ്തു. പ്രാദേശിക ജീവകാരുണ്യ പ്രവര്‍ത്തനത്തില്‍ നോര്‍ത്ത് അമേരിക്കന്‍ മാര്‍ത്തോമ ഭദ്രാസനം നല്‍കുന്ന പ്രോത്സാഹനം സഭയിലെ വിവിധ സംഘടനകള്‍ ഇപ്രകാരം ഏറ്റെടുത്തു നടത്തുന്നത് അഭിനന്ദനാര്‍ഹമാണ്. യൂത്ത് ഗ്രൂപ്പിന്റെ വിജയകരമായ പ്രവര്‍ത്തനങ്ങള്‍ക്കു പാസ്റര്‍ പോള്‍ ഗുബര്‍ട്ട്, സിനി ജേക്കബ്, ജയ്സണ്‍ വര്‍ഗീസ്, അരുണ്‍ വര്‍ഗീസ്, ജയ്സി ജോണ്‍, ജന്നിഫര്‍ സഖറിയ തുടങ്ങി യൂത്ത് ഫെലോഷിപ്പ് നേതാക്കളായ ഇരുപത്തഞ്ചോളം പേര്‍ നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: ബെന്നി പരിമണം