നാരായണന്റെ കാര്യത്തില്‍ എംബസി ഇടപെടുന്നു
Tuesday, March 24, 2015 5:42 AM IST
റിയാദ്: അഞ്ചു വര്‍ഷത്തെ ജയില്‍വാസത്തിനൊടുവില്‍ ഒരു സ്വപ്നത്തിലെന്ന പോലെ മോചിതനായ മലപ്പുറം പൊന്നാനി സ്വദേശി മങ്ങാരത്ത് നാരായണനെ (55) ഉടനെ നാട്ടിലേക്ക് അയയ്ക്കാന്‍ വേണ്ടതു ചെയ്യാമെന്ന് ഇന്ത്യന്‍ എംബസി വെല്‍ഫെയര്‍ വിഭാഗം ഉദ്യോഗസ്ഥര്‍ സാമൂഹ്യപ്രവര്‍ത്തകര്‍ക്ക് ഉറപ്പു നല്‍കി.

ഇവിടെ കഴിയാന്‍ താത്കാലികമായി രേഖ നല്‍കിയ എംബസി നാരായണന് ഉടനെ എമര്‍ജന്‍സി പാസ്പോര്‍ട്ട് (ഇസി) നല്‍കും. കഴിഞ്ഞ ദിവസം നാരായണനെ മോചിപ്പിച്ച മലസ് പോലീസ് സ്റ്റേഷനിലും അഞ്ചു വര്‍ഷം കഴിഞ്ഞ മലസ് ജയിലിലും എംബസി ഉദ്യോഗസ്ഥര്‍ പോയി നിജസ്ഥിതി അന്വേഷിക്കാമെന്നും സാമൂഹ്യക്ഷേമ വിഭാഗം ഉദ്യോഗസ്ഥര്‍ ഉറപ്പു നല്‍കിയതായി സാമൂഹ്യപ്രവര്‍ത്തകര്‍ അറിയിച്ചു.

തിങ്കളാഴ്ച നാരായണനെ സാമൂഹ്യപ്രവര്‍ത്തകനായ ദീപക്കിന്റെ നേതൃത്വത്തില്‍ ഇന്ത്യന്‍ എംബസിയില്‍ ഹാജരാക്കിയിരുന്നു.

2010 സെപ്റ്റംബറിലാണു ജോലി ചെയ്ത സര്‍വീസിന്റെ സ്റേഷനില്‍നിന്നു സ്വദേശിയുടെ കാര്‍ കളവു പോയതുമായി ബന്ധപ്പെട്ട് നാരായണന്‍ പോലീസ് പിടിയിലാകുന്നത്. കോടതിയില്‍നിന്നു പ്രതികൂല വിധി വന്നതിനെത്തുടര്‍ന്ന് നാരായണന്‍ മലസ് ജയിലിലാവുകയായിരുന്നു. ബന്ധുക്കളും സാമൂഹ്യ പ്രവര്‍ത്തകരും അധികാര കേന്ദ്രങ്ങളിലെല്ലാം പലതവണ മുട്ടിയെങ്കിലും മോചനം നീണ്ടു പോയി. സ്പോണ്‍സറുടെ മരണത്തെത്തുടര്‍ന്നു വര്‍ഷങ്ങളായി പാസ്പോര്‍ട്ടോ ഇഖാമയോ ഇല്ലാതിരുന്ന നാരായണന്‍ കഴിഞ്ഞ ദിവസം ജയില്‍ മോചിതനായെങ്കിലും നാട്ടില്‍ പോകാന്‍ വഴി കാണാതെ അഭയം നല്‍കിയ കോഴിക്കോട് സ്വദേശി മുഹമ്മദ് കോയയുടെ റൂമില്‍ കഴിയുകയാണ്.

നാരായണന്റെ അവസ്ഥ മാധ്യമങ്ങളിലൂടെ അറിഞ്ഞ നിരവധി പേരാണ് സഹായഹസ്തവുമായി വിളിക്കുകയും നേരില്‍ കാണാനെത്തുകയും ചെയ്യുന്നതെന്നു മുഹമ്മദ് കോയ പറഞ്ഞു. നാരായണന് നാട്ടില്‍ പോകുന്നതിനുള്ള രേഖകള്‍ ശരിയാക്കുന്നതിനും സാമ്പത്തികസഹായം നല്‍കുന്നതിനും സംഘടനകളും വ്യക്തികളും തയാറായി വരുന്നുണ്ട്. കഴിഞ്ഞ ദിവസം നാരായണനെ സന്ദര്‍ശിച്ച സാമൂഹ്യപ്രവര്‍ത്തകനായ ആര്‍. മുരളീധരന്‍ രേഖാമൂലം ഇന്ത്യന്‍ എംബസിയില്‍ പരാതി നല്‍കിയിട്ടുണ്ട്.

നാരായണന്‍ ഏതു രീതിയിലാണു മോചിതനായതെന്നു ജയിലധികൃതരില്‍ നിന്നു വിശദീകരണം ലഭിച്ചാലുടനെ രേഖകള്‍ ശരിയാക്കി അദ്ദേഹത്തെ നാട്ടിലയക്കുമെന്ന് എംബസി വെല്‍ഫെയര്‍ വിഭാഗം തലവന്‍ മനോജ്കുമാര്‍ പറഞ്ഞു. അഞ്ചു വര്‍ഷത്തെ ജയില്‍ ജീവിതം മാനസികമായി തളര്‍ത്തിയ നാരായണന്‍ എംബസിയില്‍നിന്നു സാമൂഹ്യപ്രവര്‍ത്തകരില്‍നിന്നു ലഭിക്കുന്ന മാനസിക പിന്തുണയാല്‍ ആത്മവിശ്വാസം വീണ്െടടുത്തു വരുന്നു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍