ഡബ്ള്യുഎംസി ന്യൂജേഴ്സി പ്രോവിന്‍സിന്റെ ഭാരവാഹികള്‍ അധികാരമേറ്റു
Sunday, March 22, 2015 7:03 AM IST
ന്യൂജേഴ്സി: വേള്‍ഡ് മലയാളി കൌണ്‍സില്‍ (ഡബ്ള്യുഎംസി) ന്യൂജേഴ്സി പ്രോവിന്‍സിന്റെ 2015-17 ലേക്കുള്ള പുതിയ ഭാരവാഹികള്‍ കഴിഞ്ഞദിവസം ചേര്‍ന്ന എക്സിക്യൂട്ടീവ് കൌണ്‍സില്‍ യോഗത്തില്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.

ചെയര്‍മാന്‍ തോമസ് വി. ജേക്കബ് അധ്യക്ഷത വഹിച്ച യോഗത്തില്‍ മുന്‍ ഗ്ളോബല്‍ ചെയര്‍മാനും അഡ്വൈസറി ബോര്‍ഡ് മെംബറുമായ ഡോ. ജോര്‍ജ് ജേക്കബ് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

ഡോ. ഗോപിനാഥന്‍ നായര്‍ (വൈസ് ചെയര്‍മാന്‍), തങ്കമണി അരവിന്ദന്‍ (പ്രസിഡന്റ്), വൈസ് പ്രസിഡന്റുമാരായ സുധീര്‍ നമ്പ്യാര്‍, സോഫി വില്‍സന്‍, ഡോ. എലിസബത്ത് മാമ്മന്‍ പ്രസാദ്, അനില്‍ പുത്തന്‍ചിറ (ജനറല്‍ സെക്രട്ടറി), ജിനേഷ് തമ്പി (ജോയിന്റ് സെക്രട്ടറി), ഫിലിപ്പ് മാരേട്ട് (ട്രഷറര്‍), റോയ് മാത്യു (എക്സിക്യൂട്ടീവ് കൌണ്‍സില്‍ മെംബര്‍) എന്നിവര്‍ പുതിയ ഭാരവാഹികളായി ചുമതലയേറ്റു.

1995 ല്‍ സ്ഥാപിതമായ ലോക മലയാളി കൌണ്‍സില്‍ 2015 ജൂണില്‍ 20-ാമത് വാര്‍ഷികം ആഘോഷിക്കുകയാണ്. ഈ അവസരത്തില്‍ മലയാളി സമൂഹത്തിനും പ്രത്യേകിച്ച് നമ്മുടെ വളര്‍ന്നുവരുന്ന പുതിയ തലമുറയുടെയും സ്ത്രീകളുടെയും ക്ഷേമത്തെ മുന്‍നിര്‍ത്തി ഒട്ടനവധി കലാ-സാംസ്കാരിക പരിപാടികള്‍ നടത്തുന്നതിനും യോഗം തീരുമാനിച്ചു.

തോമസ് വി. ജേക്കബിന്റെ സ്വാഗത പ്രസംഗത്തെതുടര്‍ന്ന് സമൂഹത്തിനു ഗുണകരമായ പരിപാടികള്‍ ന്യൂജേഴ്സിയിലുള്ള മറ്റു മലയാളി സംഘടനകളെകൂടി ഉള്‍പ്പെടുത്തി സംഘടിപ്പിക്കുമെന്ന് പ്രസിഡന്റ് തങ്കമണി അരവിന്ദന്‍ പ്രസ്താവിച്ചു. അമേരിക്കയില്‍ വളര്‍ന്നുവരുന്ന നമ്മുടെ പുതിയ തലമുറ ഉത്തമപൌരന്മാരായി വളര്‍ന്നുവരേണ്ടതിന്റെ ആവശ്യകത എടുത്തുപറഞ്ഞ തങ്കമണി, പ്രവാസി മലയാളികളുടെ നന്മയ്ക്കും ക്ഷേമത്തിനും വേണ്ടി വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന സാംസ്കാരിക നേതാക്കളോട് ഡബ്ള്യുഎംസിയുമായി ചേര്‍ന്നു പ്രവര്‍ത്തിക്കണമെന്നും അംഗത്വം എടുക്കണമെന്നും അഭ്യര്‍ഥിച്ചു.

20-ാമത് വാര്‍ഷികത്തോടനുബന്ധിച്ച് പുതിയ തലമുറയ്ക്കുവേണ്ടി പ്രത്യേകിച്ചും ഹൈസ്കൂള്‍, കോളജ് കുട്ടികള്‍ക്കായി പ്രത്യേകം സെമിനാറുകളും വര്‍ക്ഷോപ്പുകളും നടത്തുന്നതി}ു സമൂഹത്തിലെ പ്രശസ്തരായ പ്രഫസര്‍മാരുടെ സേവനം ലഭ്യമാക്കണമെന്നു മുന്‍ ഗ്ളോബല്‍ പ്രസിഡന്റ് അലക്സ് വിളനിലം കോശി പറഞ്ഞു.

തോമസ് മൊട്ടയ്ക്കല്‍ മാതൃക പൌരന്മാരെ വാര്‍ത്തെടുക്കുന്നതില്‍ സംഘടനക്കുള്ള ഉത്തരവാദിത്വം പ്രത്യേകം എടുത്തു പറഞ്ഞു. ഡോ. ജോര്‍ജ് ജേക്കബ് ആരോഗ്യ സെമിനാറുകള്‍ സംഘടിപ്പിക്കേണ്ട ആവശ്യത്തെപ്പറ്റിയും ഡോ. എലിസബത്ത് മാമ്മന്‍ പ്രസാദ് ലോക മലയാളി കൌണ്‍സില്‍ കാലത്തിന്റെ പ്രതീക്ഷയ്ക്കൊത്തുയരേണ്ട ബാധ്യതയെപ്പറ്റിയും പരാമര്‍ശിച്ചു. രുഗ്മിണി പത്മകുമാര്‍ ആഗോളവത്കരണത്തെപറ്റി സംസാരിച്ചപ്പോള്‍, ഡോ. ഗോപിനാഥന്‍ നായര്‍ മലയാളി സമൂഹത്തിനു ലോക മലയാളി കൌണ്‍സില്‍ നല്‍കേണ്ട സംഭാവനകളെ പറ്റി വിശദമായി സംസാരിച്ചു. ഷീലാ ശ്രീകുമാര്‍ എല്ലാവിധ പിന്തുണയും സംഘടനക്ക് പ്രഖ്യാപിച്ചു. എക്സിക്യൂട്ടീവ് കൌണ്‍സില്‍ അഗംങ്ങളായ സുധീര്‍ നമ്പ്യാര്‍, സോഫി വില്‍സന്‍, അനില്‍ പുത്തന്‍ചിറ, ജിനേഷ് തമ്പി, ഫിലിപ്പ് മാരേട്ട്, റോയ് മാത്യു എന്നിവരും യോഗത്തില്‍ സംസാരിച്ചു. സെക്രട്ടറി എല്ലാവര്‍ക്കും നന്ദി പറഞ്ഞു.