കുവൈറ്റ് സര്‍ക്കാരും നഴ്സുമാരുടെ നിയമനം നേരിട്ടു നടത്താന്‍ സന്നദ്ധത പ്രകടിപ്പിച്ചു
Saturday, March 21, 2015 8:29 AM IST
കുവൈറ്റ് : നഴ്സിംഗ് റിക്രൂട്ട്മെന്റുമായി ബന്ധപ്പെട്ട് സ്വകാര്യ ഏജന്‍സികളെ ഒഴിവാക്കി നേരിട്ടു നിയമിക്കുവാന്‍ കുവൈറ്റ് ആരോഗ്യ മന്ത്രാലയവും തയാറാടുക്കുന്നു.

കഴിഞ്ഞ ദിവസമാണ് ഇന്ത്യയില്‍നിന്ന് വിദേശത്തേക്കുള്ള നഴ്സിംഗ് റിക്രൂട്ട്മെന്റ് സര്‍ക്കാര്‍ ഏജന്‍സി വഴിയാക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനമെടുത്തത്. ഇരു സര്‍ക്കാരുകളും സ്വകാര്യ ഏജന്‍സികളെ ഒഴിവാക്കി നഴ്സുമാരുമായി നേരിട്ട് കരാറില്‍ ഒപ്പുവയ്ക്കുവാന്‍ സന്നദ്ധത പ്രകടിപ്പിച്ചത് പ്രതീക്ഷയോടയാണ് ഈ മേഖലയിലുള്ളവര്‍ നോക്കി കാണുന്നത്. നഴ്സിംഗ് ജോലി ഒഴിവിന്റെ പേരില്‍ നിരന്തരം തട്ടിപ്പുകള്‍ നടത്തി വന്‍തുക തട്ടുന്ന ഇന്ത്യയിലെയും കുവൈറ്റിലെയും റിക്രൂട്ടിംഗ് ഏജന്‍സികളുടെ പിടിയില്‍നിന്നുള്ള മോചനത്തിനാകും ഈ തീരുമാനം വഴിവയ്ക്കുക.

കുവൈറ്റില്‍ നഴ്സിംഗ് ജോലിക്ക് ആരോഗ്യ മന്ത്രാലയത്തിന്റെ ടെസ്റ് പാസായി ലൈസന്‍സ് ലഭിക്കാന്‍ കുറഞ്ഞ ചെലവേയുള്ളൂവെങ്കിലും ഒരു ഉദ്യോഗാര്‍ഥിയില്‍നിന്ന് 20-25 ലക്ഷം രൂപ വരെ ഇരുരാജ്യങ്ങളിലെയും റിക്രൂട്ട്മെന്റ് ഏജന്‍സികള്‍ ഈടാക്കുന്നു. ഇതുസംബന്ധിച്ച് വ്യാപക പരാതികള്‍ ഉയര്‍ന്നതിനെ തുടര്‍ന്ന് ഇന്ത്യന്‍ എംബസിയും സംസ്ഥാന സര്‍ക്കാരും സമ്മര്‍ദം ചെലുത്തിയതിന്റെ ഫലമായാണ് ഇന്ത്യയില്‍നിന്ന് വിദേശത്തേക്കുള്ള നഴ്സിംഗ് റിക്രൂട്ട്മെന്റ് സര്‍ക്കാര്‍ ഏജന്‍സി വഴിയാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചത്. ഇതുപ്രകാരം ഏപ്രില്‍ 30 മുതല്‍ വിദേശ രാജ്യങ്ങളിലേക്കുള്ള നഴ്സിംഗ് റിക്രൂട്ട്മെന്റ് സര്‍ക്കാര്‍ ഏജന്‍സി വഴി മാത്രമായിരിക്കും. കേരളത്തില്‍ നോര്‍ക്ക റൂട്ട്സിനും ഓവര്‍സീസ് ഡെവലപ്മെന്റ് ആന്‍ഡ് എംപ്ളോയ്മെന്റ് പ്രമോഷന്‍ കണ്‍സള്‍ട്ടന്റ്സിനും (ഒഡിഇപിസി) ആയിരിക്കും റിക്രൂട്ടിംഗ് ചുമതല.

ഏജന്‍സികളെ ഒഴിവാക്കി നഴ്സുമാരുമായി നേരിട്ട് കരാര്‍ ഒപ്പുവയ്ക്കാനുള്ള കുവൈറ്റ് ആരോഗ്യ മന്ത്രാലയത്തിന്റെ തീരുമാനം കൂടി പ്രാബല്യത്തിലായാല്‍ നഴ്സിംഗ് മേഖലക്ക് വന്‍നേട്ടമാവും.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍