ഇഎംഎസ്-എകെജി അനുസ്മരണം: ജനകീയ താല്പര്യങ്ങള്‍ സംരക്ഷിക്കാനുള്ള പോരാട്ടങ്ങളില്‍ പങ്കുചേരുക : കേളി
Saturday, March 21, 2015 6:40 AM IST
റിയാദ്: അഴിമതിയും വര്‍ഗീയതയും അടക്കം രാജ്യം ഇന്നു നേരിടുന്ന വെല്ലുവിളികളെ ജനകീയ താല്‍പര്യങ്ങള്‍ക്കനുസൃതമായി ഇടതുപക്ഷ ജനാധിപത്യ മതേതര ശക്തികളുടെ കൂട്ടായ്മയിലൂടെ ഫലപ്രദമായി നേരിട്ട് പരാജയപ്പെടുത്താനുള്ള പോരാട്ടങ്ങളില്‍ പങ്കുചേരണമെന്ന് പ്രവാസി മലയാളികളോടും അവരുടെ കുടുബങ്ങളോടും റിയാദ് കേളി കലാ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തില്‍ നടന്ന ഇഎംഎസ് -എകെജി അ്സ്മരണ യോഗത്തില്‍ അവതരിപ്പിച്ച അനുസ്മരണ പ്രമേയത്തില്‍ അഭ്യര്‍ഥിച്ചു.

ജനങ്ങള്‍ക്കു ദുരിതം മാത്രം സംഭാവന ചെയ്യുന്ന ഇന്ത്യന്‍ ഭരണവര്‍ഗങ്ങളുടെ നയങ്ങള്‍ക്കെതിരെ നിരന്തരം പൊരുതിയ ഇഎംഎസിന്റെയും എകെജിയുടേയും ഓര്‍മകളില്‍ നിന്ന് ആവേശം ഉള്‍ക്കൊണ്ട് ജനങ്ങള്‍ക്ക് ആശ്വാസകരമായ ബദലുകള്‍ രൂപപ്പെടുത്തുന്നതിലും ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ അണിനിരക്കാന്‍ കൂടുതല്‍ ജാഗ്രതയോടെ ഇടപെടേണ്ട കാലം കൂടിയാണിത്. നവ ലിബറല്‍ നയങ്ങളുടെ കാര്യത്തിലും അഴിമതിയുടെ കാര്യത്തിലും കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ കാര്യമായ ഒരു വ്യത്യാസവുമില്ല. ഇതിനു പുറമെ കടുത്ത ഹിന്ദുത്വ അജണ്ട പിന്തുടര്‍ന്ന് രാജ്യത്ത് വര്‍ഗീയ ധ്രുവീകരണം മൂര്‍ഛിപ്പിക്കുന്നതിനുള്ള ശ്രമവും ബിജെപി സംഘപരിവാര്‍ ശക്തികള്‍ നടത്തുന്നു. കേരളത്തില്‍ അധികാരത്തിലിരിക്കുന്ന യുഡിഎഫ് സര്‍ക്കാരും ഇതേ നയങ്ങള്‍ തന്നെയാണ് നടപ്പാക്കുന്നത്. ഇഎംഎസിന്റെയും എകെജിയുടേയും സ്മരണ ഇത്തരം ജനവിരുദ്ധ നയങ്ങള്‍ക്കെതിരെയുള്ള പോരാട്ടങ്ങള്‍ക്ക് കരുത്തുപകരുമെന്ന് അ്സ്മരണ യോഗത്തില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു. പ്രവാസികളെ, പ്രത്യേകിച്ച് ഗള്‍ഫ് മേഖലയിലുള്ളവരെ കേവലം കറവപശുക്കളായിട്ടാണ് കേന്ദ്ര-കേരള സര്‍ക്കാരുകള്‍ കണക്കാക്കുന്നത്. പല കാരണങ്ങള്‍ കൊണ്ടും നാട്ടില്‍ തിരിച്ചെത്തുന്ന പ്രവാസികള്‍ക്ക് സമഗ്രമായ ഒരു പുനരധിവാസ പദ്ധതി നടപ്പാക്കുന്നതിന് നാളിതുവരെ ചെറുവിരല്‍ പോലും അനക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തയാറായിട്ടില്ലെന്നും അനുസ്മരണ പരിപാടിയില്‍ പങ്കെടുത്തവര്‍ കുറ്റപ്പെടുത്തി. 

റിയാദ് ബത്ത പാരഗണ്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച അനുസ്മരണ യോഗത്തില്‍ കേളി രക്ഷാധികാരിസമിതി ആക്ടിംഗ് കണ്‍വീനര്‍ ദസ്തഗീര്‍ അധ്യക്ഷത വഹിച്ചു. കേളി സെക്രട്ടറി റഷീദ് മേലേതില്‍ സ്വാഗതം ആശംസിച്ചു. സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റ് അംഗവും എംഡിറ്റ് ചെയര്‍മാനും മുന്‍ സംസ്ഥാന സഹകരണ ബാങ്ക് പ്രസിഡന്റുമായ മെഹബൂബ് അനുസ്മരണ പ്രഭാഷണം നടത്തി. കേളി കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം ദയാനന്ദന്‍ അനുസ്മരണ പ്രമേയം അവതരിപ്പിച്ചു. അറാര്‍ പ്രവാസി സംഘം മുഖ്യ രക്ഷാധികാരി കുഞ്ഞഹമ്മദ് കൂരാച്ചുണ്ട്, കേളി പ്രസിഡന്റ് മുഹമ്മദ് കുഞ്ഞു വള്ളികുന്നം, കേളി കേന്ദ്ര രക്ഷാധികാരി സമിതി അംഗങ്ങളായ കുഞ്ഞിരാമന്‍ മയ്യില്‍, കെ.പി.എം സാദിഖ്, ഗീവര്‍ഗീസ്, ബി.പി. രാജീവന്‍ കേളി ജോ: സെക്രട്ടറി ഷമീര്‍ കുന്നുമ്മല്‍, കേന്ദ്ര കമ്മിറ്റി അംഗങ്ങള്‍, ഏരിയ സെക്രട്ടറിമാര്‍ വിവിധ ഏരിയയില്‍ നിന്നെത്തിയ പ്രവര്‍ത്തകര്‍ തുടങ്ങി നൂറുകണക്കിനാളുകള്‍ അനുസ്മരണ പരിപാടിയില്‍ പങ്കെടുത്തു. 

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍