'വിശുദ്ധ വേദ ഗ്രന്ഥം കൈവശമുള്ള മുസ്ലിങ്ങള്‍ നിരാശപ്പെടേണ്ടതില്ല'
Saturday, March 21, 2015 6:39 AM IST
ജിദ്ദ: ലോകാടിസ്ഥാനത്തിലും നമ്മുടെ നാട്ടിലും വിവിധ വിഭാഗങ്ങള്‍ ലോക മാധ്യമങ്ങളുടെ സഹായത്തോടെ ഇസ്ലാമിനെ തകര്‍ക്കാന്‍ കുത്സിത ശ്രമങ്ങള്‍ നടത്തുന്നുണ്െടങ്കിലും ദൈവിക വേദഗ്രന്ഥമായ ഖുര്‍ആനും തിരുചര്യയും വള്ളിപുള്ളി വ്യത്യാസമില്ലാതെ സുരക്ഷിതമായി നമ്മുടെ കൈകളിലുള്ളിടത്തോളം കാലം നമുക്ക് നിരാശപ്പെടേണ്ടതില്ലെന്ന് ജമാഅത്തെ ഇസ്ലാമി കേരള സഹ അധ്യക്ഷന്‍ എം.ഐ.അബ്ദുള്‍ അസീസ് പറഞ്ഞു.

തനിമ സംസ്കാരിക വേദിയുടെ നേതൃത്വത്തില്‍ ജിദ്ദയില്‍ നല്‍കിയ പൌരസ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അയല്‍ കുടുംബത്തിനും സമൂഹത്തിനും രാജ്യത്തിനും ലോകത്തിനു മുഴുവനും നമുക്ക് നല്‍കാനുള്ളത് ശാന്തിയും സമാധാനവും സന്തോഷവും സ്നേഹവുമാണ്, അതിനായി ബഹുസ്വര സമൂഹത്തില്‍ ജീവിക്കുന്ന നമുക്ക് ലഭിക്കുന്ന എല്ലാ ആഘോഷ, ഉത്സവാവസരങ്ങളും ഉ പയോഗപ്പെടുത്തണമെന്നദ്ദേഹം പറഞ്ഞു. പ്രവാചകന്മാരുടെ സ്ഥാനമാണ് ദൈവം നമുക്ക് നല്‍കിയിട്ടുള്ളത് അത്തരത്തില്‍ ഉയര്‍ന്ന് പ്രവര്‍ത്തിക്കാന്‍ നാം തയാറാവണമെന്നും വിവിധ സംഘടനകള്‍ക്ക് സ്തുത്യര്‍ഹമായ രീതിയില്‍ നേതൃത്വം നല്‍കിക്കൊണ്ടിരിക്കുന്ന നിങ്ങള്‍ക്കതിന് കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

അഭിപ്രായ വ്യത്യാസങ്ങളുള്ളതോടൊപ്പം ഒരുമിച്ചു നിന്ന് പ്രവര്‍ത്തിക്കുന്നതിലാണ് നമ്മുടെ ശക്തി തിരിച്ചറിയാനും വിജയം കൈവരിക്കാനുമുള്ള മാര്‍ഗമെന്നും ഒത്തൊരുമിച്ച് നിന്നാല്‍ ഒരു ഗൂഡാലോചനക്കും നമ്മെ തകര്‍ക്കാനാവില്ലെന്നും വി.ടി. അബ്ദുള്ളക്കോയ പറഞ്ഞു. വിവിധ സംഘടന, കൂട്ടായ്മ നേതാക്കള്‍ സംബന്ധിച്ചു. തനിമ നോര്‍ത്ത് സോണ്‍ പ്രസിഡന്റ് അബ്ദുഷുക്കൂര്‍ അലി അധ്യക്ഷത വഹിച്ചു. ഷിഹാബുദ്ദീന്‍ കരുവാരക്കുണ്ട് ഖിറാഅത്ത് നടത്തി.

റിപ്പോര്‍ട്ട് : കെ.ടി. മുസ്തഫ പെരുവള്ളൂര്‍