ലോകത്തെ ഏറ്റവും വലിയ വാച്ച് മേളയ്ക്കു തുടക്കമായി
Friday, March 20, 2015 8:17 AM IST
ബാസല്‍: ലോകത്തെ ഏറ്റവും വലിയ വാച്ച് മേളയ്ക്ക് സ്വിറ്റ്സര്‍ലാന്‍ഡിലെ ബാസലില്‍ തുടക്കമായി. സ്വിസ് വാച്ച് നിര്‍മാതാക്കള്‍ക്ക് കാലാവസ്ഥ ഒട്ടും അനുകൂലമല്ലാതിരിക്കുന്നൊരു സാഹചര്യത്തിലാണ് ഇത്തവണ മേള വന്നെത്തിയിരിക്കുന്നത്.

സ്വിസ് ഫ്രാങ്കിന്റെ മൂല്യം ക്രമാതീതമായി ഉയര്‍ന്നതാണ് ഇപ്പോള്‍ സ്വിസ് വാച്ച് നിര്‍മാതാക്കള്‍ നേരിടുന്ന പ്രധാന പ്രതിസന്ധി. ഇതു കാരണം വിദേശ വിപണികളില്‍ സ്വിസ് വാച്ചുകളുടെ വില ഗണ്യമായി ഉയരുകയും വില്പനയില്‍ വന്‍ ഇടിവു രേഖപ്പെടുത്തുകയും ചെയ്യുന്നു.

ഇതിനൊപ്പം, സാങ്കേതികമുന്നേറ്റത്തിലൂടെ സ്മാര്‍ട്ട് വാച്ചുകള്‍ വിപണിയില്‍ ശക്തമായ മത്സരം ഉയര്‍ത്തുന്നതും സ്വിറ്റ്സര്‍ലാന്‍ഡില്‍നിന്നുള്ള പരമ്പരാഗത വാച്ചുകള്‍ക്കു വലിയ വെല്ലുവിളിയാണ്.

ഒന്നര ലക്ഷത്തോളം പ്രഫഷണലുകളാണു മേളയ്ക്കെത്തുന്നത്. 1500 സ്വിസ് ബ്രാന്‍ഡുകളാണു മേളയില്‍ പ്രമോട്ട് ചെയ്യപ്പെടുന്നത്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍