ബ്രാംപ്ടണ്‍ മലയാളി സമാജം കിഡ്സ് ഫെസ്റ് സമാപനം മാര്‍ച്ച് 21 നു
Friday, March 20, 2015 6:20 AM IST
ടൊറന്റോ : കഴിഞ്ഞ രണ്ടുമാസക്കാലമായി കാനഡയിലെ മലയാളിസമൂഹത്തെ പുളകമണിയിച്ചുകൊണ്ടു നടന്നുവന്നിരുന്ന കിഡ്സ് ഫെസ്റിന്റെ സമാപനം മാര്‍ച്ച് 21നു (ശനി) വിവിധ കലാമത്സരങ്ങളോടെ ബ്രാംപ്ടണില്‍ സമാപിക്കുന്നു.

വിവിധ പ്രായപരിധിയിലുള്ള നിരവധി കുട്ടികള്‍ പങ്കെടുത്ത മത്സരങ്ങള്‍ക്കാണു ശനിയാഴ്ച നടക്കുന്ന പൊതുസമ്മേളനത്തോടുകൂടി തിരശീല വീഴുന്നത്.

രാവിലെ 11 മുതല്‍ മൂന്നു വേദികളിലായി ആരംഭിക്കുന്ന ഉപകരണസഗീതം, നൃത്ത നൃത്യങ്ങള്‍, ലളിത ഗാനം, നാടോടി നൃത്തം എന്നീ മത്സരങ്ങള്‍ വൈകുന്നേരം അഞ്ചു വരെ തുടരും.

മത്സരങ്ങള്‍ക്കു തൊട്ടു മുമ്പുവരെ കുട്ടികള്‍ക്കു പേരു രജിസ്റര്‍ ചെയ്യാനുള്ള സമയപരിധി ഒരുക്കിയിട്ടുണ്ട്. മത്സരാര്‍ഥികളുടെയും രക്ഷിതാക്കളുടെയും സൌകര്യാര്‍ഥം സമാജത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കിഡ്സ് വേദി ഒരു സ്നാക് കൌണ്ടര്‍ വേദിയോടു ചേര്‍ന്ന് ആരംഭിച്ചിട്ടുണ്ട്. മത്സരങ്ങള്‍ക്കുശേഷം കിഡ്സ്വേദിയുടെ പ്രത്യേക സമ്മേളനവും മലയാളം എഴുത്തിനിരുത്ത്, വീഡിയോ ഗെയിം, ഫേസ് പെയിന്റിംഗ്, മാജിക് ഷോ എന്നിവയും കുട്ടികള്‍ക്കായി ഒരുക്കിയിട്ടുണ്ട്.

വൈകുന്നേരം ആറിനു നടക്കുന്ന പൊതു സമ്മേളനത്തില്‍ വിവിധ സാംസ്കാരിക, സാമൂഹികനേതാക്കള്‍ പങ്കെടുക്കും. കുട്ടികളുടെ വിവിധ കലാപരിപാടികളെ, തുടര്‍ന്ന് നടക്കുന്ന ചടങ്ങില്‍ സമ്മാന ദാനവും ഏറ്റവും കൂടുതല്‍ പോയിന്റ് കിട്ടിയ കുട്ടികള്‍ക്കുള്ള 'മലയാളീ രത്ന' അവാര്‍ഡും സമ്മാനിക്കുമെന്നു പ്രസിഡന്റ് കുര്യന്‍ പ്രക്കാനം അറിയിച്ചു.

റിപ്പോര്‍ട്ട്: ജയ്ശങ്കര്‍ പിള്ള