കെഎംസിസി -കെഡിപിഎ സൌജന്യ ടെക്സ്റ് ബുക്ക് എക്സ്ചേഞ്ച് മേള 2015 മാര്‍ച്ച് 27ന്
Thursday, March 19, 2015 8:24 AM IST
ദുബായി : കെഎംസിസി വനിതാ വിംഗും കോഴിക്കോട് ജില്ല പ്രവാസി അസോസിയേഷന്‍ വുമണ്‍സ് ആന്‍ഡ് ചില്‍ഡ്രന്‍സ് വിംഗും സംയുക്ത ആഭിമുഖ്യത്തില്‍ വിദ്യാര്‍ഥികള്‍ക്കായി 'സൌജന്യ ടെക്സ്റ് ബുക്ക് എക്സ്ചേഞ്ച് മേള' സംഘടിപ്പിക്കുന്നു.

മാര്‍ച്ച് 27ന് (വെള്ളി) ഉച്ചകഴിഞ്ഞ് രണ്ടു മുതല്‍ അഞ്ചു വരെ ദുബായി കെഎംസിസി അല്‍ ബറാഹ ആസ്ഥാനത്താണ് മേള നടക്കുക. പ്രമുഖ വിദ്യാഭ്യാസ പ്രവര്‍ത്തകരും അധ്യപകന്മാരും സംഘടന പ്രധിനിധികളും മേളക്ക് നേതൃത്വം നല്‍കും. വര്‍ധിച്ചുവരുന്ന അധ്യയന ചെലവുകള്‍ക്ക് പരിഹാരമെന്നോണം വിദ്യാര്‍ഥികള്‍ക്ക് തങ്ങള്‍ അധ്യയനം പൂര്‍ത്തിയാക്കിയ പുസ്തകങ്ങളും ഗൈഡുകളും മറ്റുള്ളവര്‍ക്കു കൈമാറി തങ്ങള്‍ക്ക് ആവശ്യമായവ കരസ്ഥമാക്കാനുതകുന്നതാണ് സൌജന്യ കൈമാറ്റ മേളയിലൂടെ ലക്ഷ്യമിടുന്നത്.

മേളയുടെ വിജയകരമായ നടത്തിപ്പിനായി ദുബായി കെഎംസിസി പ്രസിഡന്റ് പി.കെ. അന്‍വര്‍ നഹ, കെഡിപിഎ പേട്രണ്‍ മോഹന്‍ എസ്. വെങ്കിട്ട, ട്രഷറര്‍ ജമീല ലത്തീഫ് എന്നിവര്‍ രക്ഷാധികാരികളും ഇബ്രാഹിം മുറിചാണ്ടി (ചെയര്‍മാന്‍), രാജന്‍ കൊളാവിപാലം, അഡ്വ. മുഹമ്മദ് സാജിദ് (വൈസ് ചെയര്‍മാന്‍) കെഎംസിസി വനിതാ വിംഗ് പ്രസിഡന്റ് റീന സലിം (ജനറല്‍ കണ്‍വീനര്‍), കെഡിപിഎ വനിതാ വിംഗ് സെക്രട്ടറി റാബിയ ഹുസൈന്‍, ദീപ സൂരജ് (കണ്‍വീനര്‍), എന്‍.പി. ഫൈസല്‍ (കോഓര്‍ഡിനേറ്റര്‍ ) എന്നിവരടങ്ങുന്ന കമ്മിറ്റി രൂപീകരിച്ചു. കെഎംസിസിയും യുഎഇ കോഴിക്കോട് ജില്ല പ്രവാസി അസോസിയേഷനും ഇതു നാലാം തവണയാണ് ഇത്തരമൊരു സംരംഭത്തിനു നേതൃത്വം നല്‍കുന്നതെന്നും മുഴുവന്‍ രക്ഷിതാക്കളും വിദ്യാര്‍ഥികളും മറ്റുള്ളവര്‍ക്കു കൂടി പ്രയോജനകരമായ ഈ സംരംഭത്തില്‍ പങ്കെടുത്തു പരിപാടി വിജയിപ്പിക്കണമെന്നും ഭാരവാഹികള്‍ പറഞ്ഞു.

രക്ഷിതാക്കളും വിദ്യാര്‍ഥികളും തങ്ങള്‍ ഉപയോഗിച്ച ടെക്സ്റ് ബുക്കുകളും ഗൈഡുകളും മേളയിലേക്ക് കൊണ്ടുവന്ന്, ഉയര്‍ന്ന ക്ളാസുകളിലേക്ക് തങ്ങള്‍ക്കാവശ്യമായ ബുക്കുകള്‍ സ്വന്തമാക്കാന്‍ അവസരം വിനിയോഗിക്കണമെന്ന് സംഘാടകര്‍ അറിയിച്ചു.

വിവരങ്ങള്‍ക്ക് : 050 5780291.

റിപ്പോര്‍ട്ട്: റഹ് മത്തുള്ള തൈയില്‍