റിച്ചാര്‍ഡ് രാജാവിനെ അടുത്ത ആഴ്ച വീണ്ടും സംസ്കരിക്കും
Thursday, March 19, 2015 8:21 AM IST
ലണ്ടന്‍: ഇംഗ്ളണ്ടിലെ റിച്ചാര്‍ഡ് മൂന്നാമന്‍ രാജാവിനെ അഞ്ചു നൂറ്റാണ്ടിനിപ്പുറം രണ്ടാം സംസ്കാരം. അടുത്തയാഴ്ച ലണ്ടനിലെ ലെയ്സെസ്റര്‍ കത്തീഡ്രലിലാണ് സംസ്കാരചടങ്ങുകള്‍ നടത്താന്‍ പോകുന്നത്. 530 വര്‍ഷങ്ങള്‍ക്ക് മുന്‍പ് യുദ്ധഭൂമിയില്‍ മരിച്ചുവീണതാണ് റിച്ചാര്‍ഡ് മൂന്നാമന്‍.

1485ലെ ബോസ്വെര്‍ത്ത് യുദ്ധത്തില്‍ മരിച്ച റിച്ചാര്‍ഡിന്റെ ശവക്കല്ലറയും ഭൌതിക ശരീരത്തിന്റെ ശേഷിപ്പുകളും കണ്െടത്തിയത് 2012ലാണ്. കണ്െടത്തിയത് റിച്ചാര്‍ഡ് രാജാവിന്റെ മൃതദേഹം തന്നെയെന്ന് ഡിഎന്‍എ പരിശോധനയില്‍ തെളിയിക്കപ്പെടുകയും ചെയ്തു. ലെയ്സെസ്റര്‍ കത്തീഡ്രലിലെ പ്രമുഖരുടെ ശവകുടീരത്തിനരികെ ഓക്കുമരത്തില്‍ തീര്‍ത്ത ശവപ്പെട്ടിയിലാകും ഇനി റിച്ചാര്‍ഡിന്റെ രണ്ടാം അന്ത്യനിദ്ര.

സര്‍ക്കാരിന്റെ പൂര്‍ണ ഔദ്യോഗിക ബഹുമതിയോടെയാണ് ചടങ്ങുകള്‍ നടത്തുക. യുദ്ധത്തില്‍ മരിച്ചെങ്കിലും അര്‍ഹമായ പരിഗണനകിട്ടാതിരുന്ന രാജാവിനെ ഇതോടെ ഇംഗ്ളണ്ട് ഒന്നാകെ ആദരിക്കുകയാണിപ്പോള്‍. ഇദ്ദേഹത്തിന്റെ പിന്‍ഗാമിയായിവന്ന ഹെന്‍ട്രി നാലാമന്‍, റിച്ചാര്‍ഡിന്റെ രാജാധികാരംപോലും അംഗീകരിച്ചിരുന്നില്ല. ഇപ്പോള്‍ ഇതിനുകൂടി പരിഹാരമാവുകയാണ്. റിച്ചാര്‍ഡും ഇനി ഇംഗ്ളണ്ട് ഭരിച്ച രാജാക്കന്മാരുടെ ഔദ്യോഗിക പട്ടികയില്‍ രാജകീയഭാവത്തോടെതന്നെ സ്ഥാനംപിടിക്കും.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍