ഷിക്കാഗോ തിരുഹൃദയ ക്നാനായ കത്തോലിക്കാ ദേവാലയത്തില്‍ സെമിനാര്‍
Thursday, March 19, 2015 6:35 AM IST
ഷിക്കാഗോ: ഷിക്കാഗോ തിരുഹൃദയ ക്നാനായ കത്തോലിക്കാ ദേവാലയത്തില്‍ മാര്‍ച്ച് 15നു(ഞായര്‍) ആദ്യകുര്‍ബാന സ്വീകരിക്കുന്ന കുട്ടികളുടെ മാതാപിതാക്കള്‍ക്കും ഇടവകയിലെ എല്ലാ മാതാപിതാക്കള്‍ക്കുമായി സെമിനാര്‍ സംഘടിപ്പിച്ചു.

കുട്ടികളെ അമേരിക്കന്‍ പശ്ചാത്തലത്തില്‍ നല്ല രീതിയില്‍ വളര്‍ത്തേണ്ടതിനെപ്പറ്റി അസി. വികാരി ഫാ. സുനി പടിഞ്ഞാറേക്കര ക്ളാസ് എടുത്തു. മുന്‍കാലങ്ങളില്‍ മാതാപിതാക്കളും മുതിര്‍ന്നവരും കുഞ്ഞുങ്ങളുമായി സമയം ചെലവിടുന്നതും അനുരജ്ഞനത്തിന്റേയും കൂട്ടായ്മയുടെയും മാതൃകയായി ഒരുമിച്ചിരുന്ന് ആഹാരം കഴിച്ചിരുന്നതും പ്രാര്‍ഥിച്ചിരുന്നതും ഫാ. സുനി അനുസ്മരിപ്പിച്ചു. ഇന്നത്തെ സാഹചര്യത്തില്‍ ആത്മീയവും ശാരീരികവുമായ വിശുദ്ധി എങ്ങനെ നേടാമെന്നതിനെപ്പറ്റിയും പടിഞ്ഞാറേക്കരയച്ചന്‍ വിശദീകരിച്ചു.

സരളവും വിജ്ഞാനപ്രദവുമായി സെമിനാര്‍ നയിച്ച ഫാ. പടിഞ്ഞാറേക്കരയ്ക്കും കോ-ഓര്‍ഡിനേറ്റ് ചെയ്ത സാബു മുത്തോലത്തിനും പങ്കെടുത്തവര്‍ക്കും ആദ്യകുര്‍ബാന സ്വീകരിക്കുന്ന കുട്ടികളുടെ മാതാപിതാക്കാളുടെ കോ-ഓര്‍ഡിനേറ്റര്‍ സണ്ണി മുത്തോലം നന്ദി പറഞ്ഞു.

റിപ്പോര്‍ട്ട്: ബിനോയി കിഴക്കനടി