നോട്ടിംഗ്ഹാം മലങ്കര കാത്തലിക് മിഷനില്‍ ഓശാന ആചരണവും പ്രാര്‍ഥനാ സായാഹ്നവും
Thursday, March 19, 2015 6:33 AM IST
നോട്ടിംഗ്ഹാം: സേക്രഡ് ഹാര്‍ട്ട് സീറോ മലങ്കര കാത്തലിക് മിഷനില്‍ വിശുദ്ധവാരത്തിനു തുടക്കമായുള്ള ഓശാന ശുശ്രൂഷകള്‍ മാര്‍ച്ച് 28നു (ശനി) ഉച്ചകഴിഞ്ഞ് 2.30ന് ആരംഭിക്കും. ലെന്‍റേണ്‍ സെന്റ് പോള്‍സ് ദേവാലയത്തില്‍ നടക്കുന്ന ഓശാനശുശ്രൂഷകള്‍ക്കും വിശുദ്ധ കുര്‍ബാനയ്ക്കും ഫാ. തോമസ് മടുക്കമൂട്ടില്‍ കാര്‍മികത്വം വഹിക്കും.

വിശുദ്ധവാരത്തിലെ മാര്‍ച്ച് 31നു(ചൊവ്വ) ബുള്‍വെല്‍ ഔവര്‍ ലേഡി ദേവാലയത്തില്‍ നടത്തപ്പെടുന്ന പ്രാര്‍ഥനാ സായാഹ്നം മാര്‍ത്താണ്ഡം കത്തോലിക്കാ രൂപതാധ്യക്ഷന്‍ വിന്‍സെന്റ് മാര്‍ പൌലോസ് നയിക്കും. വൈകുന്നേരം ആറു മുതല്‍ നടക്കുന്ന ദിവ്യകാരുണ്യാരാധന, പ്രാര്‍ഥനാശുശ്രൂഷകള്‍, ആത്മവിശുദ്ധീകരണ വചനപ്രഘോഷണം എന്നിവയില്‍ പങ്കെടുത്ത് യേശുവിന്റെ പീഡാസഹനത്തിന്റെയും ഉയിര്‍പ്പിന്റെയും ഓര്‍മയാചരണം അര്‍ഥപൂര്‍ണമാക്കാന്‍ എല്ലാവരെയും പാരിഷ് കമ്മിറ്റി സ്വാഗതം ചെയ്തു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: രാജന്‍ 07890579232, മനു 07861424163.