ഗോവധ നിരോധനം: ഹൈന്ദവധര്‍മങ്ങള്‍ക്ക് എതിരെന്ന് ഐഐസി സംഗമം
Thursday, March 19, 2015 6:29 AM IST
കുവൈറ്റ്: മനുഷ്യന്റെ സുബോധമണ്ഡലത്തെ നിഗ്രഹിക്കുന്ന മദ്യ ഉപഭോഗത്തിനെതിരെ ആത്മത്യാഗം നടത്താന്‍ ജാതിമത ഭേദമന്യ സമൂഹ നന്മയിലും നൈതികമൂല്യങ്ങളിലും വിശ്വസിക്കുവര്‍ സമര രംഗത്തിറങ്ങി ജിഹാദ് നടത്തണമെന്നു മദ്യനിരോധന സമിതി സംസ്ഥാന ജനറല്‍ സെക്രട്ടറി ഇയ്യച്ചേരി കുഞ്ഞികൃഷ്ണന്‍ മാസ്റര്‍ ആവശ്യപ്പെട്ടു.

ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ സംഘടിപ്പിച്ച 'നമ്മുടെ നാട് എങ്ങോട്ട്' സംഗമത്തില്‍ മദ്യമുക്ത കേരളം എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മനുഷ്യന്റെ ആത്യന്തിക നന്മയെക്കുറിച്ച് സംസാരിക്കുന്ന വിശ്വാസികള്‍ക്കു മാത്രമേ മദ്യത്തിനെതിരേ ശക്തമായ പ്രതിരോധം തീര്‍ക്കാന്‍ സാധിക്കുകയൂള്ളൂ. മദ്യത്തിനെതിരെ ശക്തമായ നിലപാടെടുത്ത മതമാണ് ഇസ്ലാം. ശാരീരികമോ മാനസികമോ ആയ ഒരു നന്മയും മദ്യോപഭോഗംകൊണ്ട് ലഭിക്കുമെന്ന് വൈദ്യ ശാസ്ത്ര രംഗത്തുപോലും അംഗീകരിക്കപ്പെട്ടിട്ടില്ലെന്നിരിക്കെ ജനായത്ത സര്‍ക്കാരുകള്‍ ഇതിനെതിരെ നടപടിയെടുക്കാത്തത് ശക്തമായ സമരങ്ങളുടെ അഭാവം കൊണ്ടാണെന്നും സര്‍ക്കാരിന്റെ മദ്യ നിലപാടുകള്‍ക്കെതിരെ മദ്യനിരോധന സമിതിയുടെ സെക്രട്ടറിയേറ്റ് സമരം പ്രതിഷേധമാക്കി മാറ്റാന്‍ എല്ലാവരും രംഗത്തിറങ്ങണമെന്ന് കുഞ്ഞികൃഷ്ണന്‍ അഭ്യര്‍ഥിച്ചു.

രാജ്യത്ത് കാവി രാഷ്ട്രീയത്തിന്റെ ഭാഗമായി നടപ്പാക്കിക്കൊണ്ടിരിക്കുന്ന ഗോവധ നിരോധനം ഹൈന്ദവധര്‍മങ്ങള്‍ക്കു നിരക്കാത്തതാണെന്നു ഗോവധ നിരോധനവും മതങ്ങളുടെ സമീപനവും എന്ന വിഷയത്തില്‍ സംസാരിച്ച ദി ട്രൂത്ത് കുവൈറ്റ് ചാപ്റ്റര്‍ ഡയറക്ടര്‍ സയീദ് അബ്ദുറഹ്മാന്‍ വിശദീകരിച്ചു. വേദങ്ങളുടെ കാലങ്ങളില്‍പ്പോലും വിരന്നുകാര്‍ക്കു വിശിഷ്ടാഹാരമായി നല്‍കിയിരുന്നത് ഗോമാംസമായിരിന്നു.
ഗോവധം ആവേശമായി സ്വീകരിച്ചവര്‍ സ്വാമി വിവേകാനന്ദന്റെ സമ്പൂര്‍ണ കൃതികളെങ്കിലും ഒരു തവണ വായിക്കേണ്ടിയിരുന്നു. ഹിന്ദുക്കളുടെ പൌരാണിക ഗ്രന്ഥങ്ങളില്‍ ഗോമാംസം ഭക്ഷിക്കുന്നതായി ശ്ളോകരൂപേണ അനേകം തെളിവുകള്‍ കാണാമെന്നും വസിഷ്ഠ മുനിയും അഗസ്ത്യമുനിയും മാംസം ഭക്ഷിച്ചിരുന്നതായി സൊസൈറ്റി ഓഫ് രാമായണ എന്ന ഗ്രന്ഥത്തില്‍ കാണാമെന്നും ഇന്ത്യ ഗോമാംസം കയറ്റുമതി ചെയ്യുന്ന രാജ്യമാണുെം അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഐഐസി കേന്ദ്ര പ്രസിഡന്റ് എന്‍ജിനിയര്‍ അന്‍വര്‍ സാദത്ത് അധ്യക്ഷത വഹിച്ചു. ഇയ്യച്ചേരി കുഞ്ഞികൃഷ്ണന്‍ മാസ്റര്‍ക്കുള്ള ഉപഹാരം ഐഐസി വൈസ് ചെയര്‍മാന്‍ എന്‍.കെ. മുഹമ്മദ് മാറഞ്ചേരി നല്‍കി. ജനറല്‍ സെക്രട്ടറി അബ്ദുള്‍ അസീസ് സലഫി, വി.എ. മൊയ്തുണ്ണി, സിദ്ധീഖ് മദനി, പി.വി. അബ്ദുള്‍ വഹാബ് എന്നിവര്‍ പ്രസംഗിച്ചു. അന്‍സഹ് മുഴിക്കല്‍ ഖിറാഅത്ത് നടത്തി.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍