ആത്മനിര്‍വൃതിയുടെ അനുഭൂതി പകര്‍ന്നു ബഹറിനില്‍ അത്തിപ്പറ്റ ഉസ്താദിന്റെ ദിക്റ് ദുആ മജ്ലിസ് ശ്രദ്ധേയമായി
Thursday, March 19, 2015 6:24 AM IST
മനാമ: പ്രമുഖ സൂഫി വര്യനും പണ്ഡിതനുമായ ഷൈഖുനാ അത്തിപ്പറ്റ ഉസ്താദിന്റെ ദിക്റ്ല ദുആ മജ് ലിസ് നിറഞ്ഞൊഴുകിയ വിശ്വാസികളുടെ പങ്കാളിത്തംകൊണ്ടു ശ്രദ്ധേയമായി. സമസ്ത കേരള സുന്നി ജമാഅത്ത് ബഹറിന്‍ കമ്മിറ്റി മനാമ പാക്കിസ്ഥാന്‍ ക്ളബില്‍ സംഘടിപ്പിച്ച അത്തിപ്പറ്റ മുഹ്യുദ്ധീന്‍ മുസ് ലിയാരുടെ ദിക് റ് ദുആ മജ്ലിസാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നായി ഒഴുകിയെത്തിയ വിശ്വാസികളുടെ പങ്കാളിത്തംകൊണ്ടു ശ്രദ്ധേയമായത്.

പ്രഭാഷണവും പ്രാര്‍ഥനകളുമടങ്ങിയ ദിക്റ് ദുആ മജ്ലിസിനു മുന്നോടിയായി അത്തിപ്പറ്റ ഉസ്താദ് നസ്വീഹത്ത് നല്‍കി. ആദരിക്കപ്പെടേണ്ടവര്‍ക്ക് ആത്മാര്‍ഥമായ ആദരവും ബഹുമാനവും നല്‍കാന്‍ വിശ്വാസികള്‍ തയാറാവണമെന്നും എങ്കില്‍ അവര്‍ക്ക് ഇരുലോക വിജയം കൈവരിക്കാമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.

മാതാപിതാക്കളോടുള്ള കടമകള്‍ നിര്‍വഹിക്കാന്‍ എല്ലാവരും ശ്രദ്ധിക്കണം. കുട്ടികളെ വളര്‍ത്തുമ്പോള്‍ത്തന്നെ മാതാപിതാക്കള്‍ ശ്രദ്ധിക്കേണ്ട നിരവധി കാര്യങ്ങളുണ്ട്. കുട്ടികള്‍ക്കു പേരു വയ്ക്കുമ്പോള്‍ത്തന്നെ നല്ല പേര് നല്‍കാന്‍ നാം പ്രത്യേകം ശ്രദ്ധിക്കണം. അവര്‍ സല്‍ സന്താനമാകാനുള്ള ആദ്യ പടിയാണ് അതെന്നും ഉസ്താദ് ഓര്‍മിപ്പിച്ചു.

ഉസ്താദിന്റെ ഭക്തിനിര്‍ഭരമായ പ്രാര്‍ഥനയും ചിന്തനീയമായ ഉപദേശങ്ങളുമടങ്ങിയ മജ്ലിസില്‍ എസ്കെഎസ്എസ്എഫ് ബഹറിന്‍ ഘടകത്തിന്റെ കീഴില്‍ പുതുതായി രൂപവത്കരിച്ച സന്നദ്ധ സേവന വിഭാഗം (വിഖായ) യുടെ സമര്‍പ്പണവും നടന്നു. സൂറത്തുല്‍ ഫാത്വിഹയും പ്രത്യേക നസ്വീഹത്തും നല്‍കിയാണു സമസ്തയുടെ കീഴിലുള്ള പുതിയ സന്നദ്ധസേവന വിഭാഗത്തെ ബഹറിനു സമര്‍പ്പിച്ചത്.

ചടങ്ങ് സമസ്ത ബഹറിന്‍ വൈസ് പ്രസിഡന്റ് സൈദലവി മുസ്ലിയാരുടെ അധ്യക്ഷതയില്‍ എടവണ്ണപ്പാറ മുഹമ്മദ് മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്തു.

ഉസ്താദ് അബ്ദുള്‍ വാഹിദ് ലത്വീഫി, അലി റഹ്മാനി വെള്ള മുണ്ട എന്നിവര്‍ പ്രഭാഷണം നടത്തി. ഹംസ അന്‍വരി മോളൂര്‍ പ്രാര്‍ഥനയും ഹാഫിള്‍ ഷറഫുദ്ദീന്‍ മലവി ഖിറാഅത്ത് പാരായണവും നടത്തി.

ഉമറുല്‍ ഫാറൂഖ് ഹുദവി, മൊയ്തീന്‍കുട്ടി ഹാജി അത്തിപ്ഫ, വി.കെ. കുഞ്ഞിമുഹമ്മദ് ഹാജി, എസ്.എം, അബ്ദുള്‍ വാഹിദ്, മുസ്തഫ കളത്തില്‍, ശഹീര്‍ കാട്ടാമ്പള്ളി, മജീദ് ചോലക്കോട് എന്നിവര്‍ സംബന്ധിച്ചു.