ബ്രോങ്ക്സ് ഫൊറോന ദേവാലയത്തിലെ വിശുദ്ധവാര തിരുക്കര്‍മങ്ങള്‍
Thursday, March 19, 2015 6:23 AM IST
ന്യൂയോര്‍ക്ക്: ബ്രോങ്ക്സ് സെന്റ് തോമസ് സീറോ മലബാര്‍ ഫൊറോന ദേവാലയത്തിലെ വിശുദ്ധവാരാചരണം മാര്‍ച്ച് 18, 19, 20, 21 (ബുധന്‍, വ്യാഴം, വെള്ളി, ശനി) തീയതികളില്‍ നടക്കുന്ന നോമ്പുകാല ധ്യാനത്തോടുകൂടി ആരംഭിക്കും.

ബുധന്‍, വ്യാഴം ദിവസങ്ങളില്‍ വൈകുന്നേരം അഞ്ചു മുതല്‍ പത്തുവരെയും വെള്ളി, ശനി ദിവസങ്ങളില്‍ രാവിലെ ഒമ്പതു മുതല്‍ വൈകുന്നേരം ആറു വരെയുമാണു ധ്യാനം. ധ്യാന ദിവസങ്ങളില്‍ കുമ്പസാരിക്കുന്നതിന് അവസരമുണ്ടായിരിക്കും.

അവയവദാനത്തിലൂടെ ലോകത്തിനു മാതൃകയായ ഫാ. ഡേവിസ് ചിറമ്മല്‍ ആണ് ധ്യാനത്തിനു നേതൃത്വം നല്‍കുന്നത്. ധ്യാനദിവസങ്ങളില്‍ ഉച്ചഭക്ഷണം ക്രമീകരിച്ചിട്ടുണ്ട്.

29ന് ഓശാന ഞായറാഴ്ചത്തെ തിരുക്കര്‍മങ്ങള്‍ രാവിലെ 10ന് ആരംഭിക്കും. കുരുത്തോലവിതരണം, പ്രദക്ഷിണം, ദേവാലയ പ്രവേശനം തുടര്‍ന്ന് ആഘോഷമായ പാട്ടുകുര്‍ബാന തുടര്‍ന്ന് പാരിഷ് ഹാളില്‍ കൊഴുക്കൊട്ട വിതരണവുമുണ്ടായിരിക്കും.

ഏപ്രില്‍ രണ്ടിന് (പെസഹാ വ്യാഴം) തിരുക്കര്‍മങ്ങള്‍ വൈകുന്നേരം ആറിന് ആരംഭിക്കും. തുടര്‍ന്നു വിശുദ്ധ കുര്‍ബാന, ആരാധന എന്നിവയുണ്ടായിരിക്കും. പാരിഷ് ഹാളില്‍ അപ്പംമുറിക്കല്‍ ശുശ്രൂഷ ഉണ്ടായിരിക്കും.

ഏപ്രില്‍ മൂന്നിനു (ദുഃഖവെള്ളി) തിരുക്കര്‍മങ്ങള്‍ പാരിഷ് ഹാളില്‍ കുരിശിന്റെ വഴിയോടുകൂടി ആരംഭിക്കും. ഇടവകയിലെ യുവജനങ്ങളുടെ നേതൃത്വത്തില്‍ കുരിശിന്റെ വഴിയിലെ 14 സ്ഥലങ്ങളുടെയും നിശ്ചല ദൃശ്യാവിഷ്കരണവും ഉണ്ടാകും. തുടര്‍ന്ന് ദേവാലയത്തില്‍ പീഡാനുഭവ വായനകള്‍, കയ്പുനീര്‍ വിതരണം, പാരിഷ് ഹാളില്‍ പാനവായന, പഷ്ണി കഞ്ഞിവിതരണവും ഉണ്ടായിരിക്കും.

ഏപ്രില്‍ നാലിനു(ദുഃഖശനി) രാവിലെ ഒമ്പതിനു വിശുദ്ധ കുര്‍ബാന, മാതാവിന്റെ നൊവേന എന്നിവ നടക്കും. തുടര്‍ന്നു പുത്തന്‍ വെള്ളവും പുത്തന്‍ തീയും വെഞ്ചരിക്കലും കുടുംബങ്ങളിലേക്കു വിതരണവും ഉണ്ടാകും.

ഉയിര്‍പ്പുതിരുനാളിന്റെ തിരുക്കര്‍മങ്ങള്‍ ശനിയാഴ്ച രാത്രി എട്ടിന് ആരംഭിക്കും.

ഷിക്കാഗോ രൂപത സഹായമെത്രാന്‍ മാര്‍ ജോയ് ആലപ്പാട്ട് തിരുക്കര്‍മങ്ങളില്‍ മുഖ്യ കാര്‍മികത്വം വഹിക്കും. വികാരി ഫാ. ജോസ് കണ്ടത്തിക്കുടി, അസി. വികാരി ഫാ. റോയിസണ്‍ മേനോനിക്കല്‍ എന്നിവര്‍ സഹകാര്‍മികരായിരിക്കും.

ഏപ്രില്‍ അഞ്ചിനു(ഈസ്റര്‍) രാവിലെ 10നു വിശുദ്ധ കുര്‍ബാനയുണ്ടായിരിക്കും.

പീഡാനുഭവ വാരാചരണത്തിനു ഒരുക്കമായിട്ടുള്ള ധ്യാനത്തിലേക്കു വിശുദ്ധവാരത്തിലെ തിരുക്കര്‍മങ്ങളിലും പങ്കെടുക്കാന്‍ എല്ലാ വിശ്വാസികളെയും ബ്രോങ്ക്സ് ദേവാലയത്തിലേക്കു വികാരി ഫാ. ജോസ് കണ്ടത്തിക്കുടി സ്വാഗതം ചെയ്തു.

റിപ്പോര്‍ട്ട്: ഷോളി കുമ്പിളുവേലി