പൈലറ്റുമാരുടെ സമരം: ലുഫ്താന്‍സ 750 സര്‍വീസുകള്‍ റദ്ദാക്കി
Thursday, March 19, 2015 5:10 AM IST
ബര്‍ലിന്‍: പൈലറ്റുമാരുടെ യൂണിയന്‍ (വിസി) ആഹ്വാനം ചെയ്ത 24 മണിക്കൂര്‍ പണിമുടക്ക് കാരണം ലുഫ്താന്‍സ എയര്‍ലൈന്‍സ് 750 വിമാന സര്‍വീസുകള്‍ റദ്ദാക്കി.

പെന്‍ഷന്‍ പരിഷ്കാരം സംബന്ധിച്ച അഭിപ്രായവ്യത്യാസങ്ങള്‍ പരിഹരിക്കപ്പെടാതെ തുടരുന്നതാണു തുടര്‍ച്ചയായ സമരങ്ങള്‍ക്കു കാരണം. റദ്ദാക്കിയ സര്‍വീസുകളില്‍ ആഭ്യന്തര സര്‍വീസുകളും യൂറോപ്യന്‍ സര്‍വീസുകളും ഉള്‍പ്പെടുന്നു.

സമരം തുടരുമ്പോഴും മൂവായിരം പ്രതിദിന സര്‍വീസുകളില്‍ പരമാവധി മുടങ്ങാതെ നടത്താന്‍ തന്നെയാണു ശ്രമിക്കുന്നതെന്ന് അധികൃതര്‍.

തദ്ദേശീയവും യൂറോപ്യന്‍ രാജ്യങ്ങളിലേക്കുമുള്ള 1400 സര്‍സീസുകള്‍ ഫ്രാങ്ക്ഫര്‍ട്ടിലും മ്യൂണിക്കിലുമായി ചലനരഹിതമായി തുടരുകയാണ്. 80,000 യാത്രക്കാരെ ഇതു ബാധിച്ചുവെന്നു ലുഫ്ത്താന്‍സാ വക്താവ് അറിയിച്ചു. 204 ല്‍ നടത്തിയ സമരം മൂലം 232 മില്യന്‍ യൂറോയുടെ നഷ്ടമാണ് കമ്പനിയ്ക്കുണ്ടായതെന്നും കമ്പനി വ്യക്തമാക്കുന്നു. ബുധനാഴ്ച ആരംഭിച്ച സമരം വ്യാഴാഴ്ചയും തുടരും.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍