'മരണം വരെ ഉറക്കം': ഫ്രാന്‍സില്‍ ബില്‍ പാസായി
Thursday, March 19, 2015 5:10 AM IST
പാരീസ്: വേദനതിന്ന്, മരണം കാത്തുകഴിയുന്ന നിത്യരോഗികള്‍ക്ക് ആശ്വാസം പകരാന്‍ ഫ്രാന്‍സില്‍ പുതിയ നിയമം പാസാക്കി. ഇങ്ങനെയുള്ളവര്‍ക്കു മരിക്കും വരെ ഉറങ്ങിക്കിടക്കാന്‍ സഹായമാകുന്ന മരുന്ന് നല്‍കാനാണ് ഇതുവഴി അനുമതി ലഭിക്കുന്നത്.

ദയാവധത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ കൂടിയാണ് ഈ നിയമം പുനരുജ്ജീവിപ്പിക്കുന്നത്. കൃത്രിമ മാര്‍ഗങ്ങള്‍ ഉപയോഗിച്ച് ജീവന്‍ നിലനിര്‍ത്താന്‍ താത്പര്യമില്ലെന്നു മുന്‍കൂട്ടി അറിയിച്ചിട്ടുള്ളവരെ അതില്‍നിന്ന് ഒഴിവാക്കാനുള്ള വ്യവസ്ഥയും ഈ ബില്ലില്‍ ഉള്‍പ്പെടുന്നു. മരണത്തിനു മുന്‍പുള്ള വേദന ഒഴിവാക്കുക എന്നതാണു ലക്ഷ്യമെന്നു ബില്‍ മുന്നോട്ടുവച്ച എംപി യാങ് ലിയോനെറ്റി.

ദയാവധം ഫ്രാന്‍സില്‍ നിയമവിരുദ്ധമാണ്. എന്നാല്‍, ഇക്കാര്യം പുനഃപരിശോധിക്കാന്‍ തയാറാണെന്നു 2012ല്‍ തന്റെ തെരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ ഇപ്പോഴത്തെ പ്രസിഡന്റ് ഫ്രാന്‍സ്വ ഒളാന്ദ് വാഗ്ദാനം നല്‍കിയിരുന്നു. ഇതിന്റെ ഭാഗം കൂടിയാണു പുതിയ നിയമം. ബില്‍ നിയമമാകും മുന്‍പ് ഇതു സംബന്ധിച്ച് ജനങ്ങളുടെ അഭിപ്രായമറിയാന്‍ പല വോട്ടെടുപ്പുകളും നടത്തിയിരുന്നു. 96 ശതമാനം ഫ്രഞ്ചുകാരും ബില്ലിനെ അനുകൂലിക്കുന്നു എന്നാണ് അതില്‍ വ്യക്തമായത്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍