പ്രതിപക്ഷനേതാവിന്റെ പ്രസ്താവന ലജ്ജാകരം: മലപ്പുറം ഒഐസിസി
Wednesday, March 18, 2015 5:30 AM IST
റിയാദ്: കേരള നിയമസഭയില്‍ തെരഞ്ഞെടുക്കപ്പെട്ട ഒരു സര്‍ക്കാരിനു ഭരണഘടനാപരമായ ദൌത്യം നിര്‍വഹിക്കാന്‍ അനുവദിക്കാത്ത പ്രതിപക്ഷത്തിന്റെ നടപടി അത്യന്തം അപലപനീയമാണെന്നും വനിതാ അംഗങ്ങളെ ചാവേറാകാന്‍ പറഞ്ഞു വിട്ടിട്ട് വനിതാ എംഎല്‍എമാരെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചു എന്ന രീതിയിലുള്ള പ്രതിപക്ഷനേതാവിന്റെ ആരോപണം ലജ്ജാകരമാണെന്നും കെപിസിസി അംഗം അസീസ് ചീരാംതൊടി പറഞ്ഞു. കേരളത്തില്‍ ഇന്നുവരെ ഒരു സര്‍ക്കാരും നടപ്പാക്കിയിട്ടില്ലാത്തത്ര വികസന പദ്ധതികളാണ് ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തിലുള്ള യുഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കിയതതെന്നും ഇല്ലാത്ത അഴിമതി ആരോപണങ്ങളുന്നയിച്ച് സംസ്ഥാനത്തു നടക്കുന്ന വികസന പ്രവര്‍ത്തനങ്ങള്‍ക്കു വിഘാതം നില്‍ക്കുന്നവര്‍ പിന്നീട് ജനങ്ങളോടു മറുപടി പറയേണ്ടി വരുമെന്നും ഐഎന്‍ടിയുസി മലപ്പുറം ജില്ലാ വൈസ് പ്രസിഡന്റ് വി.പി. ഫിറോസ് അഭിപ്രായപ്പെട്ടു. ഇരുവരും റിയാദ് ഒഐസിസി മലപ്പുറം ജില്ലാ കമ്മിറ്റി നല്‍കിയ സ്വീകരണയോഗത്തില്‍ സംസാരിക്കുകയായിരുന്നു.

പ്രതിപക്ഷനേതാവിന്റെ നേതൃത്വത്തില്‍ സഭയിലും പുറത്തും നടക്കുന്ന പ്രതിഷേധസമരങ്ങള്‍ ന്യായീകരണമില്ലാത്തതും ജനാധിപത്യമര്യാദകള്‍ പാലിക്കാത്തതുമാണെന്നു യോഗത്തില്‍ പങ്കെടുത്തവര്‍ ഒരേ സ്വരത്തില്‍ അഭിപ്രായപ്പെട്ടു. മലപ്പുറം ജില്ലാ ഒഐസിസി പ്രസിഡന്റ് ജിഫിന്‍ അരീക്കോട് അധ്യക്ഷത വഹിച്ച പരിപാടി സെന്‍ട്രല്‍ കമ്മിറ്റി വൈസ് പ്രസിഡന്റ് സലിം കളക്കര ഉദ്ഘാടനം ചെയ്തു. സലാം തെന്നല ആമുഖ പ്രസംഗവും അബ്ദുള്ള വല്ലാഞ്ചിറ, സജി കായംകുളം, നൌഫല്‍ പാലക്കാടന്‍, മുസ്തഫ പാണ്ടിക്കാട് തുടങ്ങിയവര്‍ ആശംസാപ്രസംഗവും നിര്‍വഹിച്ചു. ജംഷദ് തുവ്വൂര്‍, ബാവ തിരൂരങ്ങാടി തുടങ്ങിയവര്‍ അതിഥികളെ ഷാള്‍ അണിയിച്ചു സ്വീകരിച്ചു. വിനീഷ് ഒതായി, ഷൌക്കത്ത് മഞ്ചേരി, സക്കീര്‍ ധാനത്ത്, ഷാഫി കൊടിഞ്ഞി, വാഹിദ് വാഴക്കാട്, അബൂബക്കര്‍ ബ്രഹ്മരത്ത്, മുത്തു തിരൂരങ്ങാടി, അന്‍സര്‍ വാഴക്കാട് തുടങ്ങിയവര്‍ നേതൃത്വം നല്‍കി. അമീര്‍ പട്ടണത്ത് സ്വാഗതവും കരീം മഞ്ചേരി നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍