മാപ്പ് ഇന്റര്‍നാഷണല്‍ വനിതാദിനം വര്‍ണാഭമായി കൊണ്ടാടി
Wednesday, March 18, 2015 5:29 AM IST
ഫിലാഡല്‍ഫിയ: മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഫിലാഡല്‍ഫിയയുടെ വിമന്‍സ് ഫോറത്തിന്റെ നേത്യത്വത്തില്‍ വനിതാദിനാഘോഷവും, സ്ത്രീകളൂടെ ആരോഗ്യത്തെക്കുറിച്ചുള്ള സെമിനാറും മാര്‍ച്ച് എട്ടിന് മാപ്പ് ബള്‍ഡിംഗില്‍ വച്ചു നടന്നു. ശ്രീദേവി അനൂപിന്റെ പ്രാര്‍ഥനാഗീതത്തോടെ ആരംഭിച്ച ആഘോഷ പരിപാടികളിലേക്കു മാപ്പ് വിമന്‍സ് ഫോറം ചെയര്‍പേഴ്സണ്‍ മിലി ഫിലിപ്പ് എല്ലാവരെയും സ്വാഗതം ചെയ്തു.

കാലയവനികയ്ക്കുള്ളില്‍ മണ്‍മറഞ്ഞുപോയ ബഹുമാന്യനായ കേരളനിയമസഭാ സ്പീക്കര്‍ ജി. കാര്‍ത്തികേയന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചുള്ള മൌനപ്രാര്‍ഥനയ്ക്കുശേഷം, വരുംകാല വിമന്‍സ് ഫോറം പ്രവര്‍ത്തനങ്ങളെയും, ആദ്യസംരംഭമായ വനിതാദിന ആഘോഷങ്ങളെയും പറ്റി മാപ്പ് പ്രസിഡന്റ് സാബു സ്കറിയ സംസാരിച്ചു. സ്ത്രീകള്‍ ശ്രദ്ധ നല്‍കാതെ പോകുന്ന ആരോഗ്യ പ്രശ്നങ്ങളായ ഹൃദയരോഗങ്ങള്‍, കാന്‍സര്‍, സ്ട്രോക്ക് എന്നിവയെപ്പറ്റി സെമിനാര്‍ അവതരിപ്പിക്കുവാനായി ഹാനമാന്‍ യൂണിവേഴ്സിറ്റിയിലെ കാര്‍ഡിയോളജി വിഭാഗം നഴ്സ് പ്രാക്ടീഷണറും ഡ്രെക്സല്‍ യൂണിവേര്‍സിറ്റി കോളജ് ഗസ്റ് ലക്ചററുമായ ബിനു ഷാജിമോനെ ലിസി കുര്യാക്കോസ് വേദിയിലേക്കു ക്ഷണിച്ചു. വിഞ്ജാനപ്രദവും ആരോഗ്യദായകവുമായ സെമിനാറിനു ശേഷം രാജേഷ് ജോണും ഇവാഞ്ജലീനാ ജോണും ചേര്‍ന്ന് പാടിയ യുഗ്മഗാനവും, സോയാനായരുടെ കവിത ആലാപനവുമുണ്ടായിരുന്നു.

കൂപ്പര്‍ യൂണിവേഴ്സിറ്റി ഇന്റേണല്‍ വിഭാഗം വൈദ്യവിദഗ്ധയായ ഡോ. ആനി. എം. ഏബ്രഹാമിനെ മുന്‍ സെമിനാറിലെ ആരോഗ്യപ്രശ്നങ്ങള്‍ക്കുള്ള പ്രിവന്‍ഷനെയും സ്ക്രീനിംഗിനെയും പറ്റി സെമിനാര്‍ അവതരിപ്പിക്കുന്നതിനായി ഷേര്‍ളി സാബു സദസിലേക്കു ക്ഷണിച്ചു. തുടര്‍ന്നു ശ്രീദേവി അനൂപ്, സുമോദ് നെല്ലിക്കാല, രാജേഷ് ജോണ്‍ എന്നിവരുടെ ഗാനങ്ങളുമുണ്ടായിരുന്നു. ഈ പരിപാടിയില്‍ പങ്കെടുത്ത എല്ലാവര്‍ക്കും വുമന്‍സ് ഫോറം കണ്വീനര്‍ സിലിജ ജോണ്‍ നന്ദി അറിയിച്ചു. ജൂലി വര്‍ഗീസ് ആയിരുന്നു ഈ ആഘോഷങ്ങളുടെ അവതാരിക. വരുംമാസങ്ങളില്‍ മാപ്പ് നടത്തുവാന്‍ ഇരിക്കുന്ന പരിപാടികളെപ്പറ്റി ജനറല്‍ സെക്രട്ടറി സിജു ജോണ്‍ സൂചിപ്പിച്ചു. മാപ്പ് വിമന്‍സ് ഫോറത്തിന്റെ നേത്യത്വത്തില്‍ ഇന്ത്യന്‍ കമ്മ്യൂണിറ്റിയില്‍ 'മേക്ക് എ ഡിഫറന്‍സ്' എന്ന ലക്ഷ്യത്തിന്റെ തുടക്കം വന്‍ വിജയമായിരുന്നു.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം