'ഒരുക്കം 2015' പ്രവാസി ജിദ്ദ നേതൃസംഗമം സംഘടിപ്പിച്ചു
Tuesday, March 17, 2015 6:04 AM IST
ജിദ്ദ: പ്രവാസി സാംസ്കാരികവേദിയുടെ സെന്‍ട്രല്‍, മേഖല, പ്രാദേശിക യൂണിറ്റ് നേതാക്കളുടെ ശാക്തീകരണം ലക്ഷ്യമാക്കി നടന്ന 'ഒരുക്കം 2015' വ്യത്യസ്ത സെഷനുകളോടെ നടന്നു. വെല്‍ഫയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം ഓണ്‍ലൈന്‍ വഴി ഉദ്ഘാടനം ചെയ്തു.

കരിപ്പൂര്‍ വിമാനത്താവളത്തെ പാര്‍ശ്വവത്കരിക്കാനുള്ള ശ്രമത്തിനെതിരെ ആദ്യ സമരം നടത്തിയത് വെല്‍ഫയര്‍ പാര്‍ട്ടിയാണ്. പ്രവാസി പ്രശ്നങ്ങളെ ഉയര്‍ത്തുന്നതില്‍ മുഖ്യധാര രാഷ്ട്രീയ കക്ഷികള്‍ പ്രകടിപ്പിക്കുന്ന വിമുഖത അവസരവാദപരമാണെന്നും ഹമീദ് വാണിയമ്പലം കൂട്ടിച്ചേര്‍ത്തു.

സംസ്ഥാന ജനറല്‍ സെക്രട്ടറി തെന്നിലാപുരം രാധാകൃഷ്ണന്‍ പ്രവര്‍ത്തകരെ വീഡിയോ കോണ്‍ഫറന്‍സ് വഴി അഭിസംബോധന ചെയ്തു. ഏപ്രില്‍ പത്തു മുതല്‍ മേയ് നാലു വരെ 'കോര്‍പറേറ്റ്-വര്‍ഗീയ-അഴിമതി മുക്ത കേരളം' എന്ന തലക്കെട്ടില്‍ നടക്കുന്ന ജനഹിത മുന്നേറ്റയാത്ര വിജയിപ്പിക്കാന്‍ അദ്ദേഹം പ്രവര്‍ത്തകരോട് ആഹ്വാനം ചെയ്തു.

പ്രസിഡന്റ് ശ്യാം ഗോവിന്ദ് അധ്യക്ഷത വഹിച്ചു. ഇസ്മയില്‍ കല്ലായി പാര്‍ട്ടി ക്ളാസ് നടത്തി. ഇന്ത്യന്‍ ദേശീയ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ ഹ്രസ്വചരിത്രം ഉസ്മാന്‍ പാണ്ടിക്കാട് അവതരിപ്പിച്ചു. ശഹദാദ് അബ്ദുറഹ്മാന്‍ നേതൃപരിശീലന പരിപാടിക്ക് നേതൃത്വം നല്‍കി. സമകാലിക വിഷയങ്ങളെ പ്രമേയമാക്കി മേഖല യിലെ കലാകാരന്മാര്‍ തെരുവു നാടകം നടത്തി. സലിം എടയൂര്‍, റെജികുമാര്‍ പറവൂര്‍, മുസ്തഫ മേലേതില്‍, നിഹാസ് കല്ലമ്പലം എന്നിവര്‍ ഗാനമാലപിച്ചു. ജനറല്‍ സെക്രട്ടറി ഖലീല്‍ പാലോട് സ്വാഗതവും മഹബൂബ് പത്തപ്പിരിയം അവലോകനവും കെ.എം. ഷാഫി നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂര്‍