മാര്‍പാപ്പ കാരുണ്യത്തിന്റെ വിശുദ്ധവര്‍ഷം പ്രഖ്യാപിച്ചു
Monday, March 16, 2015 8:21 AM IST
വത്തിക്കാന്‍സിറ്റി: കത്തോലിക്കാ സഭയില്‍ കാരുണ്യത്തിന്റെ വിശുദ്ധ വര്‍ഷമായി ആചരിക്കുമെന്നു ഫ്രാന്‍സിസ് മാര്‍പാപ്പ പ്രഖ്യാപിച്ചു. കരുണയാണ് ഇക്കുറി വിശുദ്ധവര്‍ഷത്തിന്റെ വിഷയമായി തെരഞ്ഞെടുത്തിരിക്കുന്നത്.

2000 ത്തിലായിരുന്നു ഇതിനു മുന്‍പുള്ള വിശുദ്ധ വര്‍ഷം. ഇപ്പോള്‍, താന്‍ മാര്‍പാപ്പയായി തെരഞ്ഞെടുക്കപ്പെട്ടതിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ചാണു ഫ്രാന്‍സിസ് മാര്‍പാപ്പ വിശുദ്ധ വര്‍ഷം പ്രഖ്യാപിച്ചിരിക്കുന്നത്.

2015 ഡിസംബര്‍ എട്ടു മുതല്‍ 2016 നവംബര്‍ 20വരെയാണു വിശുദ്ധ വര്‍ഷമായി ആചരിക്കുക. സാധാരണഗതിയില്‍ 25 വര്‍ഷം കൂടുമ്പോഴാണു വിശുദ്ധ വര്‍ഷം ആചരിക്കപ്പെടുക. മാര്‍പാപ്പയുടെ പ്രത്യേക പ്രഖ്യാപനം വഴി മാത്രമാണ് ഇടവേളയ്ക്കു ദൈര്‍ഘ്യം കുറയുക.

1.28 ബില്യന്‍ അംഗങ്ങളുള്ള സഭ കൂടുതല്‍ കരുണാമയമാകണമെന്നാണു തന്റെ ആഗ്രഹമെന്നാണു മാര്‍പാപ്പ പലപ്പോഴും വ്യക്തമാക്കിയിട്ടുള്ളത്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍