ദൈവിക ചൈതന്യമുള്‍ക്കൊണ്ട് അമേരിക്കന്‍ അതിഭദ്രാസന വൈദിക ധ്യാനയോഗം
Monday, March 16, 2015 7:28 AM IST
ഹൂസ്റണ്‍: നോര്‍ത്ത് അമേരിക്കന്‍ മലങ്കര അതിഭദ്രാസന വൈദിക വാര്‍ഷിക ധ്യാനയോഗം മാര്‍ച്ച് അഞ്ചു മുതല്‍ ഏഴു വരെ തീയതികളില്‍ ഹൂസ്റണ്‍ സെന്റ് മേരീസ് പളളിയില്‍ ഇടവക മെത്രാപ്പോലീത്താ യെല്‍ദൊ മാര്‍ തീത്തോസ് തിരുമേനിയുടെ അധ്യക്ഷതയിലും ആയൂബ് മാര്‍ സില്‍വാനോസ്, കുര്യാക്കോസ് മാര്‍ തെയോഫിലോസ് എന്നീ മെത്രാപ്പോലീത്താമാരുടെ സാന്നിധ്യത്തിലും നടത്തപ്പെട്ടു.

വിവിധങ്ങളായ പ്രോഗ്രാമുകള്‍ ഉള്‍ക്കൊള്ളിച്ച് തികച്ചും ആത്മീയ അന്തരീക്ഷത്തില്‍ നടന്ന ഈ നോമ്പുകാല ധ്യാനയോഗത്തില്‍ കാനഡയിലേയും അമേരിക്കയിലേയും വിവിധ ദേവാലയങ്ങളില്‍ നിന്നുമായി കോര്‍ എപ്പിസ്കോപ്പമാര്‍, വൈദികര്‍, ശെമ്മാശന്മാര്‍ എന്നിങ്ങനെ അമ്പതില്‍പരം പേര്‍ സംബന്ധിച്ചു.

വൈദീക സെക്രട്ടറി റവ. ഗീവര്‍ഗീസ് ചട്ടത്തില്‍ കോര്‍ എപ്പിസ്കോപ്പായുടെ ആമുഖ പ്രസംഗത്തോടെ പ്രോഗ്രാമിനു തുടക്കം കുറിച്ചു. ഫാ. ബിനു ജോസഫ് സ്വാഗതമാശംസിച്ചു.

തികഞ്ഞ ജീവിതവിശുദ്ധിയില്‍ പരിശുദ്ധ സഭയുടെ വിശ്വാസാചാരനുഷ്ഠനങ്ങള്‍, നിഷ്ഠയോടെ അനുഷ്ഠിച്ച്, ഫലകരമായ സുവിശേഷവേലയിലൂടെ ക്രിസ്തുവിന്റെ നല്ലവനും വിശ്വസ്തനുമായ ഭടനായിതീരുവാന്‍ തിരുമേനി പ്രസംഗത്തിലൂടെ വൈദികരെ ഓര്‍മിപ്പിച്ചു. തുടര്‍ന്ന് അയൂബ് മാര്‍ സില്‍വാനോസ് മെത്രാപ്പോലീത്താ ക്നാനായ സിറിയന്‍ ഓര്‍ത്തഡോക്സ് ചര്‍ച്ച് ആശംസാ പ്രസംഗം നടത്തി. വൈദീക വൃത്തിയുടെ മഹാത്മ്യത്തെ സംബന്ധിച്ച് തിരുമേനി ആശംസാ പ്രസംഗത്തില്‍ സൂചിപ്പിക്കുയുണ്ടായി.

ആറിനു(വെള്ളി) രാവിലെ പ്രഭാത പ്രാര്‍ഥനയ്ക്കുശേഷം റവ. ഫാ. സജി പിണാര്‍ക്കയില്‍ (സെന്റ് മേരീസ് ക്നാനായ കാത്തലിക് ചര്‍ച്ച്, ഹൂസ്റണ്‍) ആത്മീയ ജീവിതം എന്ന വിഷയത്തെ ആസ്പദമാക്കി മുഖ്യപ്രഭാഷണം നടത്തി. ക്രിസ്തുവിന്റെ വാസസ്ഥലമായ നമ്മുടെ ശരീരത്തെ വിശുദ്ധിയോടെ കാത്തു സുക്ഷിച്ച്, ദൈവകൃപ നഷ്ടപ്പെടാതെ ദൈവസന്നിധിയില്‍ പൂര്‍ണമായ സമര്‍പ്പിച്ച് വ്യക്തിജീവിതത്തിലും നല്ല സാക്ഷ്യമുളളവരായിരിപ്പാന്‍ വൈദികരെ അദ്ദേഹം ഓര്‍മിപ്പിച്ചു. ഉച്ചയ്ക്കുശേഷം കുര്യാക്കോസ് മാര്‍ തെയോഫിലോസ് മെത്രാപ്പോലീത്ത (വൈദിക സെമിനാരി വെട്ടിക്കല്‍) 'നിന്നെ ഉദരത്തില്‍ ഉറുവാക്കിയവനില്‍നിന്നു ഞാന്‍ നിന്നെ അറിഞ്ഞു. യിരമ്യാവ് 1-5 എന്ന വേദ ഭാഗത്തെ അടിസ്ഥാനമാക്കി എടുത്ത ക്ളാസ് തികച്ചും വിജ്ഞാന പ്രദവും ആത്മീയ ചൈതനവ്യം ഉള്‍ക്കൊളളുന്നതുമായിരുന്നു. കോര്‍ എപ്പിസ്കോപ്പാമാരായ റവ. മാത്യൂസ് ഇടത്തറ ( ഭദ്രസന സെക്രട്ടറി)റവ. എബ്രഹാം കടവില്‍, റവ. സ്കറിയ തേലാപ്പിളളി, റവ. ജോസഫ് വി. ജോസഫ്, റവ. ജോണ്‍ വര്‍ഗീസ്, റവ. വര്‍ഗീസ് മരുത്തിനാല്‍ എന്നിവര്‍ക്കുപുറമേ ഫാ. ജോയി ജോണ്‍, ഫാ. ഗീവര്‍ഗീസ് ചാലിശേരി, ഫാ. സജി മര്‍ക്കോസ്, ഫാ. ജെറി ജേക്കബ്, ഫാ. ആകാശ് പോള്‍, ഫാ. സജി കോര, ഫാ. വര്‍ഗീസ് പോള്‍, ഫാ. ജോസഫ് വര്‍ഗീസ്, ഫാ. രാജന്‍ പീറ്റര്‍, ഫാ. ജോര്‍ജ് ഏബ്രഹാം, ഫാ. വി.എം. തോമസ് എന്നിവര്‍ ചര്‍ച്ചകള്‍ക്കു നേതൃത്വം നല്‍കി.

തുടര്‍ന്നു റവ. ആദായി ജേക്കബ് മാര്‍ എപ്പിസ്കോപ്പാ (വൈദിക സെമിനാരി പ്രിന്‍സിപ്പല്‍) വൈദികരില്‍ നിക്ഷിപ്തമായിരിക്കുന്ന ചുമതലകളെക്കുറിച്ച് തിരുവചനാടിസ്ഥാനത്തില്‍ സംസാരിച്ചു. റവ. ഫാ. തോമസ് വേങ്കടത്തിന്റെ ധ്യാനയോഗത്തിനുശേഷം വി. കുമ്പസാരവും നടന്നു.

ഏഴിന് (ശനി) പ്രഭാത പ്രാര്‍ഥനയും തിരുമേനിമാരുടെ നേതൃത്വത്തില്‍ വി. മൂന്നിന്മേല്‍ കുര്‍ബാനയും നടന്നു. സ്നേഹ വിരുന്നോടെ ഈവര്‍ഷത്തെ വൈദിക ധ്യാനയോഗം നിറഞ്ഞ ആത്മീയ നിറവില്‍ സമാപിച്ചു. അമേരിക്ക അതി ഭദ്രാസന പിആര്‍ഒ കറുത്തേടത്ത് ജോര്‍ജ് അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: മാര്‍ട്ടിന്‍ വിലങ്ങോലില്‍