ഫാത്തിമാ ഇമ്പിച്ചിബാവയെ നവോദയ കുടുംബവേദി ആദരിച്ചു
Monday, March 16, 2015 5:24 AM IST
റിയാദ്: അന്താരാഷ്ട്ര വനിതാ ദിനാചരണത്തോടനുബന്ധിച്ച് മുന്‍ മലപ്പുറം ജില്ലാ കൌണ്‍സില്‍ അംഗവും പൊന്നാനി മുന്‍സിപ്പല്‍ ചെയര്‍പേഴ്സനുമായിരുന്ന ഫാത്തിമ ഇമ്പിച്ചിബാവയെ നവോദയ കുടുംബവേദി ആദരിച്ചു. 47 വര്‍ഷം നീണ്ട അധ്യാപന വൃത്തിയോടൊപ്പം ചെങ്കൊടിക്കു കീഴില്‍ സ്ത്രീ പക്ഷ രാഷ്ട്രീയം ഉയര്‍ത്തിപിടിക്കുകയും നിരവധി സ്ത്രീകളെ രാഷ്ട്രീയ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിനും പൊന്നാനി നഗരസഭയുടെ വികസനത്തിനും ഫാത്തിമാ ബീവിയുടെ മാതൃകാ പ്രവര്‍ത്തനങ്ങള്‍ സഹായിച്ചതായി അനുമോദന സന്ദേശത്തില്‍ പറഞ്ഞു. അന്തരിച്ച പ്രമുഖ സിപിഎം നേതാവും മുന്‍ ഗതാഗത മന്ത്രിയുമായിരുന്ന ഇമ്പിച്ചിബാവയുടെ പത്നിയാണു ഫാത്തിമ ഇമ്പിച്ചിബാവ.

വനിതാ ദിനാചരണം ഷീബാ രാജു ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. പെണ്‍കുട്ടികളുടെ അഭിപ്രായ സ്വാതന്ത്യ്രത്തെ സ്വകുടുംബത്തില്‍ പോലും അടിച്ചമര്‍ത്തുന്ന രീതിയാണ് അവരെ പൊതുസമൂഹത്തില്‍ നിന്നകറ്റുന്നതെന്നും അവര്‍ക്കെതിരേ നടക്കുന്ന പീഡനങ്ങളേയും അതിക്രമങ്ങളേയും ചെറുത്തുനില്ക്കാന്‍ കഴിയാത്തവിധം അവര്‍ ദുര്‍ബലരായി പോകുന്നതെന്നും ഷീബ ചൂണ്ടിക്കാട്ടി. വനിതാദിനാചരണത്തിന്റെ ചരിത്രവും രാഷ്ട്രീയ പ്രസക്തിയും ദീപാ ജയകുമാര്‍ വിവരിച്ചു. പുരുഷന് മുന്നിലോ പിന്നിലോ അല്ല, അവനോടൊപ്പം തോളോട് തോള്‍ ചേര്‍ന്ന് നല്ല സമൂഹ സൃഷ്ടിക്കായി ഓരോ സ്ത്രീയും പ്രവര്‍ത്തിക്കണമെന്നു ചടങ്ങില്‍ സംസാരിച്ച സിദ്ധു പ്രദീപ് പറഞ്ഞു. സ്ത്രീ ആരുടേയും അടിമയല്ല, അവള്‍ സ്വന്തം വ്യക്തിത്വം കാത്തുസൂക്ഷിക്കണമെന്നും സിന്ധു പറഞ്ഞു. നവോദയ പ്രസിഡന്റ് രതീഷ്, അഹമ്മദ് മേലാറ്റൂര്‍, റസൂല്‍ സലാം, രാജു ഫിലിപ്പ് തുടങ്ങിയവരും വനിതാദിനാചരണത്തെ അഭിവാദ്യം ചെയ്ത് സംസാരിച്ചു. നിഷാ അഹമ്മദ് ഫാത്തിമാ ഇമ്പിച്ചിബാവയുടെ പ്രശംസനീയ പ്രവര്‍ത്തനങ്ങളെകുറിച്ച് വിവരിച്ചു. കുടുംബവേദിയുടെ എക്സിക്യൂട്ടീവ് അംഗം മായാ അജിത് സംഘടനയുടെ ഉപഹാരം ഫാത്തിമ ഇമ്പിച്ചിബാവയ്ക്കു കൈമാറി.

തനിക്കു നല്കിയ സ്വീകരണത്തിന് നന്ദി പറഞ്ഞ ഫാത്തിമാ ഇമ്പിച്ചിബാവ പൊന്നാനി നഗരസഭാ അധ്യക്ഷ എന്ന നിലയില്‍ താന്‍ നടത്തിയ വികസന പ്രവര്‍ത്തനങ്ങളെക്കുറിച്ച് വിവരിച്ചു. ചടങ്ങില്‍ നവോദയ കുടുംബവേദി ചെയര്‍പേഴ്സന്‍ ബിന്ദു രാജേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. നജ്മാ പൂക്കോയ തങ്ങള്‍ സ്വാഗതവും മഞ്ജു വിക്രമലാല്‍ നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍