വിമന്‍സ് ഫോറം ടീം പടിയിറങ്ങുന്നു; സംതൃപ്തിയോടെ മീര
Monday, March 16, 2015 5:22 AM IST
ന്യൂയോര്‍ക്ക്: ഇരുപതോളം അസോസിയേഷനുകള്‍ അംഗങ്ങളായ ക്നാനായ കാത്തലിക്കോണ്‍ഗ്രസ് ഓഫ് നോര്‍ത്ത് അമേരിക്കയുടേ (കെസിസിഎന്‍എ) ഭാഗമായ വിമന്‍സ് ഫോറം പ്രവര്‍ത്തനങ്ങള്‍ കൊണ്ട് കെസിസിഎന്‍സിയുടെ അഭിമാനമാണ്.

രണ്ടുവര്‍ഷത്തെ വിമന്‍സ് ഫോറത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ അഭിമാനകരമായ നേട്ടം ഉണ്ടായതും ഉദ്ദേശിച്ച കാര്യങ്ങള്‍ തക്കസമയത്ത് വിജയകരമായി നിര്‍വഹിക്കാന്‍ കഴിഞ്ഞതും ഫോറത്തിന്റെ നാഷണല്‍ പ്രസിഡന്റ് മീര ഉറുമ്പേത്തിന്റെയും കമ്മറ്റി അംഗങ്ങളുടെയും ചിട്ടയായ പ്രവര്‍ത്തനം ഒന്നുകൊണ്ടു മാത്രമാണ്.

ഫോറത്തില്‍ നാഷണല്‍ പ്രസിഡന്റും ന്യൂയോര്‍ക്കിലെ ഐകെസിസിയുടെ വിമന്‍സ് ഫോറത്തിന്റെ പ്രസിഡന്റും കൂടിയാണു മികച്ച സംഘാടകകൂടിയായ മീര. ക്നാനായായ കണ്‍വന്‍ഷനിലെ റിസപ്ഷന്‍ കമ്മിറ്റി മുതല്‍ കണ്‍വന്‍ഷനിലെ ഒട്ടേറെ മികവാര്‍ന്ന പരിപാടികളുടെ ചുമതല ഉത്തരവാദത്തോടെ നിര്‍വഹിച്ചുവെന്നതു ഫോറം അംഗങ്ങളുടെ ആത്മവിശ്വാസം വര്‍ധിപ്പിച്ചുവെന്നു മീര വിലയിരുത്തുന്നു.

ഏറ്റവും ശ്രദ്ധേയമായ സൌന്ദര്യമത്സരം വിമന്‍സ് ഫോറം അംഗങ്ങളുടെ ശ്രമഫലമായി നല്ലൊരു പരിപാടിയാക്കാന്‍ കഴിഞ്ഞതു മാത്രമല്ല, ആദ്യമായി ആണ്‍കുട്ടികളുടെ (മന്നന്‍) സൌന്ദര്യമത്സരം അവതരിപ്പിക്കുകയും ചെയ്തു. സൌന്ദര്യമത്സരം, പ്രസ്റീജിയസ് ഇനമായി മാറിയത് അതിന്റെ സംഘടനാ മികവുകൊണ്ടു മാത്രമാണ്.

വടക്കേ അമേരിക്കയിലെ പുതിയ തലമുറയെക്കുറിച്ചുള്ള സെമിനാറില്‍ സാം ജോര്‍ജ് നല്‍കിയ മൂല്യവത്തായ നിര്‍ദേശങ്ങള്‍ കുട്ടികളും മാതാപിതാക്കളും തമ്മിലുള്ള തുറന്ന ചര്‍ച്ചയ്ക്ക് കാരണമായി. വളരെ പ്രയോജനകരമായ സെമിനാറില്‍ പങ്കെടുത്ത ഓരോരുത്തരം അഭിനന്ദനം ചൊരിഞ്ഞത് വിമന്‍സ് ഫോറം അംഗങ്ങളുടെ അഭിമാനനിമിഷങ്ങളായിരുന്നു.

അതുപോലെ ഫോറം സംഘടിപ്പിച്ച ലഹരിമരുന്നുകളെക്കുറിച്ചുള്ള സെമിനാറും വളരെ പ്രയോജനകരമായിരുന്നെന്നു മീര പറഞ്ഞു.

ഫോറത്തിന്റെ വിജയകരമായ പ്രവര്‍ത്തനങ്ങള്‍ക്കു എല്ലാവിധ സഹായവും സഹകരണവും നല്‍കിയ ജയ്മോള്‍ പീടികയില്‍, ചിന്നു തോട്ടം, ഷൈബി ചെറുകര, ജിജി കല്ലേലുമണ്ണില്‍, ബീന നന്തന്‍കിനാട്ടുകര, ജിഷ ചാരാത്ത് ഇവരുടെ കൂട്ടായ ശ്രമത്തിലൂടെയാണു പ്രവര്‍ത്തനങ്ങള്‍ വിജയത്തിലെത്തിക്കുവാന്‍ കഴിഞ്ഞതെന്നു പ്രത്യേകം എടുത്തു പറയേണ്ട കാര്യമാണ്. രാജു ഉറുമ്പേത്തിന്റെ ഭാര്യയായ മീര ന്യൂയോര്‍ക്കില്‍ ഫിസിയോതെറാപ്പിസ്റായി ജോലി ചെയ്യുന്നു.

റിപ്പോര്‍ട്ട്: ജോസഫ് മാനുവല്‍