സ്കൂളില്‍ തട്ടമിട്ട് ജോലിക്കെത്താമെന്ന് ജര്‍മന്‍ ഫെഡറല്‍ കോടതി
Saturday, March 14, 2015 8:48 AM IST
ബര്‍ലിന്‍: മുസ്ലിം അധ്യാപികമാര്‍ക്ക് തട്ടമിട്ട് (ശിരോവസ്ത്രം) സ്കൂളില്‍ ജോലിക്കു പ്രവേശിക്കാമെന്ന് കാള്‍സ്റൂവിലെ ജര്‍മന്‍ ഫെഡറല്‍ കോടതി വിധിച്ചു.

2004 മുതല്‍ നിലവിലിരുന്ന നിയമം ഇതോടെ അസാധുവായി. തട്ടമിടാതെ മാത്രമേ ജോലിക്കു പ്രവേശനം അനുവദിക്കൂ എന്ന നിയമം മതപരമായ ഹനിക്കലാണെന്നു ചൂണ്ടിക്കാട്ടിയാണ് ജര്‍മനിയിലെ പരമോന്നത നീതിപീഠത്തിന്റെ വിധി. എന്നാല്‍ ക്രിസ്ത്യന്‍ ആചാരങ്ങള്‍ക്ക് വിലക്ക് നല്‍കിയിരുന്നില്ല എന്നതും വിധിയില്‍ പരാമര്‍ശന വിഷയമാക്കിയിരുന്നു കോടതി.

2004 ല്‍ നോര്‍ത്ത് റൈന്‍ വെസ്റ്ഫാളിയ സംസ്ഥാന കോടതിയുടെ വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് രണ്ടു മുസ്ലിം അധ്യാപികമാര്‍ നല്‍കിയ അപ്പീലിന്മേലാണ് മാര്‍ച്ച് 13ന് (വെള്ളി) ഫെഡറല്‍ കോടതിയുടെ വിധിയുണ്ടായത്. തട്ടമിടുന്നതു പരമ്പരാഗതമായ ഒരു കാര്യമാണെന്നും അതു ചില സംസ്കാരത്തെ സൂചിപ്പിക്കുന്നുവെന്നും കോടതി പറഞ്ഞു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍