ഷിക്കാഗോ സെന്റ് മേരീസില്‍ ലോക വനിതാ ദിനവും സെമിനാറും നടത്തി
Saturday, March 14, 2015 8:47 AM IST
ഷിക്കാഗോ: ഷിക്കാഗോ സെന്റ് മേരീസ് ക്നാനായ കാത്തലിക് ദേവാലയത്തില്‍ ലോക വനിതാ ദിനാചരണവും സെമിനാറും നടത്തി. മാര്‍ച്ച് എട്ടിന് (ഞായര്‍) രാവിലെ 10നു നടന്ന വിശുദ്ധ കുര്‍ബാനയ്ക്കുശേഷം പാരീഷ് ഹാളില്‍ ലോക വനിതാദിനത്തിന്റെ ഭാഗമായി ഇടവകയിലെ വിമന്‍സ് മിനിസ്ട്രി ഇടവകയിലെ അംഗങ്ങള്‍ക്ക് പായസ വിതരണം നടത്തി.

തുടര്‍ന്നു വികാരി ഫാ. തോമസ് മുളവനാല്‍ കുടുംബവര്‍ഷാചരണത്തിന്റെ ഭാഗമായി 'കുടുംബം ഒരു ഗാര്‍ഹിക സഭ' എന്ന വിഷയത്തെ ആസ്പദമാക്കി സെമിനാര്‍ നടത്തി. കുടുംബം സഭയുടെ ഒരു ചെറിയ പതിപ്പാണെന്നും കുടുംബത്തില്‍ നിന്നാണ് നാം ആദ്യമായി ദൈവത്തെപ്പറ്റി അറിയുന്നതും മനസിലാക്കുന്നതുമെന്നും അഭിപ്രായപ്പെട്ടു. കുടുംബ ജീവിതം വിശുദ്ധമാണെന്നും സഭയുടെ അടിസ്ഥാന ഘടകമായ കുടുംബത്തില്‍ നിന്നാണ് വിശ്വാസപരിശീലനം ആരംഭിക്കേണ്ടതെന്നും അച്ചന്‍ പറഞ്ഞു. കുട്ടികളുടെ വിശ്വാസപരിശീലനത്തിന്റെ തുടക്കം മാതാപിതാക്കളില്‍ നിന്നാണെന്നും എല്ലാദിവസവും മുടങ്ങാതെ കുടുംബത്തിലെ എല്ലാവരും ഒന്നിച്ചു കുടുംബ പ്രാര്‍ഥന നടത്തണമെന്നും അച്ചന്‍ പ്രതിപാദിച്ചു.

റ്റിറ്റോ കണ്ടാരപ്പള്ളി, സ്റീഫന്‍ ചൊള്ളമ്പേല്‍, മനോജ് വഞ്ചിയില്‍, ബിനോയി പൂത്തുറ, സാബു മഠത്തിപ്പറമ്പില്‍, ജോയിസ് മറ്റത്തിക്കുന്നേല്‍, ജോണിക്കുട്ടി പിള്ളവീട്ടില്‍ എന്നിവര്‍ സെമിനാറിന്റെ ക്രമീകണങ്ങള്‍ക്ക് നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: ജോണിക്കുട്ടി പിള്ളവീട്ടില്‍