സാമൂഹിക പ്രവര്‍ത്തകരുടെ ശ്രമ ഫലം: ക്ളിന്റ് ആന്‍ ജോസ് നാട്ടിലെത്തി
Saturday, March 14, 2015 8:40 AM IST
അസീര്‍: ഏഴു മാസത്തോളം ജോലിയും ശമ്പളവുമില്ലാതെ വിഷമാവസ്ഥയില്‍ കഴിഞ്ഞിരുന്ന ക്ളിന്റ് ആന്‍ ജോസ് കഴിഞ്ഞ ദിവസം സാമൂഹിക പ്രവര്‍ത്തകരുട കൂട്ടായ ശ്രമ ഫലമായി നാട്ടിലെത്തി.

2013 ജൂലൈയില്‍ ഡല്‍ഹിയില്‍ നിന്നും റിക്രൂട്ട് ചെയ്യപ്പെട്ട്, സൌദി ആരോഗ്യ മന്ത്രാലയത്തിന് കീഴില്‍ നഴ്സ് ആയി അബഹ സെന്‍ട്രല്‍ ഹോസ്പിറ്റലില്‍ എത്തിയ തിരുവമ്പാടി ഇലഞ്ഞിക്കല്‍ സ്വദേശിനി ക്ളിന്റ് ആന്‍ ജോസിന്റെ ജീവിതത്തിലേക്ക് ആകസ്മികമായാണ് ദുരവസ്ഥ കടന്നുവന്നത്. അബഹയിലെത്തിയ ക്ളിന്റിനെ തുടക്കത്തില്‍ തന്നെ നിര്‍ഭാഗ്യം പിടികൂടിക്കഴിഞ്ഞിരുന്നു. സൌദി കൌണ്‍സില്‍ നടത്തിയ യോഗ്യത പരീക്ഷയില്‍ പരാജയപ്പെട്ട ക്ളിന്റിന് എഗ്രിമന്റ് കലാവധി പ്രകാരമുള്ള ഒരു വര്‍ഷം മാത്രമെ തുടര്‍ന്നു ജോലിയില്‍ തുടരുവാന്‍ കഴിയുമായിരുന്നുള്ളു. എഗ്രിമന്റ് കാലാവധി പൂര്‍ത്തിയായപ്പോള്‍ സൌദി കൌണ്‍സില്‍ ക്ളിന്റിന് തിരികെ നാട്ടിലേക്ക് പോകാനുള്ള എക്സിറ്റ് വീസ നല്‍കി. നാട്ടിലേക്ക് മടങ്ങാനായി തയാറെടുത്ത ആ ദിവസമാണ്, സങ്കീര്‍ണമായ പ്രശ്നങ്ങള്‍ ജീവിതത്തിലേക്ക് കടന്നുകയറിയത്.

അബഹയില്‍ നിന്നും ഏകദേശം 150 കിലോമീറ്ററുകള്‍ക്കപ്പുറമുള്ള തരീബ് എന്ന കുഗ്രാമത്തിലെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലേക്കാണ് അബഹ സെന്‍ട്രല്‍ ഹോസ്പിറ്റലില്‍ നിന്നും ക്ളിന്റിനെ ജോലിക്കായി നിയമിച്ചത്. അവിടെ ജോലി ചെയ്യുന്ന സമയത്താണ് ക്ളിന്റിന് നാട്ടിലേക്ക് പോകാനുള്ള അവസരം ലഭിച്ചത്. നാട്ടിലേക്ക് മടങ്ങാനുള്ള ടിക്കറ്റും കൈയില്‍വച്ച് കൂട്ടുകാരികളോട് യാത്രപറഞ്ഞിറങ്ങുന്ന സമയത്താണ് ക്ളിന്റിനെ കാണുവാനായി കൌണ്‍സിലിലെ സെക്ടറിലെ ചില ഉദ്യോഗസ്ഥര്‍ എത്തുകയും ക്ളിന്റിന് നാട്ടിലേക്ക് പോകുവാന്‍ കഴിയില്ലെന്നും ഏതോ കേസുമായി ബന്ധപ്പെട്ട പ്രശ്നങ്ങളുടെ സങ്കീര്‍ണതയാണ് കാരണമെന്നും അറിയിച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ക്ളിന്റിനും സഹപ്രവര്‍ത്തകര്‍ക്കും ഇതുമായി ബന്ധപ്പെട്ട വിഷയവും അതിന്റെ ഗൌരവവും മനസിലാക്കാന്‍ കഴിഞ്ഞു.

ഏകദേശം പതിനൊന്ന് മാസങ്ങള്‍ക്ക് മുമ്പ് ഒരു ദിവസം രാവിലെ ഇതേ ഡിസ്പെന്‍സറിയിലെ വാര്‍ഡന്റെ ഭര്‍ത്താവായ സൌദി സ്വദേശി, ഛര്‍ദിയും ദേഹാസ്വാസ്ഥ്യവും അനുഭവപ്പെട്ട് വാര്‍ഡനൊപ്പം ചികിത്സയ്ക്കായി എത്തുകയും അന്നേ ദിവസം ഡ്യൂട്ടിയിലുണ്ടായിരുന്ന ഈജിപ്ഷ്യന്‍ ഡോക്ടറെ കാണുകയും ചെയ്തു. തുടര്‍ന്ന് ഡോക്ടര്‍ ഛര്‍ദിലിനുള്ള ഇന്‍ജക്ഷന്‍ കുറിച്ചുകൊടുത്തു. ഡോക്ടര്‍ നിര്‍ദേശിച്ച മരുന്നും പ്രിസ്ക്രിപ്ക്ഷനുമായി വാര്‍ഡന്‍ അന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന ക്ളിന്റിനെ സമീപിച്ചു. ഡോക്ടറുടെ പ്രിസ്ക്രിപ്ഷന്‍ പ്രകാരം ക്ളിന്റ് രോഗിക്ക് ഇന്‍ജക്ഷന്‍ നല്‍കി. തുടര്‍ന്ന് ക്ളിന്റിനെയും സഹപ്രവര്‍ത്തകരെയും തന്റെ ഭര്‍ത്താവിനെ വാര്‍ഡന്‍ പരിചയപ്പെടുത്തുകയും ആശുപത്രിയില്‍ നിന്ന് അവര്‍ വീട്ടിലേക്ക് തിരിക്കുകയും ചെയ്തു. എന്നാല്‍ അന്നേ ദിവസം രാത്രിയില്‍ വാര്‍ഡന്റെ ഭര്‍ത്താവായ സൌദി സ്വദേശി മരണപ്പെട്ടെന്ന വാര്‍ത്തയാണ് ക്ളിന്റിനും സഹപ്രവര്‍ത്തകര്‍ക്കും അറിയാന്‍ കഴിഞ്ഞത്. തന്റെ ഭര്‍ത്താവ് ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണപ്പെട്ടതെന്നും വാര്‍ഡന്‍ വഴി അറിഞ്ഞു. ഈ സംഭവം നടന്ന് പതിനൊന്ന് മാസക്കാലം കഴിഞ്ഞ് ക്ളിന്റ് ആന്‍ ജോസ് എക്സിറ്റ് വീസയില്‍ നാട്ടിലേക്ക് തിരികെ പോകാന്‍ തയാറെടുത്ത ദിവസം മാത്രമാണ് ഈ സംഭവവുമായി ബന്ധപ്പെട്ട് ഇങ്ങനെ ഒരു പ്രശ്നം ഉണ്െടന്ന് അറിഞ്ഞത്. അന്ന് ക്ളിന്റിനെ കാണാനെത്തിയ ഉദ്യോഗസ്ഥര്‍ അറിയിച്ചത് മരണപ്പെട്ട സ്വദേശിയുടെ മകന്‍ രണ്ടുമാസം മുമ്പ് ഡോക്ടര്‍ക്കെതിരെ പരാതി നല്‍കിയെന്നും ക്ളിന്റിനെതിരെ പ്രത്യേകിച്ച് പരാതി ഒന്നുമില്ല എങ്കില്‍ പോലും പ്രശ്നങ്ങളുടെ ഗൌരവം കാരണം രണ്ടാഴ്ച കഴിഞ്ഞെ ക്ളിന്റിന് ഇനി നാട്ടിലേക്ക് പോകുവാന്‍ കഴിയുകയുള്ളൂ എന്നുമാണ്. എന്നാല്‍ മാസങ്ങള്‍ കഴിഞ്ഞിട്ടും നാട്ടില്‍ പോകാനോ തിരികെ ജോലിയില്‍ പ്രവേശിക്കാനോ ക്ളിന്റിന് സാധിക്കാതെ മുറിക്കുള്ളില്‍ തന്നെ കഴിച്ചുകൂട്ടേണ്ട സ്ഥിതിയും വന്നുചേര്‍ന്നു.

ഒടുവില്‍ ക്ളിന്റ് സുഹൃത്തുക്കളുടെ പക്കലില്‍ നിന്നും ജിദ്ദയിലെ ഇന്ത്യന്‍ എംബസി ഓഫീസിലേക്ക് ഫോണ്‍ ചെയ്ത് തന്റെ നിസഹായവസ്ഥ അറിയിച്ചു. തുടര്‍ന്ന് ക്ളിന്റിന്റെ അച്ഛന്‍ എം.ഐ. ഷാനവാസ് എംപിയെ വിവരം അറിയിക്കുകയും ക്ളിന്റ് എന്ന മലയാളി നഴ്സ് പ്രവാസ ജീവിതത്തില്‍ അനുഭവിച്ചുകൊണ്ടിരിക്കുന്ന ദുരിതപൂര്‍ണമായ ജീവിതത്തെകുറിച്ച് ഷാനവാസ്, വിദേശകാര്യമന്ത്രി സുഷമാ സ്വരാജിനെ ധരിപ്പിക്കുകയും സഹായം ആവശ്യപ്പെടുകയും ചെയ്തു. സുഷമ സ്വരാജ് പ്രശ്നത്തില്‍ അടിയന്തര നിര്‍ദ്ദേശം നല്‍കിയതിനെ തുടര്‍ന്ന് എംബസിയില്‍ നിന്ന് അന്വേഷിക്കാന്‍ ഉദ്യോഗസ്ഥന്‍ ക്ളിന്റിന്റെ അടുത്ത് എത്തി വിവരങ്ങള്‍ ആരാഞ്ഞു. കൂടാതെ ഖമീസിലെ ജീവകാരുണ്യ പ്രവര്‍ത്തകനും ഇന്ത്യന്‍ എംബസി വെല്‍ഫെയര്‍ കമ്മിറ്റി അംഗവുമായ ഇബ്രാഹിം പട്ടാമ്പി വിഷയത്തില്‍ സജീവമായി ഇടപെടുകയും നിരന്തരം എംബസിക്ക് വിവരങ്ങള്‍ കൈമാറുകയും ചെയ്തുകൊണ്ട് വിഷയത്തിന് ഗൌരവസ്വഭാവമേകി. ഇതേ തുടര്‍ന്ന് ഇന്ത്യന്‍ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥനായ സന്ദീപ് കുമാര്‍ സിംഗ്, ഇബ്രാഹിം പട്ടാമ്പി എന്നിവര്‍ തരീബിലെ ആശുപത്രിയിലെത്തി ക്ളിന്റിനെ സന്ദര്‍ശിക്കുകയും പരാതി എഴുതി വാങ്ങുകയും ചെയ്തു. കഴിഞ്ഞ ദിവസം, സൌദി ആരോഗ്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍, ക്ളിന്റുമായി, ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ അബഹ വെല്‍ഫെയര്‍ കമ്മിറ്റിയംഗം ഇബ്രാഹിം പട്ടാമ്പിയുമായും നടത്തിയ, ചര്‍ച്ചയിലാണ്, നിരപരാധിത്വം തെളിയിക്കപ്പെട്ടത്. നിരപരാധിത്വം തെളിഞ്ഞെങ്കിലും ക്ളിന്റ് ആന്‍ ജോസിന് നാട്ടിലേക്ക് പോകണമെങ്കില്‍ ആരോഗ്യ മന്ത്രാ ലയത്തില്‍ ജോലി ചെയ്യുന്ന ആരുടെയെങ്കിലും സമ്മത പത്രം ആവശ്യമാണെന്നും അല്ലെങ്കില്‍ ഗവണ്‍മെന്റ് ജോലിയുള്ള സ്വദേശികള്‍ കേസ് ഏറ്റെടുക്കണമെന്നും അറിയിച്ചു. തന്നെ സഹായിച്ചുകൊണ്ടിരുന്ന ഇബ്രാഹീം പട്ടാമ്പി നാട്ടിലേക്ക് പോയതിനാല്‍ തുടര്‍ന്ന് കാര്യങ്ങള്‍ മുന്നോട്ട് കൊണ്ടുപോകുവാന്‍ കഴിയാത്ത അവസ്ഥയില്‍ ഇന്ത്യന്‍ കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥരായ ഫൈസല്‍, രാജ്കുമാര്‍, നദീം അഹമ്മദ് തുടങ്ങിയവരുടെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് തത്ലീസ് സിസിഡബ്ളിയുഎ മെംബറും സാമൂഹിക പ്രവര്‍ത്തകനുമായ നാസര്‍ മാങ്കാവിനെ കേസിന്റെ കാര്യങ്ങള്‍ ഏറ്റെടുപ്പിച്ചതെന്ന് ക്ളിന്റ് വ്യക്തമാക്കി.

തുടര്‍ന്ന് നാസര്‍ മാങ്കാവ് കേസ് ഏറ്റെടുക്കുകയും ഗവണ്‍മെന്റ് ജോലിയുള്ള സ്വദേശിയായ സൈദ് അലി സലൂലി യുടെ വക്കാലത്തില്‍ ഫാലഹ് അല്‍ ഖഹ്ത്താനി ഖമീസ് മുശയ്ത്ത് കോടതിയില്‍ നിന്ന് സ്വന്തം ഉത്തരവാദിത്വത്തില്‍ ക്ളിന്റ് ആന്‍ ജോസിനെ നാട്ടിലേക്ക് വിടാനും തുടര്‍ന്ന് കേസ് നടത്തിക്കൊണ്ടുപോകാനുമുള്ള സമ്മത പത്രം ലഭിച്ചു സൈദ് അലി സലൂലി.ഫാലഹ് അല്‍ ഖഹ്ത്താനിയുടെ ശ്രമ ഫലമായി എക്സിറ്റ് ലഭിക്കുകയും സൌദി എയര്‍ ലൈന്‍സ് വഴി നാട്ടില്‍ എത്തുകയും ചെയ്തു.

തന്നെ സഹായിച്ച ഫൈസല്‍, രാജ് കുമാര്‍, നദീം അഹമെദ് തത്ലീസ് മലയാളി സമാജം അബു ഫഹദ്,ഡോ. സാമി സൈദ്,അലി സലൂലി,ഫാലഹ് അല്‍ ഖഹ്ത്താനി, തന്റെ സഹ പ്രവര്‍ത്തകര്‍, തനിക്ക് ടിക്കറ്റുതന്നു സഹായിച്ച സിസ്റര്‍ ജാന്‍സിയും സഹപ്രവര്‍ത്തകരും, ഇബ്രാഹിം പട്ടാമ്പി, നാസര്‍ മാങ്കാവ് ,ഫ്രാന്‍സിസ് നിലമ്പൂര്‍ അസീറിലെ മാധ്യമ പ്രവര്‍ത്തകര്‍ തുടങ്ങിയ എല്ലാവര്‍ക്കും ക്ളിന്റ് ആന്‍ ജോസ് നന്ദി പറഞ്ഞു.

ജൂബിലി ഓഡിറ്റോറിയത്തില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ ക്ളിന്റ് ആന്‍ ജോസ്, ഫാലഹ് അല്‍ ഖഹ്ത്താനി, നാസര്‍ മാങ്കാവ് എന്നിവര്‍ പങ്കെടുത്തു.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം