ബജറ്റ് സംഭവം; വിവിധ പ്രവാസി സംഘടനകള്‍ പ്രതിഷേധിച്ചു
Saturday, March 14, 2015 8:39 AM IST
ജിദ്ദ: സ്വേച്ഛാധിപത്യ ഭരണാധികാരികളെപ്പോലും നാണിപ്പിക്കുന്ന ധാര്‍ഷ്ട്യം പ്രകടിപ്പിച്ച് അഴിമതി നടത്തിയ ധനമന്ത്രിയെക്കൊണ്ടു തന്നെ ബജറ്റ് അവതരിപ്പിച്ചേ അടങ്ങൂ എന്ന വാശി കാണിച്ച മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ് നിയമസഭയിലുണ്ടായ അനിഷ്ട സംഭവങ്ങള്‍ക്ക് പൂര്‍ണ ഉത്തരവാദിയെന്നും അക്രമങ്ങള്‍ക്ക് തുടക്കമിട്ടത് ഭരണപക്ഷമാണെന്നും നവോദയ റിയാദ് കുറ്റപ്പെടുത്തി.

പ്രതിപക്ഷ സമരത്തില്‍ അസഹിഷ്ണുത പ്രകടിപ്പിച്ച് സഭക്ക് അകത്തും പുറത്തും യുഡിഎഫ് സര്‍ക്കാര്‍ നടത്തിയ അക്രമങ്ങള്‍ക്കെതിരെ സ്ത്രീകളായ എംഎല്‍എ മാരെ പോലും അക്രമിച്ച ഭരണപക്ഷ കാടത്തത്തിനെതിരെ നവോദയ കേന്ദ്ര കമ്മിറ്റി ശക്തമായി പ്രതിഷേധിക്കുകയും കെ.എം മാണിക്കെതിരെ എല്‍ഡിഎഫ് പ്രഖ്യാപിച്ച സമരങ്ങളോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയും ചെയ്യുന്നതായി നവോദയ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

നിയമസഭയിലെ ആഭാസങ്ങള്‍ ജനാധിപത്യത്തിനേറ്റ മുറിവ്

കേരള നിയമസഭയില്‍ അരങ്ങേറിയ ജനാധിപത്യ വിരുദ്ധസമരങ്ങളും അക്രമങ്ങളും ഇന്ത്യന്‍ ജനാധിപത്യത്തിനേറ്റ വലിയ മുറിവാണെന്നും ഇതിനെതിരെ ശക്തമായി പ്രതിഷേധിക്കുന്നതായും റിയാദ് തൃശൂര്‍ ജില്ലാ ഒഐസിസി പറഞ്ഞു. സ്പീക്കറുടെ ഡയസ് കൈയേറുകയും സ്പീക്കറെ കൃതനിര്‍വഹണത്തിനു അനുവദിക്കാതെ തടഞ്ഞു വയ്ക്കുകയും ചെയ്തത് ന്യായീകരിക്കാനാവില്ല. വനിതാ എംഎല്‍എമാര്‍ അടക്കം എല്‍ഡിഎഫ് അംഗങ്ങള്‍ നിയമസഭക്കകത്ത് പെരുമാറിയത് മര്യാദയില്ലാതെയാണ്. ഇതിനെതിരെ ശക്തമായ നടപടി എടുക്കണമെന്ന് ഒഐസിസി ആവശ്യപ്പെട്ടു.

ബജറ്റ് അവതരണം തടസപ്പെടുത്തിയ പ്രതിപക്ഷ രീതി പ്രതിഷേധാര്‍ഹം

നിയമസഭയില്‍ ബജറ്റ് അവതരണം തടസപ്പെടുത്തുകയും പൊതുമുതല്‍ നശിപ്പിക്കുകയും ചെയ്ത പ്രതിപക്ഷത്തിന്റെ സമരരീതി കാടത്തമാണെന്നും അതിനെതിരെ പ്രതിഷേധിക്കുന്നതായും ഇന്ത്യന്‍ സോഷ്യല്‍ ഫോറം പറഞ്ഞു. ഇത്തരം ആളുകളെ ഇനിയും തെരഞ്ഞെടുക്കണോ എന്ന് കേരളത്തിലെ ജനം ഒരിക്കല്‍ കൂടി ചിന്തിക്കണമെന്നും ഇങ്ങനെ പോയാല്‍ ജനാധിപത്യത്തിന്റെ അവസ്ഥ എന്താകുമെന്ന് കേരളം ചര്‍ച്ച ചെയ്യണമെന്നും ഐഎസ്എഫ് ആവശ്യപ്പെട്ടു. അഴിമതി നടത്തിയിട്ടുണ്െടങ്കില്‍ മാണിക്കെതിരെ ജനാധിപത്യ രീതിയില്‍ പ്രതിഷേധിക്കാം. അത് അഴിഞ്ഞാട്ടമാകരുത്. ബജറ്റിന്റെ നന്‍മ തിന്‍മകള്‍ ചര്‍ച്ച ചെയ്യാതെ ബാലിശമായ കാര്യങ്ങള്‍ക്ക് വേണ്ടി സമയം ചെലവഴിക്കുകയും പൊതുജനങ്ങളുടെ നികുത്തിപ്പണം ഉപയോഗിച്ച് നിര്‍മിച്ച പൊതുമുതല്‍ നശിപ്പിക്കുകയും ചെയ്യുന്നവര്‍ക്കെതിരെ നടപടി വേണമെന്നും വാര്‍ത്താക്കുറിപ്പില്‍ ഐഎസ്എഫ് ആവശ്യപ്പെട്ടു.

ജനാധിപത്യത്തിനു നേരെയുള്ള വെല്ലുവിളി

ജനാധിപത്യത്തിന്റെ ശ്രീകോവിലില്‍ കയറി സംഹാര താണ്ഡവമാടിയ പ്രതിപക്ഷ എംഎല്‍എ മാരുടെ കിരാത നടപടി ജനാധിപത്യത്തിനു നേരെയുള്ള ധിക്കാരമാണെന്നും ഇതിനെതിരെ കേരള ജനത ഒറ്റക്കെട്ടായി പ്രതിഷേധിക്കണമെന്നും റിയാദ് കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി ആവശ്യപ്പെട്ടു. കേരള ചരിത്രത്തില്‍ കേട്ടുകേള്‍വി പോലുമില്ലാത്തതാണ് സ്പീക്കറുടെ ഡയസ് തല്ലിത്തകര്‍ക്കുകയും സ്പീക്കറെ തടഞ്ഞു വെക്കുകയും ചെയ്ത നടപടി. നിയമസഭക്കകത്ത് ഗുണ്ടാവിളയാട്ടം നടത്തിയ പ്രതിപക്ഷ എംഎല്‍എമാര്‍ക്കെതിരെ മുഖം നോക്കാതെ നടപടി എടുക്കണമെന്നും ഇനിയും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുകയില്ലെന്ന് ഉറപ്പു വരുത്തണമെന്നും കെഎംസിസി വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍