'100 ഡെയ്സ് ഓഫ് ലൌ' മാര്‍ച്ച് 28,29 തിയതികളില്‍ വിയന്നയില്‍
Saturday, March 14, 2015 2:37 AM IST
വിയന്ന: പ്രശസ്ത സംവിധായകന്‍ കമലിന്റെ മകന്‍ ജനൂസ് മുഹമ്മദ് സ്വതന്ത്ര സംവിധായകനാകുന്ന 'ഹണ്‍ഡ്രഡ് ഡെയ്സ് ഓഫ് ലൌ' വിയന്നയില്‍ പ്രദര്‍ശനത്തിനെത്തുന്നു. ഒരു മുഴുനീള പ്രണയകഥയായ ഈ ചിത്രത്തില്‍ യുവതാരനിരയിലെ ശ്രദ്ധേയ സാന്നിദ്ധ്യം ദുല്‍ഖറും നിത്യമേനോനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

പൂര്‍ണമായും ബംഗളൂരുവിന്റെ പശ്ചാത്തലത്തില്‍ നടക്കുന്നൊരു മനോഹരമായ പ്രണയകഥയാണിത്. ശേഖര്‍ മേനോന്‍, പ്രവീണ, വിനീത്, രാഹുല്‍ മാധവ്, അജു വര്‍ഗീസ്, ജേക്കബ് ഗ്രിഗറി തുടങ്ങിയ പ്രമുഖതാരങ്ങളും അഭിനയിക്കുന്നുണ്ട്. തൈകൂടം ബ്രിഡ്ജിന്റെ താരം ഗോവിന്ദ് മേനോന്റേതാണ് ഈണങ്ങള്‍.

മാര്‍ച്ച് 28ന് (ശനി) ഉച്ച കഴിഞ്ഞു രണ്ടിനും, വൈകിട്ട് 6.30നും, 29ന് (ഞായര്‍) ഉച്ചകഴിഞ്ഞ് രണ്ടിനും വൈകിട്ട് ഏഴിനുമാണ് നാല് പ്രദര്‍ശനങ്ങളാണ് ക്രമീകരിച്ചിരിക്കുന്നത്. ടിക്കറ്റുകള്‍ ഓണ്‍ലൈനില്‍ (വു://ംംം.ാലഴമുഹലഃ.മ/)
ബുക്ക് ചെയ്യാവുന്നതാണ്. സിനിമയ്ക്ക് വരുന്നവര്‍ക്ക് മൂന്നു മണിക്കൂര്‍ പാര്‍ക്കിംഗ് സൌകര്യം സൌജന്യമായിരിക്കും. വിശദവിവരങ്ങള്‍ക്ക് ഘോഷ് അഞ്ചേരില്‍: 069911320561.

റിപ്പോര്‍ട്ട്:ജോബി ആന്റണി