ഫിലാഡല്‍ഫിയ സിറിയന്‍ ക്രിസ്ത്യന്‍ കണ്‍വന്‍ഷന്‍ 20,21 തീയതികളില്‍
Saturday, March 14, 2015 2:35 AM IST
ഫിലാഡല്‍ഫിയ: സിറിയന്‍ ക്രിസ്ത്യന്‍ കണ്‍വന്‍ഷന്‍ മാര്‍ച്ച് 20,21 തീയതികളില്‍ സെന്റ് പീറ്റേഴ്സ് സിറിയക് കത്തീഡ്രലില്‍ നടക്കും. സെന്റ് പോള്‍സ് സിറിയന്‍ ഓര്‍ത്തഡോക്സ് പള്ളി, സെന്റ് മേരീസ് ക്നാനായ പള്ളി എന്നീ ഇടവകകളുടെ സംയുക്താഭിമുഖ്യത്തിലാണ് കണ്‍വന്‍ഷന്‍ നടക്കുന്നത്.

വര്‍ഷം തോറും നടക്കുന്ന കണ്‍വന്‍ഷനില്‍ ഈവര്‍ഷത്തെ മുഖ്യ പ്രഭാഷകന്‍ അഭി. ഡോ. കുര്യാക്കോസ് മാര്‍ തിയോഫിലോസ് മെത്രാപ്പോലീത്തയാണ്. മികച്ച പ്രഭാഷകനും, അനുഗ്രഹീത സുവിശേഷ പ്രാസംഗികനുമായ അഭിവന്ദ്യ തിരുമേനി സിറിയന്‍ ഓര്‍ത്തഡോക്സ് സഭയുടെ റെസിഡന്റ് ബിഷപ്പും, സഭയുടെ മീഡിയ സെല്‍ ചെയര്‍മാനുമാണ്. ജര്‍മനിയിലെ പ്രശസ്തമായ റീഗന്‍സ് ബര്‍ഗ് യൂണിവേഴ്സിറ്റിയില്‍ നിന്ന് വേദശാസ്ത്രത്തില്‍ ഡോക്ടറേറ്റ് നേടിയ തിരുമേനി ജര്‍മന്‍, ലാറ്റിന്‍ ഭാഷകളില്‍ പ്രാവീണ്യം നേടിയിട്ടുണ്ട്. റോമന്‍ കത്തോലിക്കാ സഭയുടേയും മലങ്കര സുറിയാനി സഭയുടെ ഡയലോഗ് കമ്മീഷനില്‍ 1994 മുതല്‍ പ്രവര്‍ത്തിക്കുന്ന തിരുമേനിയുടെ വിനയം നിറഞ്ഞ പെരുമാറ്റം ആരേയും ആകര്‍ഷിക്കും. എറണാകുളത്തിനടുത്ത് ഊരമനയാണ് സ്വദേശം.

വെള്ളിയാഴ്ചത്തെ വചന പ്രഘോഷണം നടത്തുന്ന റവ.ഫാ. ആദായി ജേക്കബ് കോര്‍എപ്പിസ്കോപ്പ മലങ്കര സിറിയന്‍ ഓര്‍ത്തഡോക്സ് സഭ തിയോളജിക്കല്‍ സെമിനാരി പ്രിന്‍സിപ്പലാണ്.

റവ.ഫാ. ജോയി ജോണ്‍ (പ്രസിഡന്റ്), റവ.ഫാ. ജോസ് ദാനിയേല്‍, റവ.ഫാ. ഇ.എം ഏബ്രഹാം, റവ.ഡോ. പോള്‍ പറമ്പത്ത്, റവ.ഫാ. ചാക്കോ പുന്നൂസ് എന്നീ വൈദീകര്‍ കണ്‍വന്‍ഷന് നേതൃത്വം നല്‍കുന്നതോടൊപ്പം ഏലിയാസ് (സെക്രട്ടറി), ഷെവ. വര്‍ഗീസ് പറമ്പത്ത് (ട്രഷറര്‍) എന്നിവരും പ്രവര്‍ത്തിക്കുന്നു.

വെള്ളിയാഴ്ച 6.15-ന് കണ്‍വന്‍ഷന്‍ ആരംഭിക്കും. സന്ധ്യാ പ്രാര്‍ത്ഥനയെ തുടര്‍ന്ന് അഭിവന്ദ്യ തിരുമേനിയുടെ ഉദ്ഘാടന പ്രസംഗം, ആദായി കോര്‍എപ്പിസ്കോപ്പയുടെ വചന പ്രഘോഷണം എന്നിവ നടക്കും. ശനിയാഴ്ച വൈകുന്നേരം ആറിന് സന്ധ്യാപ്രാര്‍ത്ഥന, അഭിവന്ദ്യ തിയോഫിലോസ് തിരുമേനിയുടെ വചനപ്രഘോഷണം എന്നിവ നടക്കും. ഗായകസംഘം ഭക്തിനിര്‍ഭമായ ഗാനങ്ങള്‍ ആലപിക്കുന്നതാണ്. എല്ലാവരേയും സുവിശേഷ യോഗത്തിലേക്ക് സ്വാഗതം ചെയ്യുന്നു. ജോബി ജോര്‍ജ് അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം