അഞ്ചാംപനി തര്‍ക്കം: ജര്‍മന്‍ ഡോക്ടര്‍ക്ക് ഒരു ലക്ഷം യൂറോ സമ്മാനം
Friday, March 13, 2015 8:07 AM IST
ബര്‍ലിന്‍: ഡോക്ടര്‍ക്ക് ബയോളജിസ്റ് ഒരു ലക്ഷം യൂറോ നല്‍കാന്‍ കോടതി വിധിച്ചു. പ്രതിരോധമരുന്നില്‍ സംശയാലുവായ ബയോളജിസ്റ്, അഞ്ചാം പനി വൈറസ് എന്നൊന്നില്ലെന്നു സ്ഥാപിക്കാനായിരുന്നു ശ്രമിച്ചത്. ഇത് ഉണ്ടെന്നു തെളിയിക്കുന്നവര്‍ക്ക് ഒരു ലക്ഷം യൂറോ സമ്മാനം നല്‍കുമെന്നറിയിച്ച് നോട്ടീസും പുറപ്പെടുവിച്ചിരുന്നു.

സ്റീഫന്‍ ലങ്ക എന്ന ബയോളജിസ്റ് ഇന്റര്‍നെറ്റിലൂടെ പ്രസിദ്ധീകരിച്ച നോട്ടീസിനോടു പ്രതികരിച്ച ഡോ. ഡേവിഡ് ബാര്‍ഡന്‍സ്, ആ സമയത്ത് പ്രസിദ്ധീകരിച്ച, അഞ്ചാം പനിയെക്കുറിച്ചുള്ള ഒരു പഠന റിപ്പോര്‍ട്ട് ഇ-മെയില്‍ ചെയ്തു കൊടുക്കുകയായിരുന്നു.

എന്നാല്‍, തെളിവു കിട്ടിയിട്ടും വാഗ്ദാനം ചെയ്ത തുക നല്‍കാന്‍ ലങ്ക വിസമ്മതിച്ചു. തന്റെ നോട്ടീസിലെ എല്ലാ മാനദണ്ഡങ്ങളും പാലിക്കപ്പെട്ടില്ലെന്നായിരുന്നു ഇയാളുടെ വാദം. ഇതേത്തുടര്‍ന്നാണു ഡോക്ടര്‍ കോടതിയെ സമീപിച്ചതും അനുകൂല വിധിയുണ്ടായതും.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍