യൂണിവേഴ്സിറ്റി റാങ്കിംഗില്‍ ല്യുവൈന്‍ കത്തോലിക്കാ യൂണിവേഴ്സിറ്റി ടോപ് സിക്സ്റിയില്‍
Friday, March 13, 2015 8:06 AM IST
ല്യൂവന്‍: ബെല്‍ജിയത്തിലെ ല്യൂവെന്‍ കത്തോലിക്കാ യൂണിവേഴ്സിറ്റി (കെയു ല്യൂവന്‍) ലോകത്തെ ഏറ്റവും മികച്ച യൂണിവേഴ്സിറ്റികളുടെ പട്ടികയിലെ ആദ്യ അറുപതില്‍ ഇടം നേടി.

കഴിഞ്ഞ വര്‍ഷത്തെ പട്ടികയില്‍ ആദ്യ എഴുപതില്‍നിന്നു തലനാരിഴയ്ക്കു പുറത്തായിരുന്ന യൂണിവേഴ്സിറ്റി വലിയ നേട്ടമാണ് ഈ വര്‍ഷം സ്വന്തമാക്കിയിരിക്കുന്നത്.

ആദ്യ അമ്പത് സ്ഥാനത്തെത്തുന്നവര്‍ക്കു മാത്രമാണു പ്രത്യേകം റാങ്കിംഗ് നല്‍കുന്നത്. അതിനുശേഷം പത്തു വീതമുള്ള സെക്ഷനുകളായി തിരിക്കുകയാണ് ചെയ്തിരിക്കുന്നത്. ഇവിടെ നിരവധി മലയാളി വൈദികര്‍ വര്‍ഷംതോറും ഉപരിപഠനം നടത്തി നല്ലനിലയില്‍ വിജയം നേടുന്നുണ്ട്.

അതേസമയം ജര്‍മന്‍ യൂണിവേഴ്സിറ്റികളുടെ ആഗോള റാങ്കിംഗില്‍ ഇടിവുണ്ടായി. ജര്‍മന്‍ യൂണിവേഴ്സിറ്റികളില്‍ അറുപതു ശതമാനത്തിലേറെയും കഴിഞ്ഞ വര്‍ഷത്തേതിനെ അപേക്ഷിച്ച് ആഗോള റാങ്കിംഗില്‍ പിന്നാക്കം പോയതായിട്ടാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടിലെ വെളിപ്പെടുത്തലുകള്‍. ലോകത്ത് ഏറ്റവും മികച്ച അമ്പത് യൂണിവേഴ്സിറ്റികളില്‍ ജര്‍മനിയില്‍നിന്ന് ഇപ്പോഴുള്ളത് ഒരെണ്ണം മാത്രം.

ക്യുഎസ് റാങ്കിംഗ് പ്രകാരം ഇപ്പോള്‍ ജര്‍മനിയിലെ ഏറ്റവും മികച്ച യൂണിവേഴ്സിറ്റി ഹൈഡല്‍ബര്‍ഗിലെ റൂപ്രെറ്റ് കാള്‍സ് യൂണിവേഴ്സിറ്റിയാണ്. എന്നാല്‍, ആഗോള റാങ്കിംഗില്‍ നാല്‍പ്പൊമ്പതാം സ്ഥാനം മാത്രമാണിതിനുള്ളത്. മ്യൂണിക്കിലെ ലുഡ്വിക് മാക്സിമില്യന്‍ യൂണിവേഴ്സിറ്റിയും ടെക്നിക്കല്‍ യൂണിവേഴ്സിറ്റിയുമാണ് ജര്‍മനിയിലെ തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍. ആഗോള റാങ്കിംഗിലെ ആദ്യ നൂറിനുള്ളിലുള്ള ജര്‍മന്‍ യൂണിവേഴ്സിറ്റികള്‍ ഇവ മൂന്നെണ്ണം മാത്രം.

ആദ്യ ആറു റാങ്കിനുള്ളില്‍ ബ്രിട്ടനില്‍നിന്നുള്ള നാലു യൂണിവേഴ്സിറ്റികള്‍ ഇടം നേടിയിരിക്കുന്നു. ആദ്യ പത്തില്‍ ആറെണ്ണം യുഎസില്‍നിന്നാണ്. അതേസമയം, ആദ്യ ഇരുനൂറ് യൂണിവേഴ്സിറ്റികളുടെ കണക്കെടുത്താല്‍, യുഎസിനും ബ്രിട്ടനും പിന്നില്‍ പതിമൂന്ന് യൂണിവേഴ്സിറ്റികളുമായി മൂന്നാം സ്ഥാനം ജര്‍മനിക്കാണ്.

ജര്‍മനിയിലെ ഡ്രെസ്ഡന്‍ ടെക്നിക്കല്‍ യൂണിവേഴ്സിറ്റിയുടെ റാങ്കിംഗ് 28 പടിയും ലൈപ്സയഷ് യൂണിവേഴ്സിറ്റിയുടേത് 22 പടിയും ഉയര്‍ന്നതു രാജ്യത്തിന് അഭിമാനിക്കാന്‍ വക നല്‍കുന്നു. യൂറോപ്പിലെ യൂണിവേഴ്സിറ്റികള്‍ മാത്രം പരിഗണിക്കുമ്പോള്‍ സൂറിച്ചിലെ ഇടിഎച്ചും ഇപിഎഫ്എലും ഏറ്റവും മുന്‍പന്തിയിലാണ്. എന്നാല്‍, ഇന്ത്യയില്‍നിന്ന് ഒരു യൂണിവേഴ്സിറ്റി പോലും റാങ്കിംഗില്‍ ഉള്‍പ്പെട്ടിട്ടില്ല എന്നതും ഒരു വിചിത്രം.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍