മാര്‍ക്ക് സെമിനാറില്‍ റിക്കാര്‍ഡ് പങ്കാളിത്തം
Friday, March 13, 2015 8:05 AM IST
ന്യൂയോര്‍ക്ക്: 124 റെസ്പിരേറ്ററി കെയര്‍ പ്രഫഷണലുകളുടെ പങ്കാളിത്തത്തോടുകൂടി മാര്‍ച്ച് ഏഴിന് (ശനി) നടന്ന മാര്‍ക്കിന്റെ തുടര്‍ വിദ്യാഭ്യാസ സെമിനാര്‍ സംഘടനയുടെ തൊപ്പിയില്‍ മറ്റൊരു പൊന്‍തൂവല്‍ ചാര്‍ത്തി. ഇതര വംശജരായ റെസ്പിരേറ്ററി കെയര്‍ പ്രഫഷണലുകള്‍ക്കിടയില്‍ വര്‍ധിച്ചുവരുന്ന സംഘനയ്ക്കുള്ള അംഗീകാരത്തിന്റേയും മതിപ്പിന്റേയും അടയാളംകൂടിയായിരുന്നു ഈ റിക്കാര്‍ഡ് സെമിനാര്‍ പങ്കാളിത്തം.

രാവിലെ എട്ടിനു പ്രസിഡന്റ് സ്കറിയാക്കുട്ടി തോമസ് നടത്തിയ സ്വാഗത പ്രസംഗത്തോടുകൂടി സെമിനാറിനു തുടക്കമായി. തന്റെ സ്വാഗതപ്രസംഗത്തില്‍, റെസ്പിരേറ്ററി കെയര്‍ ലൈസന്‍സ് ആക്ട് പുതുക്കുന്നതിനായി ഇല്ലിനോയി അസംബ്ളിയുടെ പരിഗണനയിലുള്ള എച്ച്ബി 408 പാസാകേണ്ടതിന്റെ പ്രാധാന്യം പ്രസിഡന്റ് എടുത്തുപറഞ്ഞു. അതിനായി ഇല്ലിനോയിയിലെ ഓരോ റെസ്പിരേറ്ററി കെയര്‍ പ്രഫഷണലുകളും തങ്ങളുടെ നിയമസഭാ സാമാജികരുമായി ബന്ധപ്പെടണമെന്ന് അദ്ദേഹം അറിയിച്ചു.

തുടര്‍ന്നു ഷിജി അലക്സ്, കെരന്‍ മാറ്റിംഗലി, നാന്‍സി മാര്‍ഷല്‍, പൌളാ ലൂസിയര്‍ എന്നിവര്‍ യഥാക്രമം 'വിഷ്വണറി ലീഡര്‍ഷിപ്പ്', 'അഡള്‍ട്ട് ട്രക്ക് കെയര്‍', 'പീഡിയാട്രിക് ട്രക്ക് കെയര്‍', 'റെസ്പിരേറ്ററി കെയര്‍ ഇന്‍ ചൈന' എന്നീ വിഷയങ്ങളെ ആസ്പദമാക്കി ക്ളാസുകള്‍ എടുത്തു. ക്ളാസുകള്‍ എല്ലാം ഉന്നത നിലവാരം പുലര്‍ത്തുകയും പുതിയ അറിവുകള്‍ പകരുന്നതുമായിരുന്നു.

സെമിനാറിലേക്കുള്ള രജിസ്ട്രേഷന്‍ രാവിലെ 7.30-ന് ആരംഭിച്ചു. ട്രഷറര്‍ സാം തുണ്ടിയില്‍, ജോയിന്റ് ട്രഷറര്‍ സണ്ണി കൊട്ടുകാപ്പള്ളി, എഡ്യൂക്കേഷന്‍ കോഓര്‍ഡിനേറ്റര്‍ റെജിമോന്‍ ജേക്കബ്, ഷാജന്‍ വര്‍ഗീസ്, സമയാ ജോര്‍ജ് എന്നിവര്‍ രജിസ്ട്രേഷനു നേതൃത്വം നല്‍കി. സ്കറിയാക്കുട്ടി തോമസ്, സനീഷ് ജോര്‍ജ്, വിജയന്‍ വിന്‍സെന്റ്, മറിയാമ്മ ജോര്‍ജ് എന്നിവര്‍ പ്രഭാഷകരെ സദസിനു പരിചയപ്പെടുത്തി. വൈസ് പ്രസിഡന്റ് ഫാ. ഹാം ജോസഫ്, ജോ. സെക്രട്ടറി മാക്സ് ജോയി, ഓര്‍ഗനൈസിംഗ് സെക്രട്ടറി ജോമോന്‍ മാത്യു, റന്‍ജി വര്‍ഗീസ്, രാമചന്ദ്രന്‍ ഞാറക്കാട്ടില്‍ എന്നിവര്‍ സെമിനാറിന്റെ നടത്തിപ്പിന്റെ ചുമതല വഹിച്ചു.

സെക്രട്ടറി വിജയന്‍ വിന്‍സെന്റ് അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം