ലോക്കറില്‍നിന്നു സ്വര്‍ണം നഷ്ടപ്പെട്ടു; ഇന്ത്യന്‍ കുടുംബം ബാങ്കിനെതിരേ നിയമനടപടികളിലേക്ക്
Friday, March 13, 2015 6:19 AM IST
ഫ്രിമോണ്ട് (കാലിഫോര്‍ണിയ): പാരമ്പര്യമായി ലഭിച്ച സ്വര്‍ണാഭരണങ്ങളും വിലപിടിച്ച രേഖകളും സൂക്ഷിച്ചിരുന്ന ബാങ്ക് ലോക്കര്‍ തുറന്നു കവര്‍ച്ച നടത്തിയ സംഭവത്തില്‍ ബാങ്കിന്റെ മുന്‍ ഓപ്പറേഷന്‍ മാനേജരെ പ്രതിചേര്‍ത്ത് ഇന്ത്യന്‍ അമേരിക്കന്‍ വ്യാപാരി നൂപര്‍ സേത്തി നഷ്ടപരിഹാരത്തിനു കോടതിയില്‍ ലോ സ്യൂട്ട് ഫയല്‍ ചെയ്തു.

വിവാഹത്തിനു ലഭിച്ച സ്വര്‍ണാഭരണങ്ങളും കുടുംബാംഗങ്ങള്‍ പാരമ്പര്യമായി കൈമാറിയിരുന്ന സ്വര്‍ണാഭരണങ്ങളും ഫോട്ടോയും സിഡികളും വിലപിടിപ്പുളള രേഖകളുമാണ് ലോക്കറില്‍നിന്നു നഷ്ടപ്പെട്ടത്. ഒരു ലക്ഷം ഡോളര്‍ വിലമതിക്കുന്നതാണു നഷ്ടപ്പെട്ട വസ്തുക്കള്‍.

ജനന സര്‍ട്ടിഫിക്കറ്റ്, നേച്വറൈലൈസേഷന്‍ റിക്കാര്‍ഡുകള്‍, സോഷ്യല്‍ സെക്യൂരിറ്റി കാര്‍ഡുകള്‍ എന്നിവയും നഷ്ടപ്പെട്ടതില്‍ ഉള്‍പ്പെടുന്നു.

ഫ്രിമോണ്ട് ഡെക്കോട്ട റോഡിലുളള ഫ്രീമോണ്ട് ബാങ്കിലെ ലോക്കറിലാണു കവര്‍ച്ച നടന്നത്. 2,00,000 ഡോളര്‍ നഷ്ടപരിഹാരം നല്‍കണമെന്നാവശ്യപ്പെട്ടു. ഫെബ്രുവരി അവസാനവാരം സമര്‍പ്പിച്ച കേസ് നവംബറില്‍ വിചാരണയ്ക്കെടുക്കും.

കുടുംബാംഗങ്ങള്‍ ഇന്ത്യയില്‍ പോയ വിവരം അറിയാവുന്ന ബാങ്ക് ഉദ്യോഗസ്ഥനാണ് കളവു നടത്തിയതെന്നാണു സേത്തി പറയുന്നത്. സംഭവത്തില്‍ ഉള്‍പ്പെട്ടിട്ടുണ്െടന്നു കരുതുന്ന ജീവനക്കാരനെ ബാങ്ക് ഇതിനകം പിരിച്ചു വിട്ടിരുന്നു.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍