കാലിഫോര്‍ണിയായിലെ വീസാ ക്യാമ്പ് വന്‍ വിജയം
Friday, March 13, 2015 6:19 AM IST
നോര്‍വാക്ക് (കാലിഫോര്‍ണിയ): അമേരിക്കയുടെ വിവിധ സംസ്ഥാനങ്ങളില്‍ പ്രധാന കേന്ദ്രങ്ങളില്‍ ഇന്ത്യന്‍ കോണ്‍സുലേറ്റു നടത്തിവരുന്ന വീസാ ക്യാമ്പ് വീണ്ടും സജീവമായി.

കുറച്ചു വര്‍ഷങ്ങളുടെ ഇടവേളയ്ക്കുശേഷം ആദ്യമായി സാന്‍ഫ്രാന്‍സിസകോ നോര്‍വാക്കില്‍ ഇന്ത്യന്‍ കോണ്‍സുലേറ്റ് ഗ്ളോബല്‍ ഓര്‍ഗനൈസേഷന്‍ ഓഫ് പീപ്പിള്‍ ഓഫ് ഇന്ത്യന്‍ ഒറിജിന്‍ എന്ന സംഘടനയുമായി സഹകരിച്ചാണു മാര്‍ച്ച് ഏഴിനു(ശനി) വീസാ ക്യാമ്പ് സംഘടിപ്പിച്ചത്.

സംഘടനാ നേതാക്കള്‍ തുടര്‍ച്ചയായി അപേക്ഷകള്‍ സമര്‍പ്പിക്കുകയും ചര്‍ച്ചകള്‍ നടത്തിയുമാണ് ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ വെങ്കിടേശന്‍ അശോക് ക്യാമ്പ് സംഘടിപ്പിക്കുന്നതിനു അനുമതി നല്‍കിയത്.

ഒസിഐ, വീസ വിതരണ ചുമതല ഏല്‍പ്പിച്ചിരിക്കുന്ന കോക്സ് ആന്‍ഡ് കിംഗ്സ് ഗ്ളോബല്‍ സര്‍വീസ് ഉദ്യോഗസ്ഥരാണ് അപേക്ഷകള്‍ സ്വീകരിച്ചിരുന്നത്.

ഇരുനൂറോളം ജനങ്ങള്‍ വിവിധ സ്ഥലങ്ങളില്‍നിന്ന് അപേക്ഷ സമര്‍പ്പിക്കുവാന്‍ എത്തിച്ചേര്‍ന്നിരുന്നു. രാവിലെ 7.30ന് ആരംഭിച്ച ക്യാമ്പ് ഉച്ചകഴിഞ്ഞ് 2.30ന് അവസാനിച്ചു.

കാലിഫോര്‍ണിയായില്‍ തുടങ്ങിയ വീസാ ക്യാമ്പ് രാജ്യത്തിന്റെ വിവിധ കേന്ദ്രങ്ങളില്‍ സംഘടിപ്പിക്കുന്നത് പ്രവാസി ഇന്ത്യക്കാര്‍ക്ക് വളരെ പ്രയോജനകരമാണ്.

സാമൂഹ്യ-സാംസ്കാരിക-സംഘടനാ നേതാക്കള്‍ ഇത്തരം വീസാ ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നതിന് ഇന്ത്യന്‍ കോണ്‍സലേറ്റില്‍ സമ്മര്‍ദം ചെലുത്തുകയും സഹകരണം നല്‍കുകയും ചെയ്താല്‍ ഇടക്കാലത്ത് നിര്‍ത്തി വച്ച വീസാ ക്യാമ്പുകള്‍ പുനരാരംഭിക്കുവാന്‍ കഴിയും.

നോര്‍വാക്കില്‍ നടന്ന വീസ ക്യാമ്പ് സംഘടിപ്പിക്കുന്നതിന് ഇന്ദര്‍ സിംഗ്, ദിലീപ്, ഭണ്ഡാരി, രാജീന്ദര്‍, രമേഷ്, ജെയ്നായിക് തുടങ്ങിയ ജിഒപിഐഒ നേതാക്കള്‍ നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍