ഫോക്കസ് മക്ക സംഘടിപ്പിച്ച യൂത്ത് നൈറ്റ് ശ്രദ്ധേയമായി
Friday, March 13, 2015 6:15 AM IST
മക്ക: സമൂഹത്തില്‍നിന്ന് അറ്റുപോകുന്ന സ്നേഹബന്ധങ്ങളെ ഊട്ടിയുറപ്പിക്കുകയും മനസുകള്‍ക്കു നവോന്മേഷം നല്‍കുകയും ചെയ്യുന്ന വൈവിധ്യവും ആവേശകരവുമായ കലാ-കായിക മത്സരങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടു ഫോക്കസ് മക്ക സംഘടിപ്പിച്ച 'യൂത്ത് നൈറ്റ് 15' പ്രവാസിസമൂഹത്തില്‍ ശ്രദ്ധേയമായി. ബഷീര്‍ പുത്തനത്താണി യൂത്ത് നൈറ്റ് പ്രോഗ്രാം നിയന്ത്രിച്ചു.

പ്രവാസജീവിതത്തിലെ തിരക്കിനിടയില്‍ കലുഷിതമായ മനസുകള്‍ക്കു കുളിര്‍മയും സന്തോഷവും പകരാന്‍ ഇത്തരം പരിപാടികള്‍ അനിവാര്യമാണെന്നു ഫോക്കസ് മക്കാ ഉപദേശക സമിതി ചെയര്‍മാന്‍ സുള്‍ഫിക്കര്‍ നമാസി പറഞ്ഞു.

ഫോക്കസ് മക്കയുടെ ലക്ഷ്യവും പ്രവര്‍ത്തനവും വിശകലനം ചെയ്ത് ഷബീര്‍ അന്‍സാരി വിഷയാവതരണം നടത്തി. ജാബിര്‍ വടകര സ്വാഗതവും അബ്ദുള്‍ ജബാര്‍ തെയ്യാന്‍ നന്ദിയും രേഖപ്പെടുത്തി.

വിവിധ കലാ-കായിക മത്സരങ്ങള്‍ ഷാഹിദ് പെരിന്തല്‍മണ്ണ, ആദില്‍ സലാം, നാസിര്‍ ചെമ്പന്‍ എന്നിവരുടെ നേതൃത്വത്തില്‍ ശ്രദ്ധേയമായി. സ്ത്രീകളുടെ കലാ കായിക പരിപാടികള്‍ സമീഹ ആലിക്കല്‍, സഹല അബ്ദുള്‍ ജബാര്‍, ഫരീദ കാസിം, സാറ ഇസ്ഹാഖ് എന്നിവര്‍ ചേര്‍ന്നു നിയന്ത്രിച്ചു.

റിപ്പോര്‍ട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂര്‍