ഇടം സാംസ്കാരികവേദി നാടകചര്‍ച്ച മാര്‍ച്ച് 13ന്
Thursday, March 12, 2015 8:20 AM IST
റിയാദ്: ഇടം സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തില്‍ അടുത്ത ഒരു ബെല്ലോടുകൂടി നാടക ചര്‍ച്ച ആരംഭിക്കുന്നതാണ് എന്ന ശീര്‍ഷകത്തില്‍ സമകാലീന ഇന്ത്യന്‍ നാടകങ്ങളെക്കുറിച്ച് വിശിഷ്യാ മലയാള നാടകങ്ങളെക്കുറിച്ച് ചര്‍ച്ച സംഘടിപ്പിക്കുന്നു.

ബത്ഹയിലെ ശിഷ അല്‍ ജസീറ ഓഡിറ്റോറിയത്തില്‍ മാര്‍ച്ച് 13നു(വെള്ളി) വൈകുന്നേരം അഞ്ചിന് ആരംഭിക്കുന്ന ചര്‍ച്ചയില്‍ മനുഷ്യ സംസ്കൃതിയില്‍ നാടകം രംഗപ്രവേശം ചെയ്ത കാലത്തെക്കുറിച്ചും മാനവരാശിയുടെ കാലങ്ങളിലൂടെയുള്ള ഗതിവിഗതികളില്‍ വേഷപ്പകര്‍ച്ചയോടെ ഒപ്പം നടന്ന രംഗകലയെക്കുറിച്ചും നാടിന്റെ അകങ്ങളെ ഉണര്‍ത്തിയ ജനകീയ വേദികളെക്കുറിച്ചും വെളിച്ചം തെളിച്ചും ശബ്ദം കേള്‍പ്പിച്ചും നാടകം തട്ടിയുണര്‍ത്തിയ മനുഷ്യബോധത്തെക്കുറിച്ചും അരങ്ങും അണിയറയും വേര്‍പെടാതെ പാത്രത്തെ സ്വത്വമാക്കിയും വേദിയെ വീടാക്കിയും കര്‍ട്ടണിട്ട് മറഞ്ഞ കലാജീവിതങ്ങളെക്കുറിച്ചും നാടും നഗരവും നാഗരികതകളും താണ്ടി നടനം തുടരുന്ന തിയേറ്റര്‍ കലയെക്കുറിച്ചും എല്ലാറ്റിലുമുപരി കേരളത്തിന്റെ ആധുനിക പൊതുമണ്ഡലം രൂപപ്പെടുത്തിയതില്‍ നാടകങ്ങള്‍ വഹിച്ച പങ്കിനെക്കുറിച്ചുമാണു സംവാദം നടക്കുകയെന്നു സംഘാടകര്‍ അറിയിച്ചു.

ജനചന്ദ്രന്‍ നെരുവമ്പ്രമാണു വിഷയായവതരണം നടത്തുന്നത്. നാടകത്തെക്കുറിച്ച് അറിവും അനുഭവങ്ങളുമുള്ള വ്യക്തികള്‍ അവ പങ്കു വയ്ക്കും. റിയാദിലെ നാടകാസ്വാദകരായ മലയാളികള്‍ക്കു പുതിയ അനുഭവം പ്രധാനം ചെയ്യുന്ന ഈ പരിപാടിയിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി പ്രസിഡന്റ് ഇഖ്ബാല്‍ കൊടുങ്ങല്ലൂര്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: 0502709695, 0556011929, 0536268112.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍