കേരള ക്രിക്കറ്റ് ലീഗ് ഏപ്രില്‍ 18 ന്
Thursday, March 12, 2015 6:36 AM IST
ന്യൂയോര്‍ക്ക്: മലയാളി ക്രിക്കറ്റ് പ്രേമികളില്‍ ആവേശമുണര്‍ത്തി ആദ്യമായി കേരള ക്രിക്കറ്റ് ലീഗ് നിലവില്‍ വന്നു. കെസിഎല്‍ യുഎസ്എയുടെ ആദ്യ മീറ്റിംഗും ലോഗോ പ്രകാശനവും ആദ്യ സീസണ്‍ നടത്തിപ്പിനുള്ള ഭാരവാഹികളുടെ തെരഞ്ഞെടുപ്പും ഫെബ്രുവരി എട്ടിനു ന്യൂയോര്‍ക്കിലെ ക്വീന്‍സില്‍ നടന്നു.

ഏപ്രില്‍ 25നാണ് ഈ വര്‍ഷത്തെ സീസണ്‍ ലീഗ് ആരംഭിക്കുന്നത്. അതിനു മുന്നോടിയായി ഏപ്രില്‍ 18ന് ഉദ്ഘാടനമത്സരത്തില്‍ കലാ-കായിക രംഗത്തെ പ്രമുഖ വ്യക്തികള്‍ പങ്കെടുക്കും.

അമേരിക്കന്‍ മലയാളികളുടെ ചരിത്രത്തില്‍ ആദ്യമായിട്ടാണു പൂര്‍ണമായും മലയാളികളെ മാത്രം ഉള്‍ക്കൊള്ളിച്ചുകൊണ്ടു ക്രിക്കറ്റ് ലീഗ് വരുന്നത്. വരും വര്‍ഷങ്ങളില്‍ ലീഗ് മത്സരങ്ങള്‍ അമേരിക്കയുടെ വിവിധ ഭാഗങ്ങളില്‍ നടത്താന്‍ കെസിഎല്‍ യുഎസ്എ പദ്ധതി ഇടുന്നു.

അമേരിക്കയിലെ വിവിധ സ്റേറ്റുകളിലെ പ്രമുഖ ക്രിക്കറ്റ് ടീമുകള്‍ പങ്കെടുക്കുന്ന 2015 ലീഗ് മത്സരങ്ങള്‍ ട്രൈസ്റേറ്റ് മേഖലയിലെ പ്രധാന ടീമുകള്‍ സംയുക്തമായാണു നടത്തുന്നത്. നടത്തിപ്പിനായി വിവിധ ടീമുകളുടെ സംയുക്തമായ കമ്മിറ്റിയും രൂപീകരിച്ചു.

പ്രസിഡന്റായി ജിന്‍സ് ജോസഫ് (ടീം പാക്കേര്‍ഴ്സ്), വൈസ് പ്രസിഡന്റായി ആശിഷ് തോമസ് (ടീം മില്ലിനിയം), സെക്രട്ടറിയായി സാബിന്‍ ജേക്കബ് (ടീം ഫ്ളേമിംഗ് ടൈഗേഴ്സ്), ജോയിന്റ് സെക്രട്ടറിയായി ജോസ് ജോസഫ് (ടീം പാക്കേര്‍ഴ്സ്), ട്രഷററായി ഷൈജു ജോസ് (ടീം സ്ട്രൈക്കേര്‍സ്), ജോയിന്റ് ട്രഷററായി ക്രിസ്റോ ഏബ്രഹാം (ടീം കിംഗ്സ്) എന്നിവരേയും ഗെയിം കോഓര്‍ഡിനേറ്റര്‍മാരായി സ്വരൂപ് (ടീം ടസ്കേഴ്സ്), അരുണ്‍ ജോണ്‍ തോമസ് (ടീം ഫ്ളേമിംഗ് ടൈഗേഴ്സ്) എന്നിവരേയും തെരഞ്ഞെടുത്തു. ജോജോ കൊട്ടാരക്കര (ടീം സ്ട്രൈക്കേഴ്സ്), ജസ്റിന്‍ ജോസഫ് (ടീം മില്ലിനിയം) എന്നിവരാണ് പിആര്‍ഒ മാര്‍.

ഏപ്രില്‍ 18നു നടക്കുന്ന ഉദ്ഘാടനമത്സരത്തിലും തുടര്‍ന്നു ഏപ്രില്‍ 25ന് ആരംഭിക്കുന്ന സീസണ്‍ ലീഗ് മത്സരങ്ങളിലും പങ്കെടുക്കുന്നതിന് എല്ലാ മലയാളികളെയും സ്വാഗതം ചെയുന്നതായി പിആര്‍ഒ ജോജോ കൊട്ടാരക്കര പത്രക്കുറിപ്പില്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ജോജോ കൊട്ടാരക്കര 3474650457.

റിപ്പോര്‍ട്ട്: ജോസഫ് ഇടിക്കുള