'മലയാളം മിഷന്‍ പ്രവര്‍ത്തനങ്ങള്‍ക്കു സര്‍ക്കാര്‍ സഹായം ലഭ്യമാക്കണം'
Wednesday, March 11, 2015 8:19 AM IST
ന്യൂഡല്‍ഹി: പ്രവാസികളുടെ പുതുതലമുറയ്ക്കു മലയാള ഭാഷ അന്യമാകാതിരിക്കാന്‍ സര്‍ക്കാര്‍ രൂപവത്കരിച്ച മലയാളം മിഷന്റെ ഡല്‍ഹിയിലെ പ്രവര്‍ത്തനം കൂടുതല്‍ മികവുറ്റ രീതിയിലാകണമെന്നും അതിനായി സര്‍ക്കാരിന്റെ കൂടുതല്‍ സഹായങ്ങള്‍ ആവശ്യമാണെന്നും ഡല്‍ഹി മലയാളം മിഷന്റെ പുതിയ സെക്രട്ടറി എം.സി. അരവിന്ദന്‍ അഭിപ്രായപ്പെട്ടു.

മലയാളം മിഷന്റെ ആഭിമുഖ്യത്തില്‍ കഴിഞ്ഞ അധ്യയന വര്‍ഷം കേരള സര്‍ക്കാര്‍ നടത്തിയ പരീക്ഷകളില്‍ വിജയിച്ച കുട്ടികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

ഇംഗ്ളീഷ് ഭാഷയുടെ അതിപ്രസരത്തില്‍ മലയാളം അടക്കമുള്ള പ്രാദേശിക ഭാഷകള്‍ കടുത്ത അവഗണനയാണു നേരിടുന്നത്. കേരളത്തിനകത്തും പുറത്തും മലയാള ഭാഷ നിലനില്‍പ്പിനായി വലിയ വെല്ലുവിളികളാണു നേരിട്ടുകൊണ്ടിരിക്കുന്നത്. ഭാഷ പഠനകേന്ദ്രങ്ങള്‍ക്കായി സര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായം ഇതുവസര ലഭിച്ചിട്ടില്ല.

സംഘടനകളുടെയും പ്രതിഫലമില്ലാതെ പഠിപ്പിക്കുന്ന അധ്യാപകരുടെയും സഹായത്താലാണു ഡല്‍ഹിയിസല പഠനകേന്ദ്രങ്ങള്‍ നിലനില്‍ക്കുന്നത്.

കോഴ്സുകള്‍ക്കാവശ്യമായ പുസ്തകങ്ങള്‍ നല്‍കുക എന്നതില്‍ മാത്രം സര്‍ക്കാര്‍ സഹായം ചുരുങ്ങിപ്പോയതായി അദ്ദേഹം അഭിപ്രായപ്പെട്ടു.

ഭാഷാ പഠനപ്രവര്‍ത്തനം കൂടുതല്‍ ആളുകളിലേക്കെത്തിക്കുകയെന്നതു ഡല്‍ഹി മലയാളം മിഷന്റെ പുതിയ വര്‍ക്കിംഗ് കമ്മിറ്റിയുടെ പ്രഥമ പരിഗണനകളിലൊന്നാണെന്നും നിലവില്‍ പഠനകേന്ദ്രങ്ങള്‍ ഇല്ലാത്ത മേഖലകളില്‍ പഠനകേന്ദ്രങ്ങള്‍ ആരംഭിക്കുന്നതിനായി കൂടുതല്‍ സംഘടനകള്‍ മുന്നോട്ടു വരണമെന്നും എം.സി. അരവിന്ദന്‍ അഭിപ്രായപ്പെട്ടു.

മലായളം മിഷന്റെ ആഭിമുഖ്യത്തില്‍ ഞായറാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് ഡിഎംഎ ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ തെക്കന്‍ ഡല്‍ഹി, തെക്ക് കിഴക്കന്‍ ഡില്‍ഹി മേഖലയിലെ കുട്ടികളുടെ സര്‍ട്ടിഫിക്കറ്റുകളാണ് വിതരണം ചെയ്തത്. മലയാളം മിഷന്‍ വൈസ് പ്രസിഡന്റ് ഒ. ഷാജികുമാര്‍ അധ്യക്ഷത വഹിച്ചു. ഡിഎംഎ ജനറല്‍ സെക്രട്ടറി സി. ചന്ദ്രന്‍ സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു. ചടങ്ങില്‍ മേഖല കോഓര്‍ഡിനേറ്റര്‍മാരായ എസ്.ആര്‍. അഭിലാഷ്, സുജ രാജേന്ദ്രന്‍ എന്നിവരും പങ്കെടുത്തു.

റിപ്പോര്‍ട്ട്: റെജി നെല്ലിക്കുന്നത്ത്