വിദ്യാഭ്യാസവായ്പാ നിയമങ്ങള്‍ ഉദാരവത്കരിക്കുന്ന ഉത്തരവില്‍ ഒബാമ ഒപ്പുവച്ചു
Wednesday, March 11, 2015 6:19 AM IST
വാഷിംഗ്ടണ്‍ ഡിസി: അമേരിക്കയിലെ മുഴുവന്‍ കോളജ്വിദ്യാര്‍ഥികള്‍ക്കും പ്രയോജനകരമായ വിദ്യാഭ്യാസ വായ്പാ തിരിച്ചടയ്ക്കല്‍ നിയമങ്ങള്‍ ഉദാരവത്കരിക്കുന്ന എക്സിക്യൂട്ടീവ് ഉത്തരവില്‍ പ്രസിഡന്റ് ഒബാമ ഒപ്പുവച്ചു.

സ്റുഡന്റ് എയ്ഡ് ബില്‍ ഓഫ് റൈറ്റ്സ് എന്ന ബില്‍ നിയമമാകുന്നതോടെ കോളജ് വിദ്യാഭ്യാസം പൂര്‍ത്തീകരിക്കുന്നതിന് ആയിരക്കണക്കിനു ഡോളര്‍ വിദ്യാഭ്യാസ വായ്പ വാങ്ങിയവര്‍ക്ക് അതു തിരിച്ചടയ്ക്കുന്നതിനുള്ള ഭാരം ലഘൂകരിക്കപ്പെടുമെന്ന് ഒബാമ പറഞ്ഞു.

വിദ്യാഭ്യാസ വായ്പ ആവശ്യമുള്ള വിദ്യാര്‍ഥികള്‍ക്കു ഫെഡറല്‍ ഏജന്‍സികള്‍വഴി വായ്പ ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് ഒബാമ അഭ്യര്‍ഥിച്ചു.

വിദ്യാഭ്യാസ ലോണ്‍ നല്‍കുന്നതിലും തിരിച്ചടയ്ക്കുന്നതിലും സ്വകാര്യ ലെന്‍ഡേഴ്സ് വിദ്യാര്‍ഥികളെ ചൂഷണം ചെയ്യാതിരിക്കണമെങ്കില്‍ ഫെഡറല്‍ ഏജന്‍സികള്‍ അവരുടെ ഉത്തരവാദിത്വം നിര്‍വഹിക്കാന്‍ മുന്നോട്ടുവരണമെന്നും പ്രസിഡന്റ് പറഞ്ഞു.

അറ്റ്ലാന്റയിലെ ജോര്‍ജിയ ടെക് വിദ്യാര്‍ഥികളെ അഭിസംബോധന ചെയ്യുന്നതിനിടയില്‍ ഒബാമ നടത്തിയ പ്രഖ്യാപനം ആയിരക്കണക്കിനു വിദ്യര്‍ഥികള്‍ ഹര്‍ഷാരവത്തോടെയാണു സ്വീകരിച്ചത്.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍