മസ്കറ്റ് മലയാളീസ് ഫേസ്ബുക്ക് കൂട്ടായ്മ മൂന്നാം വര്‍ഷത്തിലേക്ക് 
Wednesday, March 11, 2015 6:18 AM IST
മസ്കറ്റ്: ഒമാനിലെ ഏറ്റവും കൂടുതല്‍ മലയാളികള്‍ അംഗങ്ങളായ ഫേസ്ബുക്ക് കൂട്ടായ്മയായ 'മസ്കറ്റ് മലയാളീസ്' മൂന്നാം വര്‍ഷത്തിലേക്കു കടക്കുന്നു. സസ്നേഹം മസ്കറ്റ് മലയാളീസ് എന്ന പേരില്‍ സംഗീത പരിപാടി ഒരുക്കിയാണു മൂന്നാം വാര്‍ഷികം ആഘോഷിക്കുന്നത്.

പ്രവാസി ജീവിതത്തിന്റെ തിരക്കുകള്‍ക്കിടയിലും തങ്ങളുടെ കഴിവുകള്‍ പ്രോല്‍സാഹിപ്പിക്കാന്‍ സമയം കണ്െടത്തുന്ന ഒമാനിലെ കലാകാരന്മാരെ പ്രോല്‍സാഹിപ്പിക്കുകയാണു പരിപാടിയുടെ മുഖ്യലക്ഷ്യം.

മാര്‍ച്ച് 13നു(വെള്ളി) വൈകുന്നേരം ആറു മുതല്‍ അല്‍ ഫലാജ് ഹോട്ടലിലെ ഗ്രാന്‍ഡ്ഹാളിലാണ് പരിപാടിയെന്ന് ഗ്രൂപ്പ് അഡ്മിനായ രാകേഷ് വായ്പൂര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 

2012ല്‍ രാകേഷിന്റെ നേതൃത്വത്തില്‍ തുടക്കമിട്ട ഗ്രൂപ്പില്‍ ജാതി,മത,രാഷ്ട്രീയ ഭേദമില്ലാതെ ഒരേ മനസോടെ പ്രവര്‍ത്തിക്കുന്ന 13,000ത്തിലധികം അംഗങ്ങളാണ് ഉള്ളത്. പ്രവാസിമലയാളി സുഹൃത്തുകളെ ഒരു കുടക്കീഴില്‍ കൊണ്ടുവന്ന് അവര്‍ക്കുവേണ്ട സഹായ സഹകരണങ്ങള്‍, സാമ്പത്തികസഹായങ്ങള്‍, രക്തദാനം അടക്കം ജീവന്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍, ജോലിസാധ്യതകള്‍, നിയമസംബന്ധമായ അറിവുകള്‍, വനിതാവേദി, സ്നേഹസംഗമങ്ങള്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ ഗ്രൂപ്പ് നടത്തിവരുന്നുണ്ട്.

സ്ഥാനമാനങ്ങളില്ലാതെ ഒരുകൂട്ടം നല്ല മനസുള്ളവരുടെ പ്രവര്‍ത്തനസംഗമ വേദിയാണ് എന്നതാണു മസ്കറ്റ് മലയാളീസിന്റെ ഏറ്റവും വലിയ പ്രത്യേകത. 

ഡസേര്‍ട്ട് ടെക്നോളജിയാണു പരിപാടിയുടെ സംഘാടകര്‍. സംഗീത പരിപാടിക്കൊപ്പം കോമഡി സ്കിറ്റ്, സിനിമാറ്റിക് ഡാന്‍സ് തുടങ്ങിയ പരിപാടികളുമുണ്ടാകും.

സൌജന്യ പാസിനായി 94361049, 96941481, 91181028, 97445257, 95073922 എന്നീ നമ്പരുകളില്‍ ബന്ധപ്പെടുക.