ഗീതാമണ്ഡലം ചോറ്റാനിക്കര മകംതൊഴലും ആറ്റുകാല്‍ പൊങ്കാലയും ആചരിച്ചു
Wednesday, March 11, 2015 4:48 AM IST
ഷിക്കാഗോ: ഗീതാമണ്ഡലം ആസ്ഥാനത്തു നടന്ന വിശ്വപ്രസിദ്ധമായ ചോറ്റാനിക്കര മകംതൊഴലും ആറ്റുകാല്‍ പൊങ്കാലയും ഭക്തജനങ്ങള്‍ക്കു സായൂജ്യമായി. പത്തുമാസം ഇടതടവില്ലാതെ ഗീതാമണ്ഡലത്തിലെ ഭക്തജനങ്ങള്‍ അര്‍പിച്ചുവന്ന മഹാലക്ഷ്മി സഹസ്രനാമ യജ്ഞത്തിന്റെ പരിസമാപ്തിയും അന്നുതന്നെ നടന്നതു ഭക്തര്‍ക്കു മറ്റൊരു വരദാനവുമായി. മഹാലക്ഷ്മിയുടെ ആയിരം പുണ്യനാമങ്ങള്‍ എട്ടുലക്ഷത്തോളം തവണയാണ് ഈ കാലയളവില്‍ ഭക്തജനങ്ങള്‍ ഉരുവിട്ടത്. ലളിതസഹസ്രനാമ പരിസമാപ്തി ദിവസംതന്നെയാണ് മുഖ്യതന്ത്രി ലക്ഷ്മി നാരായണന്‍ കേരളപുരത്തിന്റെ കാര്‍മികത്വത്തില്‍ ക്ഷേത്രാചാര അനുഷ്ടാനങ്ങള്‍ക്കനുസരിച്ചുള്ള ചോറ്റാനിക്കര മകം തൊഴലും പൊങ്കാല അര്‍പ്പണവും നടന്നത്. ഭക്തജനങ്ങളുടെ നിറസാന്നിദ്ധ്യം പൂജകള്‍ക്കുമിഴിവേകി.

ആറ്റുകാല്‍ ഭഗവതി ക്ഷേത്രത്തില്‍ കുംഭമാസത്തില്‍ നടത്തിവരുന്ന പത്തുദിന ആഘോഷങ്ങളുടെ ഒമ്പതാം നാളായ പൂരം നക്ഷത്രത്തിലാണു പൊങ്കാല അര്‍പ്പിക്കുന്നത്. അതേദിവസം തന്നെയാണു ഗീതാമണ്ഡലത്തില്‍ സ്വപാനത്തിനു സമീപം ഒരുക്കിയ പണ്ടാര അടുപ്പില്‍ ആചാര അനുഷ്ഠാനങ്ങള്‍ക്കനുസരിച്ച് മുഖ്യ തന്ത്രി ദീപം തെളിച്ചത്. അരി, ശര്‍ക്കര, നെയ്യ് , മുന്തിരി, തേങ്ങ തുടങ്ങിയ നേര്‍ച്ചവസ്തുക്കള്‍ വേവിച്ചു കണ്ണകിദേവിയുടെ പ്രീതിക്കായി സമര്‍പ്പിക്കുകയാണ് പോങ്കലയാഘോഷത്തിന്റെ ചടങ്ങ്. ദേവീ ഭക്തര്‍ കൊണ്ടുവരുന്ന കാഴ്ച പദാര്‍ഥങ്ങള്‍ പാത്രത്തിലൊരുക്കി തന്ത്രികള്‍തന്നെയാണു പണ്ടാരഅടുപ്പില്‍നിന്നു തിരിതെളിച്ച് എല്ലാ അടുപ്പിലേക്കും പകര്‍ന്നത്. വായ്ക്കുരവയും ആര്‍പ്പുവിളികള്‍ക്കുമൊപ്പം കലങ്ങളില്‍ പൊങ്കാല നൈവേദ്യം തിളച്ച് പൊങ്ങിയപ്പോള്‍ ഷിക്കാഗോയിലെ മലയാളി ഭക്തജനങ്ങള്‍ പൊങ്കാലയുടെ സായൂജ്യം നുകരുകയായിരുന്നു.

ചോറ്റാനിക്കര ക്ഷേത്രത്തിലെ പ്രസിദ്ധമായ മകംതൊഴല്‍ ചടങ്ങും ഗീതാമണ്ഡലത്തില്‍ നടന്നു. കുംഭമാസത്തിലെ രോഹിണി നാളില്‍ ഉത്സവത്തിനു കൊടിയേറി ഒന്‍പതു ദിവസത്തെ ഉത്സവത്തിന്റെ ഏഴാം നാളിലാണു പ്രശസ്തമായ മകംതൊഴല്‍. കുംഭമാസത്തിലെ മകം നാളില്‍ മിഥുനലഗ്നത്തില്‍ സര്‍വ്വാലങ്കാരവിഭൂഷിതയായി പരാശക്തി വില്വമംഗലം സ്വാമിയാര്‍ക്ക് വിശ്വരൂപദര്‍ശനം നല്‍കി എന്നതാണ് ഐതീഹ്യം. ഈ പുണ്യ മുഹൂര്‍ത്തത്തെ അനുസ്മരിച്ചുകൊണ്ടാണു മകം തൊഴല്‍ ആഘോഷിക്കുന്നത്. അന്നു ദേവിയെ കാണാന്‍ സാധിക്കുന്നതു പരമപുണ്യമായാണു കരുതുന്നത്.

ഷിക്കാഗോയിലെ മലയാളികള്‍ ആദ്യമായാണ് ഇത്തരത്തിലുള്ള പൊങ്കാല ആഘോഷത്തിനും മകംതൊഴലിനും സാക്ഷിയാകുന്നത്. യുഎസിലെ ഏറ്റവും ശീതമേഖലയായ ഷിക്കാഗോയിലെ കൊടുംതണുപ്പിനെ അവഗണിച്ചാണു ഭക്തജനങ്ങള്‍ ഗീതാമണ്ഡലം ആസ്ഥാനത്ത് എത്തിച്ചേര്‍ന്നത്. പ്രത്യേക സജ്ജീകരണങ്ങളോടെ ക്ഷേത്രാങ്കണ സമാനമായ ഗീതാമണ്ഡലം ആസ്ഥാനത്തില്‍ പൊങ്കാലയിടുന്നതിനുള്ള സൌകര്യങ്ങള്‍ ഒരുവെല്ലുവിളിപോലെയാണു സംഘാടകര്‍ ഒരുക്കിക്കൊടുത്തത്. മിനി നായര്‍ അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം