കേരള സമാജം ഓഫ് സൌത്ത് ഫ്ളോറിഡയുടെ പ്രവര്‍ത്തനവര്‍ഷം ഉദ്ഘാടനം നടത്തി
Tuesday, March 10, 2015 5:08 AM IST
സൌത്ത് ഫ്ളോറിഡ: കേരള സമാജത്തിന്റെ 2015-ലെ പ്രവര്‍ത്തനോദ്ഘാടനം പ്രൌഢഗംഭീരമായി നടത്തി. ഫെബ്രുവരി 28നു വൈകുന്നേരം ആറിനു റ്റാമാറാക് സിനി ഓഡിറ്റോറിയത്തില്‍ പ്രസിഡന്റ് സജി സക്കറിയയുടെ അധ്യക്ഷതയില്‍ നടന്ന സമ്മേളനത്തില്‍ സെക്രട്ടറി ഷാലറ്റ് വര്‍ഗീസിന്റെ സ്വാഗത പ്രസംഗത്തോടെ ആരംഭംകുറിച്ചു.

നിറഞ്ഞ സദസിനെ സാക്ഷിനിര്‍ത്തി കേരള സമാജം മുന്‍ പ്രസിഡന്റും, സീനിയര്‍ മെമ്പറുമായ കുഞ്ഞമ്മ കോശി ഭദ്രദീപം തെളിയിച്ച് 2015-ലെ പ്രവര്‍ത്തനങ്ങളുടെ ഔപചാരിക ഉദ്ഘാടനം നിര്‍വഹിച്ചു. ഫാ. കുര്യാക്കോസ് കുമ്പക്കീല്‍, ഫോമാ പ്രസിഡന്റ് ആനന്ദന്‍ നിരവേല്‍, മുന്‍ പ്രസിഡന്റ് ജോ ബെര്‍ണാഡ്, സജി സക്കറിയാസ് എന്നിവരും ഇതില്‍ പങ്കാളികളായി. കൂടാതെ കേരള സമാജത്തിന്റെ മുന്‍ പ്രസിഡന്റുമാരും അമേരിക്കയിലെ പ്രമുഖ മലയാളി സംഘടനകളുടെ നേതാക്കളും വേദിയില്‍ സന്നിഹിതരായിരുന്നു.

പ്രസിഡന്റ് സജി സക്കറിയാസ് 2015-ലെ കര്‍മപരിപാടികള്‍ വിശദീകരിച്ചു. ചാരിറ്റി പ്രവര്‍ത്തനങ്ങളും, ജനോപകാരപ്രദമായ അനവധി കര്‍മപദ്ധതികളുമാണു വിഭാവനം ചെയ്തിരിക്കുന്നത്. ഫോമാ പ്രസിഡന്റ് ആനന്ദന്‍ നിരവേല്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. പുതുതായി തെരഞ്ഞെടുക്കപ്പെട്ട കിഡ്സ് ക്ളബ്, യൂത്ത് കമ്മിറ്റി, വിമന്‍സ് ഫോറം എന്നിവകളുടെ ഭാരവാഹികളെയും സദസിനുപരിചയപ്പെടുത്തി.

വിഭവസമൃദ്ധമായ ഭക്ഷണത്തെത്തുടര്‍ന്ന് സൌത്ത് ഫ്ളോറിഡയിലെ കലാപ്രതിഭകള്‍ ചേര്‍ന്ന് അവതരിപ്പിച്ച കലാവിരുന്ന് ചടങ്ങിനു മാറ്റുകൂട്ടി. ശ്രവണസുന്ദര ഗാനങ്ങള്‍ കോര്‍ത്തിണക്കിയ ഗാനമേള സമ്മേളനത്തിനു കൊഴുപ്പേകി. വൈസ് പ്രസിഡന്റ് റോബിന്‍ ആന്റണി നന്ദി പ്രസംഗം നടത്തി. ഡെല്‍വിയ വാത്തിയേലില്‍ മാസ്റര്‍ ഓഫ് സെറിമണിയായിരുന്നു. ജനപങ്കാളിത്തംകൊണ്ടും കലാമേന്മകൊണ്ടും മികച്ചു നിന്ന 2015-ലെ ഉദ്ഘാടനസമ്മേളനത്തിന്റെ വിജയത്തിനായി സജി സക്കറിയാസ്, റോബിന്‍ ആന്റണി, ഷാലറ്റ് വര്‍ഗീസ്, ഷിജു കല്‍വടിക്കല്‍, ജോണറ്റ് സെബാസ്റ്യന്‍, ജോജി ജോണ്‍, ജോസ്മാന്‍ കരേടന്‍, ഡെല്‍വിയ വാത്തിയേലില്‍, സാജന്‍ മാത്യു, നോയല്‍ മാത്യു, പത്മകുമാര്‍ നായര്‍, സൈമണ്‍ വി. സൈമണ്‍, സൂരജ് ശശിധരന്‍, മത്തായി മാത്യു, ജോണ്‍സണ്‍ വാപ്പച്ചന്‍, ജിസ്മോന്‍ ജോയ്, ഷിബു ജോസഫ് തുടങ്ങിയ കമ്മിറ്റിക്കാര്‍ക്കൊപ്പം കേരള സമാജം അംഗങ്ങളും പ്രവര്‍ത്തിച്ചു. ഷിബു ജോസഫ് ഒരു വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം