തോമസ് വാതപ്പള്ളില്‍ പിഎംഎഫ് ഓസ്ട്രേലിയന്‍ കോ-ഓര്‍ഡിനേറ്റര്‍
Saturday, March 7, 2015 8:06 AM IST
മെല്‍ബോണ്‍: അന്താരാഷ്ട്ര തലത്തിലുള്ള പ്രവാസി മലയാളികളുടെ ഏക സംഘടനയായ പ്രവാസി മലയാളി ഫെഡറേഷന്‍ (പിഎംഎഫ്)ന്റെ ഓസ്ട്രേലിയന്‍ കോ-ഓര്‍ഡിനേറ്ററായി തോമസ് വാതപ്പള്ളിലിനെ തെരഞ്ഞെടുത്തതായി ഗ്ളോബല്‍ കോ-ഓര്‍ഡിനേറ്റര്‍ ജോസ് മാത്യു പനച്ചിക്കല്‍ അറിയിച്ചു.

രാഷ്ട്രീയ-സാമൂഹിക-സാംസ്കാരിക മേഖലകളില്‍ ഓസ്ട്രേലിയയില്‍ അറിയപ്പെടുന്ന തോമസ് വാതപ്പള്ളില്‍ നല്ലൊരു സംഘാടകനും വാഗ്മിയുമാണ്. ദീര്‍ഘകാലമായി മെല്‍ബണ്‍ നിവാസിയായ അദ്ദേഹം ജെആര്‍ടി ഏഷ്യന്‍ ഗ്രോസറീസ് ആന്‍ഡ് ഇന്ത്യന്‍ ടേക്കെവേ എന്ന ബിസിനസ് നടത്തുന്നു. കൂടാതെ മലയാളി അസോസിയേഷന്‍ വിക്ടോറിയ, മെല്‍ബോണ്‍ കേരള കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി, എസിഎന്‍ ഏഷ്യാ പസഫിക് ഐബിഒ, മെല്‍ബോണ്‍ സീറോ മലബാര്‍ കാത്തലിക് കമ്യൂണിറ്റി മുന്‍ ട്രസ്റി എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.

കേരളത്തില്‍ അയര്‍ക്കുന്നം കൊങ്ങാണ്ടൂരാണ് സ്വദേശം. ഭാര്യ: എല്‍സി. മക്കള്‍: ട്രെസ്ലി ആന്‍ തോമസ്, ടെറീന്‍ എലിസബത്ത് തോമസ്, ടീന്‍ മോണിക്ക തോമസ്, ടെറോണ്‍ ടോം തോമസ്.

ഓഗസ്റില്‍ തിരുവനന്തപുരത്തു നടക്കുന്ന പ്രവാസി മലയാളി കുടുംബസംഗമത്തിലേക്ക് ഓസ്ട്രേലിയയില്‍നിന്നു കഴിവതും ആളുകളെ പങ്കെടുപ്പിക്കുമെന്നും അടുത്ത രണ്ടുദിവസത്തിനകം ഓസ്ട്രേലിയന്‍ യൂണിറ്റിന്റെ തെരഞ്ഞെടുപ്പു നടത്തുമെന്നും തോമസ് വാതപ്പള്ളില്‍ പറഞ്ഞു.

പൊതുസമ്മതനും സംഘടനാപ്രവര്‍ത്തങ്ങളില്‍ മികവു തെളിയിച്ചവനുമായ തോമസ് വാതപ്പള്ളിലിനെ ആ സ്ഥാനത്തേക്കു ലഭിച്ചതു സംഘടനയുടെ ഓസ്ട്രേലിയന്‍ യൂണിറ്റിനു പുനര്‍ജീവന്‍ നല്‍കുമെന്നു ഗ്ളോബല്‍ കോ-ഓര്‍ഡിനേറ്റര്‍ ജോസ് മാത്യു പനച്ചിക്കല്‍ അഭിപ്രായപ്പെട്ടു.

ഗ്ളോബല്‍ ഡയറക്ടര്‍ബോര്‍ഡ് ചെയര്‍മാന്‍ മാത്യു മൂലേച്ചേരില്‍, ഗ്ളോബല്‍ ചെയര്‍മാന്‍ ഡോ. ജോസ് കാനാട്ട്, ഗ്ളോബല്‍ വൈസ് ചെയര്‍പേഴ്സണ്‍ ഷീല ചെറു, ഗ്ളോബല്‍ സെക്രട്ടറി ഷിബി നാരമംഗലത്ത്, ഗ്ളോബല്‍ ട്രഷറര്‍ പി.പി ചെറിയാന്‍ എന്നിവര്‍ തോമസ് വാതപ്പള്ളിലിന് ആശംസകള്‍ നേര്‍ന്നു.