ഫോമ- ഗ്രാന്‍ഡ് കാന്യന്‍ യൂണിവേഴ്സിറ്റി സഹകരണകരാര്‍ ചരിത്ര വിജയത്തിലേക്ക്
Wednesday, March 4, 2015 4:03 AM IST
മേരിലാന്റ്: 63 അംഗസംഘടനകളുള്ള അമേരിക്കയിലെ ഏറ്റവും സംഘടനയായ ഫോമയും, അരിസോണയിലെ പ്രസിദ്ധമായ ഗ്രാന്‍ഡ് കാന്യന്‍ യൂണിവേഴ്സിറ്റിയും തമ്മില്‍ 2013ല്‍ ഒപ്പുവയ്ക്കപ്പെട്ട സഹകരണ കരാര്‍ ചരിത്ര വിജയം കുറിച്ചുകൊണ്ടു ജൈത്ര യാത്ര തുടരുന്നു. കരാര്‍ ഒപ്പുവച്ചു രണ്ടു വര്‍ഷത്തിനുള്ളില്‍ത്തന്നെ രണ്ടായിരത്തിലേറെ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കുകയുണ്ടായെന്നു ഫോമാ പ്രസിഡന്റ് ആനന്ദന്‍ നിരവേലും സെക്രട്ടറി ഷാജി എഡ്വേര്‍ഡും ട്രഷറര്‍ ജോയി ആന്റണിയും ഫോമ ജിസിയു കോ-ഓര്‍ഡിനേറ്റര്‍ ബാബു തോമസ് തെക്കേക്കരയും അറിയിച്ചു. ഓരോ വിദ്യാര്‍ത്ഥിക്കും ലഭിക്കുന്ന 15% ട്യൂഷന്‍ ഇളവിലൂടെ (ഏകദേശം 3000 ഡോളര്‍) ഇതുവരെയായി അമേരിക്കയിലെ ഇന്ത്യന്‍സമൂഹത്തിനു ആറു മില്യനിലേറെ ഡോളറിന്റെ പ്രയോജനം ലഭിക്കുകയുണ്ടായി. ഇത് അമേരിക്കയിലെ ഇന്ത്യന്‍ സംഘടനകളുടെ സാമൂഹ്യസേവന പദ്ധതികളില്‍ പ്രഥമ സ്ഥാനം ഫോമാഗ്രാന്‍ഡ് കാന്യന്‍ യൂണിവേര്‍സിറ്റി സഹകരണ ലഭിക്കുന്നതിനു കാരണമായി.

കൂടാതെ ഇക്കാലയളവില്‍ ഫോമായുടെയും അംഗസംഘടനകളുടെയും വിവിധ പ്രോഗ്രാമുകള്‍ക്കായി യൂണിവേഴ്സിറ്റി അന്‍പതിനായിരത്തിലേറെ (50,000) ഡോളര്‍ സ്പോണ്‍സര്‍ഷിപ്പായി നല്കിയിട്ടുമുണ്ട്. മിക്കവാറും എല്ലാ സംഘടനകളുടെയും പരിപാടികളില്‍ യൂണിവേര്‍സിറ്റിയുടെ പ്രതിനിധികള്‍ പങ്കെടുപ്പിക്കുകയും, വിദ്യാര്‍ഥികള്‍ക്കു പ്രയോജനകരമായ വിഷയങ്ങളെക്കുറിച്ചു ക്ളാസുകളും സെമിനാറുകളും നടത്തുകയും ചെയ്യാറുണ്ട്.

ഫോമായുടെ മുന്‍ നേതാക്കളായ ബേബി ഊരാളില്‍, ബിനോയ് തോമസ്, ഷാജി എഡ്വേര്‍ഡ്, ബാബു തോമസ് തെക്കേക്കര എന്നിവര്‍ ജിസിയുയുമായി ചര്‍ച്ചകള്‍ നടത്തുകയും, പദ്ധതികള്‍ക്കു തുടക്കം കുറിക്കുകയും ചെയ്തു. പിന്നീടു വന്ന നേതാക്കളായ ജോര്‍ജ് മാത്യു, ഗ്ളാഡ്സണ്‍ വര്‍ഗീസ്, വര്‍ഗീസ് ഫിലിപ്പ് എന്നിവരുടെ നേതൃത്വത്തില്‍ കരാര്‍ ഒപ്പിട്ടു പദ്ധതി ആരംഭിക്കുകയും ചെയ്തു. ഇപ്പോള്‍ ആനന്ദന്‍ നിരവേലിന്റേയും ഷാജി എഡ്വേര്‍ഡിന്റേയും ജോയി ആന്റണിയുടേയും നേതൃത്വത്തിലുള്ള ഫോമാ കമ്മിറ്റി പൂര്‍വാധികം ഭംഗിയായി മുന്നോട്ടു കൊണ്ടുപോകുന്നു.

ഫോമാ- ഗ്രാന്‍ഡ് കാന്യന്‍ യൂണിവേര്‍സിറ്റി സഹകരണ കരാറിന്റെ തുടക്കം മുതല്‍ അതിന്റെ കോ-ഓര്‍ഡിനേറ്റര്‍ എന്ന നിലയില്‍ മേരിലാന്റില്‍ നിന്നുള്ള ബാബു തോമസ് തെക്കേക്കര തികച്ചും സൌജന്യമായി, എല്ലാവര്‍ക്കും ഉപകാരപ്രദമായ ഈ സാമൂഹിക സേവന പദ്ധതിക്കു ചുക്കാന്‍ പിടിക്കുന്നത്. കോ-ഓര്‍ഡിനേറ്റര്‍ എന്ന നിലയില്‍ ഇതുവരെയായി രണ്ടായിരത്തിലേറെ വിദ്യാര്‍ഥികളുടെ ഡിസ്കൌണ്ട് അപേക്ഷാ ഫോറം മൂല്യനിര്‍ണയം നടത്തുകയും ഫോണിലൂടെയും ഇ-മെയിലിലൂടെയും വിദ്യാര്‍ഥികള്‍ക്കു വേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ നല്കുകയും, അവരുടെ ഫോറങ്ങള്‍ കോപ്പിയെടുത്ത് അതത് പ്രാദേശികസംഘടനകളുടെ വിവരങ്ങള്‍ രേഖപ്പെടുത്തി ഒപ്പിട്ടു അവര്‍ക്ക് തിരിച്ചയയ്ക്കുകയും ചെയ്യുന്നു. ഈ പ്രോഗ്രാമിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക്: ബാബു തോമസ്: 410 740 0171.

റിപ്പോര്‍ട്ട്: വിനോദ് കൊണ്ടൂര്‍ ഡേവിഡ്